Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോർപറേഷൻ/മുനിസിപ്പൽ ഓഫിസുകളി‍ൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം∙ സംസ്ഥാനത്തെ കോർപറേഷൻ/മുനിസിപ്പാലിറ്റി ഓഫിസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. എ‍ൻജിനീയറിങ് വിഭാഗത്തിൽ കെട്ടിട നിർമാണങ്ങൾക്ക് അനുമതി നൽകുന്നതിലും മറ്റും വ്യാപക അഴിമതികൾ നടക്കുന്നതായി വിജിലൻസ് ഡയറക്ടർ ബി.എസ്.മുഹമ്മദ് യാസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കെട്ടിട നിർമാണ പെർമിറ്റിനു ലഭിക്കുന്ന അപേക്ഷകളിൽ കൈക്കൂലിക്കു വേണ്ടി മനപ്പൂർവം കാലതാമസം വരുത്തുന്നതായും ചട്ടങ്ങൾ മറികടന്ന് അനുമതി നൽകുന്നതായും കണ്ടെത്തി. കെട്ടിട നിർമാണ അനുമതി നൽകാത്ത 2900 അപേക്ഷകളും ഓക്കുപെൻസി സർട്ടിഫിക്കറ്റ് നൽകാൻ 1200 അപേക്ഷകളും കണ്ടെത്തി. തിരുവനന്തപുരം കോർപറേഷനിൽ‌ ഒക്കുപെൻസി സർട്ടിഫിക്കറ്റിനായി ലഭിച്ച അപേക്ഷകളുടെ എണ്ണം പോലും ലഭ്യമല്ല.

ബഹുനിലമന്ദിരങ്ങളിൽ സെല്ലാർ ഫ്ലോർ നിർമിക്കുന്നതിനു ബന്ധപ്പെട്ട റവന്യു, ജിയോളജി വകുപ്പുകളുടെ അനുമതി വേണമെന്നിരിക്കെ ഒട്ടുമിക്ക ബഹുനില മന്ദിരങ്ങൾക്കും അനുമതി വാങ്ങാതെയാണു സെല്ലാർ ഫ്ലോർ നിർമിക്കുന്നതെന്നും കണ്ടെത്തി. ഒക്കുപെൻസി സർട്ടിഫിക്കറ്റ് നൽകിയ കെട്ടിടങ്ങൾ വിജിലൻസ് സംഘം പരിശോധിച്ചതിൽ പല കെട്ടിടങ്ങളും അനുമതി നൽകിയ പ്രകാരമല്ല നിർമിച്ചിരിക്കുന്നതെന്നും വ്യക്തമായി. കൊച്ചി കോർപറേഷനിലെ പള്ളുരുത്തി സോണൽ ഓഫിസിലും നിലമ്പൂർ, കൽപ്പറ്റ, പത്തനംതിട്ട, കൊടുവള്ളി, കാഞ്ഞങ്ങാട്, കരുനാഗപ്പള്ളി മുനിസിപ്പാലിറ്റികളിലും കെട്ടിട നിർമാണ ചട്ട ലംഘനം വിജിലൻസ് പിടികൂടിയിട്ടുണ്ട്.

ഒറ്റപ്പാലം മുൻസിപ്പാലിറ്റിയിൽ വാണിജ്യ സമുച്ചയത്തിനും കാസർകോ‍ട് പഴയ പ്രസ് ക്ലബ് കെട്ടിടത്തിനു സമീപമുള്ള വാണിജ്യ സമുച്ചയത്തിനും പണി പൂർത്തീകരിക്കുന്നതിനു മുൻപ് ഓക്കുപെൻസി സർട്ടിഫിക്കറ്റ് നൽകി. പട്ടാമ്പി മുനിസിപ്പാലിറ്റിയുടെ പരിധിയിൽ 350 ചതുരശ്ര അടി അനുമതി വാങ്ങി 2000 ചതുരശ്ര അടി കെട്ടിടം നിർമിച്ചു ഹോട്ടൽ പ്രവർത്തിക്കുന്നതായി 2017ൽ കണ്ടെത്തിയെങ്കിലും തുടർ നടപടികൾ അധികൃതർ സ്വീകരിച്ചില്ലെന്നും വിജിലൻസ് പറഞ്ഞു.

തിരുവനന്തപുരം കോർപറേഷനിലെ എൻജിനീയറിങ് ‍ഡിവിഷനിലെ 30 ഉദ്യോഗസ്ഥർ മൂവ്മെന്റ് റജിസ്റ്ററിൽ രേഖപ്പെടുത്താതെ അനധികൃതമായി ജോലിക്കു ഹാജരായില്ലെന്നും കണ്ടെത്തി. പാലാ മുനിസിപ്പാലിറ്റിയിൽ കെട്ടിട നിർമാണത്തിന് അപേക്ഷ നൽകി ആറു മാസം കഴിഞ്ഞിട്ടും നടപടി സ്വീകരിക്കാത്ത നിരവധി അപേക്ഷകളും പിടിച്ചെടുത്തു.

related stories