Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നട തുറന്നു, തിരക്ക് മൂന്നിരട്ടി; ഭർത്താവും മക്കളുമൊത്ത് യുവതി പമ്പയിൽ

Sabarimala ശബരിമലയിൽ ചിത്തിര ആട്ടത്തിരുനാളിനായി മേൽശാന്തി എ.വി. ഉണ്ണികൃഷ്ണൻ നമ്പൂതിരി നടതുറന്നു ദീപവുമായി ശ്രീകോവിലിലേക്കു കയറുന്നു. തന്ത്രി കണ്ഠര് രാജീവര് സമീപം.‌ ചിത്രം: നിഖിൽരാജ് ∙ മനോരമ

പത്തനംതിട്ട ∙ 3000 പൊലീസുകാരുടെ കാവൽ, മൊബൈൽ ജാമറും മെറ്റൽ ഡിറ്റക്ടറും, പാതയിൽ പലയിടത്തായി കർശനപരിശോധന– പൊലീസ് സർവസന്നാഹങ്ങളുമായി അണിനിരന്ന ശബരിമലയിൽ ചിത്തിരആട്ടത്തിരുനാളിനു നട തുറന്നു. ഇന്നലെയെത്തിയതു കുറഞ്ഞതു 15,000 പേരാണെന്നാണു പൊലീസിന്റെ അനൗദ്യോഗിക കണക്ക്; മുൻവർഷങ്ങളിൽ ഈ ദിവസം വന്നിരുന്നതിന്റെ മൂന്നിരട്ടി.

sabarimala

സന്ധ്യയോടെ ചേർത്തല സ്വദേശി അഞ്ജു (30) ഭർത്താവും 2 മക്കളുമായി പമ്പയിൽ എത്തിയോടെ പൊലീസ് പ്രതിസന്ധിയിലായി. ഭർത്താവ് അഭിലാഷിന്റെ നിർബന്ധം കൊണ്ടാണ് എത്തിയതെന്നും സന്നിധാനത്തേക്കു പോകാനില്ലെന്നും ഇവർ പറഞ്ഞു. ഭർത്താവാകട്ടെ, സന്നിധാനത്തേക്കു പോകണമെന്നു വാശിപിടിച്ചു. യുവതി ആവശ്യപ്പെട്ടാലേ സുരക്ഷ നൽകൂ എന്ന നിലപാടാണു പൊലീസ് സ്വീകരിച്ചത്. അഭിലാഷ് സിപിഎം പ്രവർത്തകനും ചേർത്തല അരീപ്പറമ്പ് ലോക്കൽ സെക്രട്ടറി വിനോദിന്റെ സഹോദരനുമാണ്. ഇവരുടെ വീട്ടിലേക്കു രാത്രി ശബരിമല കർമസമിതി നടത്തിയ മാർച്ച് പൊലീസ് തടഞ്ഞു.

ഇക്കുറി, ചരിത്രത്തിൽ ആദ്യമായി വനിതാ പൊലീസിനെ സന്നിധാനത്തിൽ ഡ്യൂട്ടിക്കു നിയോഗിച്ചു. 100 വനിതാ പൊലീസുകാരെയാണു പമ്പയിൽ എത്തിച്ചത്. അതിൽ 50 വയസ്സിനു മുകളിൽ പ്രായമുള്ള 15 പേരെയാണു സന്നിധാനത്തു നിയോഗിച്ചത്. പൊലീസ് തീർഥാടകരെ സന്നിധാനത്തു തങ്ങാൻ അനുവദിച്ചില്ല. നെയ്യഭിഷേകം നടത്താനാകാതെ മലയിറങ്ങേണ്ടി വന്നതു പ്രതിഷേധത്തിനിടയാക്കി. ഇന്നു രാത്രി 10.30നു നടയടയ്ക്കും.