Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാലറി ചാലഞ്ചിൽ നിന്ന് പിൻമാറാൻ അവസരം; ഒരു വിഭാഗത്തിനു മാത്രം

salary

തിരുവനന്തപുരം∙ സാലറി ചാലഞ്ചിൽ നിന്നു ജീവനക്കാർക്കു പിൻമാറാൻ ഒടുവിൽ സർക്കാർ അവസരമാരുക്കി. ഇതിനുള്ള സൗകര്യം ശമ്പളവിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കിൽ ഇന്നലെ വൈകിട്ടോടെ ലഭ്യമാക്കി. ഒരു മാസത്തെ ശമ്പളം 10 തവണകളായി നൽകാൻ തീരുമാനിച്ചവർക്കു മാത്രമാണു പിന്മാറാൻ കഴിയുക. ഇവർ നൽകിയ ആദ്യ ഗഡു തിരികെ ലഭിക്കില്ല. ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക തുടങ്ങിയവയിൽ നിന്നു സംഭാവന നൽകിയവർക്കും ഇനി സാലറി ചാലഞ്ചിൽ നിന്നു പിന്മാറാൻ കഴിയില്ല. ഇപ്പോൾ വിതരണം ചെയ്തുകൊണ്ടിരിക്കുന്ന ഒക്ടോബറിലെ ശമ്പളത്തിൽ തന്നെ സാലറി ചാലഞ്ചിൽ‌ നിന്നു പിന്മാറുന്നുവെന്നു രേഖപ്പെടുത്തണമെന്നാണു ഡിഡിഒമാർക്കു നൽകിയ നിർദേശം. ഇതിനായി ജീവനക്കാരന്റെ പക്കൽ നിന്നു കത്തു വാങ്ങുകയും വേണം. 

പിന്മാറുന്നവർക്കു വീണ്ടും സാലറി ചാലഞ്ചിൽ പങ്കെടുക്കാൻ അവസരമില്ല. പുതുതായി ആരെങ്കിലും ചാലഞ്ചിൽ പങ്കാളിയാകുന്നെങ്കിൽ ശമ്പള ബിൽ തയാറാക്കും മുൻപ് ഡിഡിഒമാർക്കു സമ്മതപത്രം നൽകണം. ഇപ്പോൾ വിതരണം ചെയ്യുന്ന ശമ്പളത്തോടെ സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട എല്ലാ നടപടികളും അവസാനിപ്പിക്കാനാണു ധനവകുപ്പിന്റെ തീരുമാനം. എന്നാൽ, സംസ്ഥാനത്തെ 30,000 ഡിഡിഒമാരിൽ നല്ലൊരു പങ്കും ശമ്പള ബിൽ തയ്യാറാക്കിക്കഴിഞ്ഞതിനാൽ അവസാന നിമിഷം നടപ്പാക്കിയ ഇളവു ജീവനക്കാരുടെ കണ്ണിൽ പൊടിയിടാൻ മാത്രമാണെന്ന് ആരോപണമുണ്ട്. സമർപ്പിച്ച ബില്ലുകൾ റദ്ദാക്കുന്നതിനു വിലക്കും ഏർപ്പെടുത്തി. 

2 ലക്ഷം പേർക്കു ശമ്പളം കൈമാറി

തിരുവനന്തപുരം∙ സാലറി ചാലഞ്ച് സംബന്ധിച്ച ആശയക്കുഴപ്പം കാരണം ആദ്യ ദിവസം സംസ്ഥാന വ്യാപകമായി തടസ്സപ്പെട്ട ശമ്പള വിതരണം ഇന്നലെ സുഗമമായി. 2 ലക്ഷത്തോളം പേർക്കായി 500 കോടിയോളം രൂപ ഇന്നലെ വിതരണം ചെയ്തു. 18,000 ബില്ലുകളാണ് പാസ്സാക്കിയത്. 4000 ബില്ലുകൾ ബാക്കിയുണ്ട്. രാത്രി 9 വരെ ട്രഷറികൾ തുറന്നു പ്രവർത്തിച്ചു. 

ശമ്പള വിതരണം വേഗത്തിലാക്കാൻ ട്രഷറി ഡയറക്ടറേറ്റിലും എല്ലാ ജില്ലാ ട്രഷറികളിലും ഹെൽപ് ഡെസ്കുകൾ ആരംഭിച്ചിട്ടുണ്ട്. ട്രഷറി, സ്പാർക് ജീവനക്കാർ അടങ്ങുന്നതാണു ഡെസ്ക്. നിശ്ചിത ദിവസങ്ങൾക്കകം തന്നെ ശമ്പള വിതരണം പൂർത്തിയാക്കുമെന്നു ട്രഷറി ഡയറക്ടർ ഉറപ്പു വരുത്തുമെന്നു മന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സാലറി ചാലഞ്ച് ഉത്തരവിൽ സുപ്രീം കോടതിയുടെ തീരുമാനം ഒക്ടോബർ 29 നാണ്. ഉത്തരവിന്റെ പകർപ്പ് ലഭിച്ചത് 31ന്. സാലറി ചാലഞ്ചിലെ പുതുക്കിയ നിർദേശങ്ങൾ അന്നുതന്നെ സർക്കാർ പുറപ്പെടുവിച്ചെന്നും മന്ത്രി പറഞ്ഞു.