Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സര്‍ക്കാരിനെ വലിച്ചിടുമെന്ന് അമിത് ഷാ ; ഭരണം ബിജെപിയുടെ ഔദാര്യമല്ലെന്നു പിണറായി

amit-shah-pinarayi

കണ്ണൂർ ∙ ശബരിമലയിൽ സമരം ചെയ്യുന്നവരെ ഡിവൈഎഫ്ഐക്കാരെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയാൽ സർക്കാരിനെ വലിച്ചുതാഴെയിടാൻ മടിക്കില്ലെന്നും ഇതു പിണറായി സർക്കാർ ചെവി തുറന്നുകേട്ടോളൂ എന്നും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. 

കോടതികൾ നടപ്പാക്കാവുന്ന ഉത്തരവുകൾ വേണം നൽകാൻ. ഭരണഘടനയിലെ 14–ാം അനുഛേദം ഉദ്ധരിച്ചാണു ശബരിമല വിധി. മതത്തിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസിക്കാൻ 25, 26 അനുഛേദങ്ങൾ അവകാശം നൽകുന്നു. ഒരു മൗലികാവകാശത്തെ മറ്റൊരു മൗലികാവകാശം ചൂണ്ടിക്കാട്ടി എങ്ങനെ നിഷേധിക്കാനാകുമെന്ന് അമിത് ഷാ ചോദിച്ചു. 

ഒട്ടേറെ സുപ്രീം കോടതി വിധികൾ രാജ്യത്തുണ്ട്. വാരാണസിയിലെ ഷിയ–സുന്നി തർക്കം, മുസ്‌ലിം പള്ളികളിലെ ഉച്ചഭാഷിണി നിയന്ത്രണം, പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ സംബന്ധിച്ച വിധി തുടങ്ങിയവ നടപ്പാക്കാൻ സർക്കാരുകൾ മുതിർന്നിട്ടില്ല. അതിലൊന്നുമില്ലാത്ത താൽപര്യം ഇപ്പോഴെന്ത് ? ആചാരങ്ങളിൽ കൈകടത്തിയാൽ രാജ്യത്തെ ബിജെപി പ്രവർത്തകർ ഒറ്റ ശിലയായി അയ്യപ്പഭക്തർക്കൊപ്പം നിൽക്കും. കേരളത്തിൽ അടിയന്തരാവസ്ഥയേക്കാൾ ഭീകര സാഹചര്യമാണ്. അമ്മമാരെയും സഹോദരിമാരെയും അടിച്ചമർത്തുന്നു. ഈ ആവേശത്തിന്റെ നൂറിലൊന്ന് പ്രളയ ദുരിതാശ്വാസത്തിനു കാണിക്കാത്ത പിണറായി വിജയനു മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിനുവേണ്ടി പ്രധാനമന്ത്രി ഐഐടി, കഞ്ചിക്കോട് റെയിൽ ഫാക്ടറി, ദേശീയപാത വികസനം തുടങ്ങി ഒട്ടേറെ പദ്ധതികൾ അനുവദിച്ചെങ്കിലും അതിനുള്ള ഭൂമി ഏറ്റെടുത്തുനൽകാനുള്ള സമയമോ താൽപര്യമോ സർക്കാരിനില്ലെന്നും ആരോപിച്ചു.

കേരള ഭരണം ബിജെപിയുടെ ഒൗദാര്യമല്ല : പിണറായി വിജയൻ

തിരുവനന്തപുരം ∙ ഈ സർക്കാർ അധികാരത്തിലുള്ളതു ബിജെപിയുടെ ദയാദാക്ഷിണ്യം മൂലമല്ല, സംസ്ഥാനത്തെ ജനങ്ങളുടെ വിധിതീർപ്പിലൂടെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമിത് ഷായുടെ പ്രസ്താവന സംസ്ഥാന സർക്കാരിനെതിരെ എന്നതിനേക്കാളുപരി സുപ്രീം കോടതിക്കും ഭരണഘടനയ്ക്കും നിയമവ്യവസ്ഥയ്ക്കും എതിരെയുള്ളതാണെന്നും ഫെയ്സ്ബുക് പോസ്റ്റിൽ മുഖ്യമന്ത്രി പറഞ്ഞു. 

കോടതി നടപ്പാക്കാനാകുന്ന വിധി മാത്രം പറഞ്ഞാൽ മതിയെന്ന വാദം, ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങൾ നടപ്പാക്കാനുള്ളതല്ലെന്ന സന്ദേശമാണു നൽകുന്നത്.  സ്ത്രീപുരുഷ സമത്വം ക്ഷേത്രപ്രവേശനത്തിലൂടെയല്ല ഉറപ്പുവരുത്തേണ്ടതെന്ന വാദം, ജാതിവിവേചനം നിർത്തലാക്കേണ്ടതു  നിയമത്തിലൂടെയല്ല എന്ന വാദത്തിന്റെ മുന്നോടിയാണ്. 

സുപ്രീം കോടതി വിധി നടപ്പിലാക്കുന്നതിന്റെയും മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെയും പേരിലാണു  സർക്കാരിനെ താഴെയിറക്കുമെന്നു ഭീഷണിപ്പെടുത്തുന്നത്. ജനവിധി അട്ടിമറിക്കുമെന്ന സന്ദേശമാണ് അമിത് ഷാ നൽകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.