Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിണറായിയുടെ ഭാഷ തരംതാണത്, വെല്ലുവിളി: കണ്ണന്താനം

Alphons Kannanthanam

ന്യൂഡൽഹി ∙ പലരെയും വെട്ടിത്താഴ്ത്തിയ ഓർമയിൽ, പിണറായി വിജയൻ നടത്തുന്ന വെല്ലുവിളിയാണ് അമിത് ഷായ്ക്കെതിരായ പരാമർശമെന്നു കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. കായബലം എങ്ങനെ ഉപയോഗിക്കണമെന്നു കാണിച്ചു തരാമെന്ന വെല്ലുവിളിയാണ് അദ്ദേഹത്തിന്റേത്. പ്രധാനപ്പെട്ട ചർച്ചയെ താഴ്ത്തിക്കെട്ടാനാണ് തടിയെക്കുറിച്ചും പേശീബലത്തെക്കുറിച്ചുമെല്ലാം പറയുന്നത്. വ്യക്തിപരമായ അധിക്ഷേപം ജനാധിപത്യമൂല്യം തകർക്കും. മോശവും തരംതാണതുമായ ഭാഷയാണ് പിണറായി ഉപയോഗിച്ചെന്നും കണ്ണന്താനം കുറ്റപ്പെടുത്തി.

നരേന്ദ്ര മോദിക്കൊപ്പം ബിജെപിയെ നയിച്ചു ജയിപ്പിച്ച നേതാവാണ് അമിത് ഷാ. തടി കൊണ്ടല്ല, ബുദ്ധികൊണ്ടും ഇച്ഛാശക്തി കൊണ്ടുമാണ് അദ്ദേഹം പാർട്ടിയെ അധികാരത്തിലെത്തിച്ചത്. ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവകാശം ഉണ്ട്. ജനവികാരം മാനിക്കുന്നില്ലെങ്കിൽ സർക്കാർ താഴെ പോകുമെന്നാണ് അമിത് ഷാ പറഞ്ഞത്. ഇതിനു മറുപടി നൽകാൻ പിണറായി ഉപയോഗിച്ചത് മുഖ്യമന്ത്രിക്കു പറ്റിയ ഭാഷയല്ല. ബിജെപി പ്രവർത്തിക്കുന്നതു പേശീബലം കൊണ്ടല്ല.

സുപ്രീം കോടതി വിധി സംബന്ധിച്ചു കൂടുതൽ പ്രതികരിക്കാനില്ല. നിലപാടു പാർട്ടി വിശദമാക്കിയതാണ്. അയ്യപ്പൻ എല്ലാവരുടെയും ദൈവമാണ്. ജനവികാരം അയ്യപ്പന്റെ കൂടെയാണ്. കോടതി വിധിയുടെ പേരിൽ അവിടേക്കു പോയത് വിശ്വാസികളല്ല. കൊച്ചിയിൽ ഡിസ്കോ കളിച്ചു നടക്കുന്ന പെൺകുട്ടിയെ പോലുള്ളവരാണ് വിധി നടപ്പാക്കാനെത്തിയതെന്നും കണ്ണന്താനം പറഞ്ഞു.