Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമിത് ഷായുടെ പ്രസംഗം കോടതിക്കെതിരായ ഭീഷണി: എസ്ആർപി

SRP എസ്.രാമചന്ദ്രൻ പിള്ള

തിരുവനന്തപുരം ∙ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ കണ്ണൂരിലെ പ്രസംഗം സുപ്രീം കോടതിക്കെതിരായുള്ള ഭീഷണിയാണെന്നു സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ള. നടപ്പാക്കാനാകുന്ന വിധി മാത്രമേ പുറപ്പെടുവിക്കാവൂ എന്നാണ് അമിത് ഷാ പരസ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. അയോധ്യ, റഫാൽ, സിബിഎയിലെ സംഭവവികാസങ്ങൾ എന്നിവയെക്കുറിച്ചുള്ള കേസുകൾ സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്. ഇതിലെല്ലാം കോടതിയെ സമ്മർദത്തിലാക്കാൻ ഉദ്ദേശിച്ചുള്ള പ്രസംഗമാണ് ഷായുടേത്. ഇതു സുപ്രീം കോടതിയുടെ അധികാരത്തിന്മേലുള്ള ഇടപെടലാണ്. മതവിശ്വാസ സ്വാതന്ത്ര്യം ഭരണഘടനാ വ്യവസ്ഥകൾക്ക് അതീതമാണെന്ന അഭിപ്രായം ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കുമെതിരായ വെല്ലുവിളിയാണ് – എസ്ആർപി പറഞ്ഞു.

∙ 'അമിത് ഷാ എരിതീയിൽ എണ്ണ ഒഴിക്കുകയാണ്. സർക്കാരിനെ വലിച്ചു താഴെയിടാൻ അമിത് ഷായുടെ ആവശ്യമില്ല. കേന്ദ്രം ഓർഡിനൻസ് ഇറക്കി പ്രശ്നം  പരിഹരിക്കുമെന്ന് അമിത് ഷാ പറയുമെന്നാണു പ്രതീക്ഷിച്ചിരുന്നത്. സർക്കാരിനെ താഴെയിറക്കാൻ ജനങ്ങൾക്കറിയാം' - ഉമ്മൻ ചാണ്ടി, എഐസിസി ജനറൽ സെക്രട്ടറി

∙ 'അമിത് ഷായുടെ ഭീഷണി വിലപ്പോവില്ല. ആർഎസ്എസുമായി എൻഎസ്എസ് ഏതെങ്കിലും തരത്തിലുള്ള ബന്ധം സ്ഥാപിക്കുമെന്നു കരുതുന്നില്ല. അങ്ങനെയുണ്ടായാൽ ശാഖകളെ ആർഎസ്എസ് വിഴുങ്ങും. എസ്എൻഡിപിക്ക് അത്തരം അനുഭവമുണ്ടായതാണ് എതിർനിലപാട് സ്വീകരിക്കാൻ ജനറൽ സെക്രട്ടറിയെ പ്രേരിപ്പിച്ചത്' - കോടിയേരി ബാലകൃഷ്ണൻ, സിപിഎം സെക്രട്ടറി

∙ 'അമിത് ഷായുടെ പ്രസ്താവന ഫെഡറലിസത്തിന് എതിരാണ്. ശബരിമല വിഷയത്തിൽ ബിജെപിയെപ്പോലെ അഴിഞ്ഞാടാൻ കോൺഗ്രസിനാകില്ല' - കെ.സുധാകരൻ, കെപിസിസി വർക്കിങ് പ്രസിഡന്റ്

∙ 'ശബരിമല വിഷയത്തിൽ എസ്എൻഡിപിയും ബിജെപിയും ഒന്നാണെന്ന ബിജെപി അധ്യക്ഷൻ അമിത്ഷായുടെ പ്രഖ്യാപനം നാക്കുപിഴയാണ്. എസ്എൻഡിപി ഒരു രാഷ്ട്രീയ പാർട്ടിയല്ല. കേരളത്തിൽ ബിഡിജെഎസും ബിജെപിയും ഒന്നിച്ചല്ല. എൻഡിഎയുടെ കാര്യമായ പ്രവർത്തനവുമില്ല' - വെള്ളാപ്പള്ളി നടേശൻ, എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി

∙ 'അമിത് ഷായുടെ പ്രസംഗം ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണ്. ഇത് കോടതിയുടെ ശ്രദ്ധയിൽ വരേണ്ടതുണ്ട്' - മായാവതി, ബിഎസ്പി നേതാവ്