Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല വിഷയത്തിൽ സർക്കാരിനോട് ഹൈക്കോടതി: ദൈനംദിന കാര്യങ്ങളിൽ ഇടപെടരുത്

high-court-kerala-5

കൊച്ചി ∙ ശബരിമലയുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരമില്ലെന്നു ഹൈക്കോടതിയുടെ വാക്കാലുള്ള പരാമർശം. ബോർഡിനുമേൽ അധികാരം പ്രയോഗിക്കരുത്. അതേസമയം, ക്രമസമാധാന പാലനത്തിനായി ഇടപെടുന്നതിനു ന്യായീകരണമുണ്ടെന്നും വ്യക്തമാക്കി.

ബോർഡിന്റെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടരുതെന്നാവശ്യപ്പെട്ടു ചെന്നൈ സ്വദേശി ടി.ആർ. രമേശ് സമർപ്പിച്ച ഹർജിയാണു ജസ്റ്റിസ് പി.ആർ. രാമചന്ദ്രമേനോൻ, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. ഇത്തരത്തിൽ ഇടപെടാറില്ലെന്നു സ്റ്റേറ്റ് അറ്റോർണി അറിയിച്ചപ്പോൾ, പതിനെട്ടാംപടിക്കു മുകളിൽ സ്ത്രീകളെ കയറ്റുന്നതു സംബന്ധിച്ചു പൊലീസുമായി ആലോചിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞതായ റിപ്പോർട്ടുകൾ ഹർജിക്കാർ ചൂണ്ടിക്കാട്ടി. സർക്കാരും ദേവസ്വം ബോർഡും രേഖാമൂലം വിശദീകരണം നൽകണമെന്നു കോടതി നിർദേശിച്ചു.

ശബരിമലയിൽ പൊലീസ് അതിക്രമങ്ങൾക്കു മുതിർന്നതു കൃത്യനിർവഹണത്തിന്റെ ഭാഗമായി പ്രഥമദൃഷ്ട്യാ കാണാനാവില്ലെന്ന് ഇതേ ബെഞ്ച് ശബരിമല സംഘർഷവുമായി ബന്ധപ്പെട്ട മറ്റു 3 ഹർജികളിലെ വാദത്തിനിടെ പറഞ്ഞു. ഡിജിപി നേരിട്ടോ മറ്റ് ഉദ്യോഗസ്ഥർ മുഖേനയോ അന്വേഷിച്ച് അതിക്രമത്തിനു മുതിർന്ന പൊലീസുകാരെ കണ്ടെത്തണമെന്നും അവർക്കെതിരായ നടപടി സഹിതം 10 ദിവസത്തിനകം അറിയിക്കണമെന്നും നിർദേശിച്ചു. ഐജി മുഖേന ഡിജിപി ഈ വിഷയം പരിശോധിച്ചു തുടർനടപടി തീരുമാനിക്കുമെന്നു സർക്കാർ അറിയിച്ചു.

പൊലീസ് അതിക്രമങ്ങൾ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുവാറ്റുപുഴ സ്വദേശി പി. പ്രേംചന്ദ് നൽകിയതുൾപ്പെടെ 3 ഹർജികളാണു പരിഗണിച്ചത്.