Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിജെപി മതത്തെ ചൂഷണം ചെയ്യുന്നു: കോൺഗ്രസ്

Congress-logo

ന്യൂഡൽഹി ∙ ശബരിമല വിഷയത്തിൽ രാഷ്ട്രീയനേട്ടത്തിനായി നാണംകെട്ട രീതിയിൽ മതത്തെ ബിജെപി ചൂഷണം ചെയ്യുകയാണെന്നു കോൺഗ്രസ്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തൽ ഇതിനു തെളിവാണ്. ബിജെപിയുടെ ഗൂഢലക്ഷ്യം എല്ലാവർക്കും അറിയാവുന്ന രഹസ്യമായിരുന്നു. എന്നാൽ സത്യം ഇപ്പോൾ മറനീക്കി പുറത്തുവന്നിരിക്കുന്നു. രാജ്യത്തെ ആരാധനാ വിഗ്രഹങ്ങളെയും മൂല്യങ്ങളെയും തകർക്കുന്നതിൽ ഗവേഷണം നടത്തുകയാണു ബിജെപിയെന്നും കോൺഗ്രസ് വക്താവ് അഭിഷേക് സിങ്‍വി ആരോപിച്ചു.

∙ 'ശബരിമലയിൽ ഹീനമായ രാഷ്ട്രീയക്കളിയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പി.എസ്.ശ്രീധരൻപിള്ളയുടെ വാക്കുകളിലൂടെ വ്യക്തമായി. ബിജെപിയുടെ തനിനിറമാണ് പുറത്തുവന്നിരിക്കുന്നത്. വിശ്വാസി സമൂഹത്തോടൊപ്പം എന്നും ഉറച്ചു നിന്നത് കോൺഗ്രസും യുഡിഎഫും മാത്രമാണ്.' - രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ്

∙ 'ശബരിമലയെ അയോധ്യയാക്കാനാണു ശ്രമമെന്ന എന്റെ ആദ്യം മുതലുള്ള ആരോപണത്തെ സാധൂകരിക്കുന്നതാണു ബിജെപി പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ളയുടെ കോഴിക്കോട് യുവമോർച്ച യോഗത്തിലെ പ്രസംഗം. തെളിവുസഹിതം മാധ്യമങ്ങൾ വാർത്തപുറത്തു വിട്ടപ്പോൾ അവരെ കുറ്റപ്പെടുത്തി രക്ഷപെടാനാണു ശ്രീധരൻ പിള്ളയുടെ ശ്രമം.' - മുല്ലപ്പള്ളി രാമചന്ദ്രൻ, കെപിസിസി പ്രസിഡന്റ്

∙ 'പി.എസ്. ശ്രീധരൻപിള്ളയെ പ്രതിചേർത്ത്‌ കേസ്‌ റജിസ്റ്റർ ചെയ്‌ത്‌ ഉന്നതതല അന്വേഷണത്തിന്‌ സർക്കാർ ഉത്തരവിടണം. ഭരണഘടന അട്ടിമറിക്കാൻ നടന്ന ഗൂഢാലോചനയാണ്‌ ഇതിലൂടെ വെളിപ്പെട്ടത്. സംഭവത്തിന്റെ ഗൗരവം ഉൾക്കൊണ്ട്‌ സുപ്രീംകോടതി അടക്കമുള്ള ഉന്നത സ്ഥാപനങ്ങൾ നടപടി സ്വീകരിക്കുമെന്നു കരുതുന്നു.' - കോടിയേരി ബാലകൃഷ്ണൻ, സിപിഎം സെക്രട്ടറി

∙ 'സംസ്ഥാനത്തു വർഗീയ കലാപം സൃഷ്ടിക്കാൻ ബിജെപിയും ആർഎസ്എസും ആസൂത്രിത ശ്രമം നടത്തുന്നതിന്റെ തെളിവാണു പി.എസ്.ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തൽ.' - മന്ത്രി ടി.എം.തോമസ് ഐസക്

∙ 'ശ്രീധരൻപിള്ളയ്ക്കും അമിത്ഷായ്ക്കും മോദിക്കും എന്തെല്ലാം അജൻഡകളാണുള്ളതെന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. കേന്ദ്രമന്തിമാർ അടക്കമുള്ളവർ സുപ്രീം കോടതി പുല്ലാണെന്നു പറഞ്ഞ് അമ്പലം പണിയുമെന്നു പറഞ്ഞത്  ഓർക്കുന്നില്ലേ. ആ അജൻഡയാണ് കേരളത്തിലും നടപ്പാക്കുന്നത്.' - മന്ത്രി എം.എം.മണി

∙ 'പി.എസ്. ശ്രീധരൻപിള്ളയുടെ പ്രസംഗം പൊതുസമൂഹത്തോടും സുപ്രീം കോടതിയോടുമുള്ള വെല്ലുവിളിയാണ്.' - മന്ത്രി കടകംപള്ളി സുരേന്ദ്രൻ

∙ 'ശബരിമല വിഷയത്തിൽ സുവർണാവസരമാണ് കൈവന്നിരിക്കുന്നതെന്ന പി.എസ്. ശ്രീധരൻപിളളയുടെ വെളിപ്പെടുത്തലോടെ സിപിഎം – ബിജെപി ബന്ധം മറനീക്കി പുറത്തുവന്നു.' - തിരുവഞ്ചൂർ രാധാകൃഷ്‌ണൻ എംഎൽഎ