Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ച് ഉത്തരവിലും നിർദേശങ്ങളിലും ആശയക്കുഴപ്പം; ജീവനക്കാരുടെ ശമ്പളം മുടങ്ങി

Currency

തിരുവനന്തപുരം∙ പരിഷ്കരിച്ച സാലറി ചാലഞ്ച് ഉത്തരവും ധനവകുപ്പ് അവസാന നിമിഷം പുറത്തിറക്കിയ നിർദേശങ്ങളും സൃഷ്ടിച്ച ആശയക്കുഴപ്പം കാരണം സംസ്ഥാന വ്യാപകമായി സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങി. ആദ്യ ശമ്പള ദിവസമായ ഇന്നലെ 2500 ജീവനക്കാർക്കു മാത്രമാണു ശമ്പളം ലഭിച്ചത്. ഇന്നും ശമ്പളവിതരണം തടസ്സപ്പെട്ടേക്കും.

സംസ്ഥാനത്തെ 5.75 ലക്ഷം സർക്കാർ ജീവനക്കാരിൽ അധ്യാപകർ ഒഴികെയുള്ളവർക്ക് മാസത്തിലെ ആദ്യ ദിവസം തന്നെ ശമ്പളം നൽകുകയാണു പതിവ്. എന്നാൽ, ശമ്പളബിൽ സമർപ്പിക്കാൻ വൈകുന്നതിനാൽ ഒരു ലക്ഷത്തോളം പേർക്കേ ആദ്യ ദിവസം ശമ്പളം കിട്ടാറുള്ളൂ. ഇത്രയും പേർക്കു പോലും ഇന്നലെ ശമ്പളം കൈമാറാൻ കഴിയാത്തതിനു കാരണം ഉത്തരവും നിർദേശങ്ങളും സൃഷ്ടിച്ച ആശയക്കുഴപ്പവും ജീവനക്കാരിൽ നല്ലൊരു പങ്കും സാലറി ചാലഞ്ചിൽ നിന്നു പിന്മാറാൻ താൽപര്യം പ്രകടിപ്പിച്ചതുമാണ്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുറത്തിറക്കിയ പരിഷ്കരിച്ച ഉത്തരവിൽ, സാലറി ചാലഞ്ചിൽ നിന്നു പിൻവാങ്ങുന്നതിന് എന്തു ചെയ്യണമെന്നു വ്യക്തമാക്കിയിട്ടില്ല. അതേസമയം, ഒട്ടേറെ ജീവനക്കാർ ഇൗ മാസത്തെ ശമ്പളത്തിൽ നിന്നു സാലറി ചാലഞ്ചിലേക്കുള്ള രണ്ടാം ഗഡു നൽകാൻ സന്നദ്ധരല്ല എന്ന നിലപാടിലുമാണ്. ഇവരുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ ബിൽ തയാറാക്കാൻ കഴിയാത്ത അവസ്ഥയിലാണു ഡിഡിഒമാർ.

മാത്രമല്ല, ബുധനാഴ്ച ഉത്തരവിറങ്ങും മുൻപ് തയാറാക്കിയ ശമ്പള ബില്ലുകൾ റദ്ദാക്കി പുതിയതു നൽകാനായിരുന്നു ധനവകുപ്പിന്റെ ആദ്യ നിർദേശം. ഇതനുസരിച്ച് ഒട്ടേറെ ഡിഡിഒമാർ ബിൽ റദ്ദാക്കി. എന്നാൽ, തയാറാക്കിയ ബില്ലുകൾ ഉത്തരവിനു വിരുദ്ധമല്ലെങ്കിൽ റദ്ദാക്കേണ്ടതില്ലെന്നും പകരം ട്രഷറിയിൽ ഡിഡിഒമാർ സാക്ഷ്യപത്രം നൽകിയാൽ മതിയെന്നും തിരുത്തൽ നിർദേശം വന്നു. അപ്പോഴേക്കും പലരും ബില്ലുകൾ റദ്ദാക്കിക്കഴിഞ്ഞിരുന്നതിനാൽ വീണ്ടും ജോലിഭാരമായി.

സാലറി ചാലഞ്ചിൽ പങ്കെടുത്ത 89% പേരും മുൻപ് സമ്മതപത്രം നൽകിയിരുന്നു. ബാക്കി മുപ്പതിനായിരത്തോളം പേരിൽ നല്ലൊരു പങ്കും ഇപ്പോൾ ചാഞ്ചാടി നിൽക്കുകയാണ്. ഇവരിൽ‌ നിന്നു സമ്മതപത്രം വാങ്ങിയ ശേഷം മാത്രം ബിൽ തയാറാക്കിയാൽ മതിയെന്ന അനൗദ്യോഗിക നിർദേശം പല ഡിഡിഒമാർക്കും ലഭിച്ചിട്ടുണ്ട്. ഇതും ശമ്പള വിതരണം തടസ്സപ്പെടാൻ കാരണമായി.

അതേസമയം, ഒരു മാസത്തെ ശമ്പളം കുറവു ചെയ്യുന്ന അതേ മാതൃകയിൽ ജീവനക്കാർക്ക് ഇഷ്ടമുള്ള തുക സംഭാവന ചെയ്യാൻ അവസരമൊരുക്കാത്തതിനെ ചോദ്യം ചെയ്തു വീണ്ടും ഹൈക്കോടതിയെ സമീപിക്കുമെന്നു കേരള എൻജിഒ സംഘ് വ്യക്തമാക്കി.