Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യഥാർഥ ഭക്തർക്കു സുരക്ഷയെന്ന് സർക്കാർ; അംഗീകരിച്ച് െഹെക്കോടതി

high-court-kerala

കൊച്ചി∙ശബരിമലയിലെത്തുന്ന യഥാർഥ ഭക്തർക്കു ദർശനത്തിനു സുരക്ഷ ഒരുക്കുമെന്ന സർക്കാരിന്റെ ഉറപ്പ് അംഗീകരിച്ച് ഹൈക്കോടതി. തീർഥാടന സീസണിൽ ക്ഷേത്രത്തിന്റെ പവിത്രതയും അന്തസ്സും കാത്തുസൂക്ഷിക്കുംവിധമുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കാൻ കോടതി നിർദേശിച്ചു. പൊലീസ് സംരക്ഷണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 4 യുവതികൾ സമർപ്പിച്ച ഹർജി ജസ്റ്റിസ് പി. ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് തീർപ്പാക്കി.

വേണ്ടതെല്ലാം ചെയ്യുമെന്നും അനിഷ്ട സംഭവങ്ങളില്ലാതെ മണ്ഡല–മകരവിളക്കു കാലം മുന്നോട്ടു കൊണ്ടുപോകുമെന്നും സർക്കാർ ഉറപ്പു നൽകുന്നതിനാൽ ഹർജിക്കാരുടെ ആശങ്ക അപക്വമാണെന്നു കോടതി വിലയിരുത്തി. ഭക്തർക്കു സംരക്ഷണം നൽകാൻ തയാറാണെന്നും ആശങ്കയുള്ളവർക്കു പൊലീസിന്റെ സഹായം തേടാമെന്നും സ്റ്റേറ്റ് അറ്റോർണി അറിയിച്ചു. സുപ്രീംകോടതി ഉത്തരവനുസരിച്ച് സംരക്ഷണം ഉറപ്പാക്കുമെന്ന സർക്കാർ നിലപാട് അംഗീകരിച്ച കോടതി, സ്ത്രീ– പുരുഷഭേദമന്യെ വിശ്വാസികൾക്കു സംരക്ഷണം ലഭിക്കണമെന്നു പറഞ്ഞു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ചില സംവിധാനങ്ങൾ ഏർപ്പെടുത്തുന്നുണ്ടെന്നു സർക്കാർ അറിയിച്ചു.