Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: റോഡുകൾക്ക് 450 കോടി രൂപ കൂടി കേന്ദ്രസഹായം

Pinarayi Vijayan, Nitin Gadkari ഇവിടെ മുഖ്യം ‘സംസ്ഥാനപാത’: തലശ്ശേരിയിൽ ദേശീയപാത പദ്ധതികളുടെ ശിലാസ്ഥാപനച്ചടങ്ങിൽ പ്രസംഗിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിച്ചപ്പോൾ പ്രോട്ടോകോൾ പ്രകാരം സംസ്ഥാനത്ത് മുകളിലുള്ള മുഖ്യമന്ത്രി അവസാനമല്ലേ പ്രസംഗിക്കേണ്ടതെന്നു ചോദിക്കുന്ന കേന്ദ്രമന്ത്രി നിതിൻ ഗ‍ഡ്കരി. തുടർന്നു സീറ്റിലേക്കു മടങ്ങിയ മുഖ്യമന്ത്രി, കേന്ദ്രമന്ത്രിക്കു ശേഷമാണു പ്രസംഗിച്ചത്. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

തലശ്ശേരി ∙ പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനർനിർമാണത്തിന് 450 കോടി രൂപ കൂടി നൽകുമെന്നു കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി. ആദ്യഘട്ടത്തിൽ അനുവദിച്ച 250കോടി രൂപയ്ക്കു പുറമെയാണിത്. 603 കോടി രൂപ കൂടി അനുവദിക്കണമെന്നാണു പൊതുമരാമത്തു മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടിരുന്നത്. ദേശീയപാത അതോറിറ്റി 1,557കോടി രൂപ ചെലവിൽ സംസ്ഥാനത്തു നടപ്പാക്കുന്ന 3 പദ്ധതികളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രിക്കൊപ്പം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു നിതിൻ ഗഡ്കരി.

തലപ്പാടി മുതൽ നീലേശ്വരം വരെ ദേശീയപാത 4വരിയായി വികസിപ്പിക്കുന്നതിന് 3,000കോടി രൂപ അനുവദിക്കുമെന്നും ഗഡ്കരി പ്രഖ്യാപിച്ചു. തലപ്പാടി മുതൽ ചെങ്കള വരെയുള്ള നിർമാണത്തിന് 1,270 കോടി രൂപയും ചെങ്കള മുതൽ നീലേശ്വരം വരെയുള്ള നിർമാണത്തിന് 1,400 കോടി രൂപയും ഉൾപ്പെടെയാണിത്. മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ എതിർപ്പു മറികടന്നാണു തുക അനുവദിക്കുന്നത്. 3 മാസത്തിനകം നിർമാണം തുടങ്ങുമെന്നും ഗഡ്കരി ഉറപ്പു നൽകി.

പിണറായിക്ക് അഭിനന്ദനം; ഗഡ്കരിക്ക് നന്ദി

സ്ഥലം ഏറ്റെടുക്കലാണു കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം സ്ഥലം ഏറ്റെടുക്കൽ വേഗത്തിലായിട്ടുണ്ട്. ഗെയ്ൽ പൈപ്പ്‌ലൈൻ പദ്ധതി പൂർത്തീകരിക്കാൻ പോകുന്നത് ഇതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിയുടെ പ്രവർത്തനങ്ങളെ അഭിനന്ദിക്കുന്നതായും ഗഡ്കരി പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളാണു കേന്ദ്രവും കേരളവും ഭരിക്കുന്നതെങ്കിലും വികസനത്തിനു തുക അനുവദിക്കുന്നതിൽ കേന്ദ്രം രാഷ്ട്രീയം നോക്കാറില്ല. കേരളം സമർപ്പിക്കുന്ന വികസന പദ്ധതികൾക്ക് എല്ലാ പിന്തുണയും ഉറപ്പു നൽകുന്നതായും ഗഡ്കരി പറഞ്ഞു.

തലപ്പാടി – നീലേശ്വരം ദേശീയപാത വികസനത്തിനു തുക അനുവദിച്ചതിനു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടു മുഖ്യമന്ത്രി നന്ദി പറഞ്ഞു. തിരുവനന്തപുരം – ബേക്കൽ ദേശീയ ജലപാത പദ്ധതി സംബന്ധിച്ചു നേരത്തേ നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തിയിരുന്നു. 2020ൽ പൂർത്തിയാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതിക്ക് എല്ലാ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.

related stories