Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റ് കേരള ഷോപ്പിങ് ഉൽസവം 15 മുതൽ

great-kerala-shopping-utsav ഗ്രേറ്റ് കേരള ഷോപ്പിങ് ഉൽസവിന്റെ ലോഗോ പ്രകാശനം നടന്‍ മമ്മൂട്ടി കൊച്ചിയിൽ നിര്‍വഹിക്കുന്നു.

കൊച്ചി ∙ സംസ്ഥാനത്തെ മുഴുവൻ മാധ്യമ സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന ഷോപ്പിങ് ഉൽസവം ‘ഗ്രേറ്റ് കേരള ഷോപ്പിങ് ഉൽസവ്’ (ജികെഎസ്‌യു) 15 മുതൽ ഡിസംബർ 16 വരെ. ചെറിയ കടകൾ മുതൽ വലിയ വാണിജ്യ സ്ഥാപനങ്ങൾ വരെ ഉൾപ്പെടുന്ന ഷോപ്പിങ് ഉൽസവത്തിൽ ഉപയോക്താക്കൾക്കു നറുക്കെടുപ്പിലൂടെ 4 കോടി രൂപയുടെ സമ്മാനങ്ങൾ ലഭിക്കും. ഒരു കോടി രൂപയുടെ ഫ്ലാറ്റാണു ബംപർ സമ്മാനം. ദിവസവും പ്രത്യേക സമ്മാനങ്ങളുണ്ടാകും. 1000 രൂപയോ അതിൽ കൂടുതലോ ചെലവിട്ടു സാധനങ്ങൾ വാങ്ങുന്നവർക്കു നറുക്കെടുപ്പിൽ പങ്കെടുക്കാം.

ജിഎസ്ടി പ്രകാരമുള്ള പർച്ചേസ് ബില്ലിന്റെ ചിത്രം ജികെഎസ്‌യു വാട്സാപ് നമ്പറിലേക്ക് അയയ്ക്കണം. മറുപടിയായി ഉപയോക്താവിന്റെ പേരും വിലാസവും മൊബൈൽ നമ്പറും ആവശ്യപ്പെട്ടുള്ള സന്ദേശം കിട്ടും. ഇതു പൂരിപ്പിച്ച് അയച്ചാൽ നറുക്കെടുപ്പിൽ പങ്കാളിയാകാം. ഗൃഹോപകരണങ്ങൾ, ഗിഫ്റ്റ് കാർഡുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, ഗിഫ്റ്റ് ഹാംപറുകൾ തുടങ്ങിയ സമ്മാനങ്ങളാണു ലഭിക്കുക. മൽസരത്തിൽ പങ്കെടുക്കാനുള്ള വാട്സാപ് നമ്പർ പിന്നീടു പ്രസിദ്ധീകരിക്കും.

പ്രളയം തളർത്തിയ കേരളത്തിന്റെ വാണിജ്യമേഖലയ്ക്ക് ഉണർവേകുകയെന്ന ലക്ഷ്യത്തോടെയാണു ജികെഎസ്‌യു സംഘടിപ്പിക്കുന്നത്. പ്രമുഖ ബ്രാൻഡുകൾ ഇക്കാലയളവിൽ ഓഫറുകൾ പ്രഖ്യാപിക്കും. ബ്രാൻഡുകൾക്കും സ്ഥാപനങ്ങൾക്കും 25 കോടി രൂപ മതിക്കുന്ന പരസ്യ സ്ഥലവും സമയവുമാണു പത്രങ്ങളും ടിവി ചനലുകളും ഓൺലൈൻ പോർട്ടലുകളും റേഡിയോ സ്റ്റേഷനുകളും നൽകുന്നത്. ജികെഎസ്‌യു ലോഗോ പ്രകാശനം നടൻ മമ്മൂട്ടി നിർവഹിച്ചു.

ഇന്ത്യൻ ന്യൂസ്‌പേപ്പർ സൊസൈറ്റി, ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫെഡറേഷൻ, അസോസിയേഷൻ ഓഫ് റേഡിയോ ഓപ്പറേറ്റേഴ്‌സ് ഓഫ് ഇന്ത്യ, കേരള മർച്ചന്റ് ചേംബർ ഓഫ് കൊമേഴ്‌സ്, ഡീലേഴ്‌സ് അസോസിയേഷൻ ഓഫ് ടിവി ആൻഡ് അപ്ലെയൻസസ്, സൂപ്പർ മാർക്കറ്റ്‌സ് അസോസിയേഷൻ ഓഫ് കേരള, റീട്ടെയ്‌ലേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നീ സംഘടനകളുടെ പിന്തുണയും ഷോപ്പിങ് ഉൽസവത്തിനുണ്ട്.