Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയുടെ വിദേശ ഷോ: എതിർപ്പുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

AMMA logo

കൊച്ചി ∙ പ്രളയപുനരധിവാസ ധനസമാഹരണത്തിനു വിദേശത്തു മെഗാ ഷോ അവതരിപ്പിക്കാനുള്ള താര സംഘടന ‘അമ്മ’യുടെ തീരുമാനത്തിനെതിരെ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ഷോയുടെ പേരിൽ ദിവസങ്ങളോളം സിനിമാ ചിത്രീകരണം മുടക്കിയാൽ അടുത്ത വിഷു വരെയുള്ള ചിത്രങ്ങളുടെ റിലീസ് ക്രമീകരണങ്ങൾ താളം തെറ്റുമെന്നു ചൂണ്ടിക്കാട്ടിയ അസോസിയേഷൻ, ചിത്രീകരണം നിർത്തിവച്ച് അഭിനേതാക്കളെ വിട്ടുനൽകാൻ പറ്റില്ലെന്നു വ്യക്തമാക്കി അമ്മയ്ക്കു കത്തു നൽകി.

ഡിസംബർ 7ന് അബുദാബിയിൽ താരനിശ സംഘടിപ്പിച്ച് 5 കോടി രൂപ സംസ്ഥാന സർക്കാരിന്റെ പ്രളയദുരിതാശ്വാസ നിധിയിലേക്കു നൽകുമെന്ന് ‘അമ്മ’ പ്രഖ്യാപിച്ചിരുന്നു. ഇതിനനുസരിച്ചു ചിത്രീകരണ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാൻ ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പ്രൊഡക്‌ഷൻ കൺട്രോളർമാർക്കു ഫോൺ സന്ദേശവും അയച്ചു. താരനിശ നടത്തുന്നതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അമ്മ പ്രസിഡന്റ് മോഹൻലാലും ജനറൽ സെക്രട്ടറി ഇടവേള ബാബുവും കത്തു മുഖേന അറിയിക്കുകയും ചെയ്തു. എന്നാൽ, ‘അമ്മ’ ഏകപക്ഷീയമായി താരനിശ നിശ്ചയിച്ചുവെന്നാണു നിർമാതാക്കളുടെ നിലപാട്.

പ്രളയംമൂലം ഓണച്ചിത്രങ്ങൾപോലും വേണ്ടവിധം റിലീസ് ചെയ്യാൻ കഴിയാതെ കോടികളുടെ നഷ്ടമാണുണ്ടായത്. പല നിർമാതാക്കൾക്കും കിടപ്പാടംപോലും നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ സാഹചര്യത്തിൽ അടുത്ത വിഷു വരെ റിലീസ് ചെയ്യേണ്ട ചിത്രങ്ങൾ ക്രമീകരിച്ചുകഴിഞ്ഞു. താരനിശയ്ക്കു വേണ്ടി ചിത്രീകരണം നിർത്തിവച്ചാൽ ക്രമീകരണങ്ങൾ പാളും. വീണ്ടും കോടികളുടെ നഷ്ടമുണ്ടാകും. മാത്രമല്ല, ദുരിതാശ്വാസ നിധിയിലേക്ക് 5 കോടി രൂപ സംഭാവന നൽകാൻ അമ്മ പോലൊരു സംഘടനയ്ക്ക് ഒരു പ്രയാസവുമില്ല. അതിനായി താരനിശ നടത്തേണ്ട കാര്യവുമില്ല.

ചിത്രീകരണ ഷെഡ്യൂൾ പുനഃക്രമീകരിക്കണമെന്നു പ്രൊഡക്‌ഷൻ കൺട്രോളർമാരോട് അമ്മ ജനറൽ സെക്രട്ടറി നേരിട്ട് ആവശ്യപ്പെട്ടതു ശരിയായില്ല. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആസ്ഥാനമന്ദിര നിർമാണത്തിനു ധനം സമാഹരിക്കാൻ താരനിശ നടത്താമെന്ന് ‘അമ്മ’ സമ്മതിച്ചിട്ടു 3 വർഷമായെങ്കിലും നടത്താതെ കബളിപ്പിക്കുകയാണ്. അമ്മയ്ക്കു തങ്ങൾ എല്ലാവിധ സഹകരണവും നൽകുന്നുണ്ടെങ്കിലും തിരികെ നിസ്സഹകരണം മാത്രമാണു ലഭിക്കുന്നതെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എം.രഞ്ജിത് അമ്മയ്ക്കു നൽകിയ കത്തിൽ പറയുന്നു.