Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മതനിരപേക്ഷത ഉലയ്ക്കാൻ തീവ്രശ്രമം: മുഖ്യമന്ത്രി

Pinarayi Vijayan ഉണർന്നിരിക്കേണ്ട സമയമാണ് സാർ... കണ്ണൂർ മാങ്ങാട്ടുപറമ്പിൽ പൊലീസ് ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഇരിപ്പിടത്തിൽ അൽപനേരം കണ്ണടച്ചപ്പോൾ, അഭിവാദ്യം സ്വീകരിക്കാൻ സമയമായെന്നു മുഖ്യമന്ത്രിയെ അറിയിക്കാൻ ശ്രമിക്കുന്ന കെഎപി നാലാം ബറ്റാലിയൻ കമൻഡാന്റ് സഞ്ജയ് കുമാർ ഗുരുഡിൻ. കേരളത്തിന്റെ മതനിരപേക്ഷത തകർക്കാൻ ഒളിഞ്ഞും തെളിഞ്ഞും ശ്രമം നടക്കുന്നുണ്ടെന്നും കരുതിയിരിക്കണമെന്നുമാണു പിന്നീടു പ്രസംഗത്തിൽ മുഖ്യമന്ത്രി ഓർമിപ്പിച്ചത്. ചിത്രം: ധനേഷ് അശോകൻ ∙ മനോരമ

കണ്ണൂർ ∙ കേരളത്തിന്റെ മതനിരപേക്ഷ ഭദ്രത ഉലയ്ക്കാൻ തീവ്രശ്രമം നടക്കുന്നുണ്ടെന്നും ഇത്തരക്കാർക്കെതിരെ വിട്ടുവീഴ്ചയ്ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ഭിന്നിപ്പിക്കാൻ ഒളിഞ്ഞും തെളിഞ്ഞും നീക്കങ്ങൾ നടക്കുന്നുണ്ട്. ഭരണഘടനയിൽ തന്നെ മതനിരപേക്ഷത എടുത്തുപറയുന്ന രാജ്യമാണ് ഇന്ത്യ. ഈ കാരണം കൊണ്ടു ഭരണഘടനയെ തള്ളിപ്പറയുന്നവരുണ്ട്. ഇത്തരം നീക്കങ്ങൾ ഗൗരവമായി കാണണം. പ്രാദേശികമായി ഇതിനെതിരെ നടപടിയെടുക്കേണ്ട ഉത്തരവാദിത്തം മറ്റാരെക്കാളും പൊലീസിനാണ്.

മാതൃകാപരമായ നിലപാടാണു നിലവിൽ പൊലീസ് സ്വീകരിക്കുന്നത്. അതിനെ മതനിരപേക്ഷ സമൂഹം അഭിനന്ദിക്കുന്നുമുണ്ട്. എന്നാൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പൊലീസിനെ ചേരിതിരിക്കാനാകുമോ എന്നു നോക്കുന്നവരുണ്ട്. പൊലീസിന് ഒരു മതവും ഒരു ജാതിയും മാത്രമേയുള്ളൂ, അതു പൊലീസ് ആണ്. കേരളത്തിൽ പൊലീസിന്റെ പരിവർത്തന പ്രക്രിയ പൂർണമായെന്നു പറയാനാകില്ല. എന്നാൽ, ബ്രിട്ടിഷ് ഭരണകാലത്തെ പൊലീസിൽനിന്ന് ഏറെക്കുറെ നല്ല മാറ്റം വന്നിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മാങ്ങാട്ടുപറമ്പിൽ പൊലീസ് ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

പൊലീസിലേക്ക് 847 പേർ കൂടി

മാങ്ങാട്ടുപറമ്പ്∙ 9 മാസത്തെ തീവ്രപരിശീലനത്തിനൊടുവിൽ 847 പേർ കൂടി കേരള പൊലീസിന്റെ ഭാഗമായി. മാങ്ങാട്ടുപറമ്പിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ കേരള ആംഡ് പൊലീസ് (കെഎപി) നാലാം ബറ്റാലിയനിലെ 422 പേരും മലബാർ സ്പെഷൽ പൊലീസിലെ (എംഎസ്പി) 425 പേരുമാണു പങ്കെടുത്തത്. കെഎപി നാലാം ബറ്റാലിയൻ ബാച്ചിലെ മികച്ച ഷൂട്ടറായി ആദർശ് ചന്ദ്രനും ഇൻഡോർ ആയി ടി.നിധിനും ഔട്ട്ഡോർ ആയി രാകേഷ്കുമാറും ഓൾറൗണ്ടറായി ജിജിൻരാജും തിരഞ്ഞെടുക്കപ്പെട്ടു. എംഎസ്പി ബാച്ചിലെ മികച്ച ഇൻഡോർ, ഓൾറൗണ്ടർ അവാർഡുകൾ എ.അനസ് നേടി. മികച്ച ഷൂട്ടറായി സി.അശ്വിനും ഔട്ട്ഡോർ ആയി എ.ഡി.സഹീറും തിരഞ്ഞെടുക്കപ്പെട്ടു. 

related stories