Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷാ ശബരിമലയിലേക്ക്; മണ്ഡലകാലത്ത് സന്നിധാനത്തെത്തും

Amit Shah

തിരുവനന്തപുരം ∙ ബിജെപി പ്രസിഡന്റ് അമിത് ഷാ ഈ മണ്ഡലകാലത്തു ശബരിമലയിലെത്തും. രണ്ടു ദിവസത്തെ കേരളസന്ദർശനത്തിനു ശേഷം തിരികെ പോകുന്നതിനു മുമ്പ് സംസ്ഥാന നേതൃത്വവും ഷായും തമ്മിൽ ഇക്കാര്യം ധാരണയായി. ശബരിമലയിൽ ദർശനത്തിനെത്താമെന്നാണ് അമിത് ഷാ സമ്മതിച്ചിരിക്കുന്നത്. തീയതി നിർദേശിട്ടില്ല.

സമരരംഗത്തിറങ്ങാനുള്ള സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അതേപടി ശരിവച്ചുള്ള പ്രഖ്യാപനമാണ് അമിത് ഷാ കണ്ണൂരിൽ നടത്തിയത്. കേരളത്തിൽ വേരുറപ്പിക്കാനുള്ള രാഷ്ട്രീയവസരമായി പാർട്ടി ഇപ്പോൾ ഇതിനെ കാണുന്നു. നവംബർ എട്ടു മുതൽ 13 വരെ നടത്തുന്ന രഥയാത്രയുടെ പത്തനംതിട്ടയിലെ സമാപന സമ്മേളനത്തിൽ അമിത് ഷാ പങ്കെടുക്കണമെന്ന നിർദേശം ഉയർന്നപ്പോൾ ശബരിമലയിൽ ദർശനത്തിനു തന്നെയെത്താമെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. രഥയാത്രയുടെ സമാപനം സ്ത്രീകളുടെ റാലിയോടെയായിരിക്കും.

പ്രതിഷേധ പരിപാടികൾ എൻഡിഎയുടെ ബാനറിലായിരിക്കണമെന്ന് അമിത് ഷാ നിർദേശിച്ചു. നേതാക്കളായ പി.എസ്. ശ്രീധരൻ പിള്ള, വി. മുരളീധരൻ, പി. കെ. കൃഷ്ണദാസ്, എം.ഗണേഷ് എന്നിവർക്കൊപ്പം ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിയും ഇന്നലെ കൂടിയാലോചനകളിൽ പങ്കെടുത്തു. ശ്രീധരൻ പിള്ളയും തുഷാറും ചേർന്നുള്ള രഥയാത്രയ്ക്ക് ആ ചർച്ചയിലാണു തീരുമാനിച്ചത്.

ശിവഗിരിയിൽ വച്ച് അമിത് ഷാ ആവശ്യപ്പെട്ടിട്ടും സമരത്തിൽ സഹകരിക്കാനില്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശൻ തിരിച്ചടിച്ചതിനു തുഷാറിനെ കൂടെ നിർത്തി മറുപടി നൽകാനാണു തീരുമാനം. രഥയാത്രയ്ക്കു മുമ്പ് ന്യൂനപക്ഷ വിഭാഗത്തിലെ പ്രബലരെ സന്ദർശിച്ചു പിന്തുണ തേടാൻ ശ്രീധരൻപിള്ള ശ്രമിക്കും.

ശബരിമല കർമസമിതി, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും അമിത് ഷായെ പ്രത്യേകം സന്ദർശിച്ചു. സിപിഎം സഹയാത്രികരായിരുന്ന ഇപ്പോഴത്തെ പന്തളം കൊട്ടാരം പ്രതിനിധികൾ സംരക്ഷണം തേടി ബിജെപി പ്രസിഡന്റിനെ കാണാനെത്തിയതു നേട്ടമായി സംസ്ഥാന നേതാക്കൾ പങ്കുവയ്ക്കുന്നു. മുൻഡിജിപി: ടി.പി. സെൻകുമാർ കണ്ടുവെങ്കിലും ബിജെപിയിൽ ഔദ്യോഗികമായി ചേർന്നിട്ടില്ല. തെലങ്കാനയുടെ ചുമതലയുള്ള പി.കെ. കൃഷ്ണദാസിനൊപ്പം യുവമോർച്ചാ സമ്മേളനത്തിൽ പങ്കെടുക്കാനായി ഉച്ചയ്ക്ക് അമിത് ഷാ ഹൈദരാബാദിലേക്കു തിരിച്ചു.