Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയരക്ഷാപ്രവർത്തകർക്ക് മുൻഗണനയുമായി മൽസ്യത്തൊഴിലാളി സേന

തിരുവനന്തപുരം ∙ പ്രളയരക്ഷാദൗത്യത്തിൽ പങ്കെടുത്ത മത്സ്യബന്ധനയാനങ്ങൾക്കു മുൻഗണന നൽകി കടലിന്റെ മക്കളുടെ സ്വന്തം സേന വരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് മാർഗരേഖ പുറത്തിറക്കി. കടലിലെ അപകടങ്ങളിൽ അടിയന്തര രക്ഷാപ്രവർത്തനം നടത്താൻ മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന സീ റെസ്ക്യു സ്ക്വാഡുകളിലാണ് പ്രളയരക്ഷാപ്രവർത്തകർക്ക് മുൻഗണന. പദ്ധതിക്കായി 7.15 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിച്ചു.

ഓരോ മത്സ്യഗ്രാമത്തിലും അഞ്ച് മത്സ്യബന്ധനയാനങ്ങളെയും 15 യുവാക്കളുടെ സംഘത്തെയുമാണ് തിരഞ്ഞെടുക്കുക. രക്ഷാദൗത്യമുള്ള ദിവസങ്ങളിൽ ഓരോ തൊഴിലാളിക്കും 700 രൂപ വീതം സ്റ്റൈപ്പൻഡ് നൽകും. ഇതിനുള്ള പ്രത്യേക അപേക്ഷാ ഫോമും തയാറായി. ബോട്ടിന്റെ ഉടമസ്ഥൻ തന്നെയായിരിക്കണം അപേക്ഷിക്കേണ്ടത്. പദ്ധതി ആദ്യഘട്ടത്തിൽ ആരംഭിക്കുന്ന 300 മത്സ്യബന്ധന ബോട്ടുകളിൽ മൂന്നിൽ രണ്ട് ഭാഗം മോട്ടോർ ഘടിപ്പിച്ച മത്സ്യബന്ധന ബോട്ടുകളും മൂന്നിലൊന്നു ഭാഗം യന്ത്രവൽകൃത യാനങ്ങളുമായിരിക്കും.

ഇൻഷുറൻസ് പരിരക്ഷയുള്ള ബോട്ടുകൾ, സ്രാങ്ക്/ബോട്ട് ഡ്രൈവർ/എൻജിൻ ഡ്രൈവർ ലൈസൻസ് ലഭിച്ച ജീവനക്കാരുള്ള യാനങ്ങൾ എന്നിവയ്ക്കും മുൻഗണനയുണ്ട്. 20 മുതൽ 45 വയസു വരെയുള്ളവർക്കാണ് അവസരം. പൊലീസ് വെരിഫിക്കേഷനും മെ‍‍ഡിക്കൽ പരിശോധനയും ആവശ്യമെങ്കിൽ നടത്തും. അപകടം റിപ്പോർട്ട് ചെയ്താലുടൻ ഫിഷറീസ് വകുപ്പ് സ്ക്വാഡിൽപ്പെട്ട ഏറ്റവുമടുത്തുള്ള യാനത്തിലേക്ക് സന്ദേശം നൽകും. ഇവർ ഉടനടി അപകട സ്ഥലത്തെത്തി നടപടി സ്വീകരിക്കും. രക്ഷാദൗത്യത്തിനു പോകുന്ന ദിവസങ്ങളിലെ ഇന്ധനത്തിന്റെ ചെലവും സർക്കാർ വഹിക്കും.

related stories