Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘ഇത് ഞങ്ങളുടെ അജൻഡ’; ശബരിമല വിഷയത്തിൽ വിവാദത്തിരി കൊളുത്തി ശ്രീധരൻപിള്ള

P.S. Sreedharan Pillai പി.എസ്. ശ്രീധരൻപിള്ള

കോഴിക്കോട്/ തിരുവനന്തപുരം ∙ ശബരിമല വിഷയത്തിൽ അജൻഡ രൂപപ്പെടുത്തിയതു ബിജെപിയാണെന്ന സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയുടെ വാക്കുകൾ രാഷ്ട്രീയവിവാദത്തിനു വഴി തുറന്നു. വിഷയം ബിജെപിക്കു സുവർണാവസരമാണെന്നും ശബരിമലയിൽ ആചാരലംഘനമുണ്ടായാൽ നട അടച്ചിടുമെന്നു പ്രഖ്യാപിക്കും മുൻപ് തന്ത്രി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും കോഴിക്കോട്ടു ഞായറാഴ്ച യുവമോർച്ച സംസ്ഥാനസമിതി യോഗത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

അതു രഹസ്യ പ്രസംഗമായിരുന്നില്ലെന്നും ശബരിമല സമരത്തിൽ രാഷ്ട്രീയലക്ഷ്യം ഉണ്ടാകുന്നതിൽ തെറ്റില്ലെന്നും ശ്രീധരൻപിള്ള തിരുവനന്തപുരത്തു വിശദീകരിച്ചു. ജനസേവനമാണു പാർട്ടിയുടെ ലക്ഷ്യം. അതിനുള്ള സുവർണാവസരമായാണ് ഇതിനെ കാണുന്നത്. ബിജെപി അധ്യക്ഷനായല്ല, അഭിഭാഷകനെന്ന നിലയിലാണു തന്ത്രി കണ്ഠര് രാജീവരുമായി സംസാരിച്ചതെന്നും അവകാശപ്പെട്ടു. നിയമോപദേശം തേടിയ എല്ലാവരെയും സഹായിച്ചിട്ടുണ്ട്. നിയമസഭയിലെ അക്രമത്തിൽ ഉന്നത സിപിഎം നേതാക്കൾ തന്റെ ഉപദേശം തേടിയിരുന്നു. ടിപി വധക്കേസിൽ വക്കാലത്തുമായി സിപിഎമ്മുകാർ വന്നിട്ടുണ്ട്.

Kandararu Rajeevaru ചിത്തിര ആട്ടതിരുന്നാൾ പൂജകൾക്കായി സന്നിധാനത്തേക്ക് തിരിക്കുംമുൻപ് ശബരിമല തന്ത്രി കണ്ഠര് രാജീവര് പമ്പയിലെ സുരക്ഷാ സ്കാനറിലൂടെ കടന്നുപോകുന്നു.

കോഴിക്കോട്ടെ യോഗത്തിൽ മാധ്യമങ്ങൾക്കും പ്രവേശനമുണ്ടായിരുന്നു. സമൂഹമാധ്യമത്തിലും തൽസമയം കാണിച്ചു. മാധ്യമപ്രവർത്തകർ‍ക്കിടയിലെ സിപിഎം ഫ്രാക്​ഷനാണു പ്രസംഗം വിവാദമാക്കിയതെന്നും ഭരണകൂട ക്രൂരതകളിൽനിന്നു ശ്രദ്ധ തിരിക്കാനാണിതെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയിൽ ബിജെപി മുന്നോട്ടുവച്ച അജൻഡയെ പിന്തുടർന്ന മറ്റുള്ളവർ കൊഴിഞ്ഞുപോകുമെന്നും അവസാനം ബിജെപിയും എതിർകക്ഷിയായ കമ്യൂണിസ്റ്റ് സർക്കാരും മാത്രം അവശേഷിക്കുമെന്നും ശ്രീധരൻപിള്ള കോഴിക്കോട്ടു പറഞ്ഞിരുന്നു. 

∙ 'അഞ്ചു ദിവസം ശബരിമലയിൽ നടന്നതു വിശ്വാസികളുടെ സമരമല്ല, ബിജെപി അവരുടെ രാഷ്ട്രീയ നേട്ടത്തിനു വേണ്ടി ആസൂത്രണം ചെയ്തു നടപ്പാക്കിയ സമരമാണെന്ന് ഇപ്പോൾ വ്യക്തമായി. സർക്കാർ ക്ഷണിച്ച ചർച്ചയ്ക്കു തന്ത്രിയും പന്തളം രാജകുടുംബാഗവും വരാതിരുന്നത് എന്താണെന്ന് ഇപ്പോഴാണു വ്യക്തമായത്.' - മുഖ്യമന്ത്രി പിണറായി വിജയൻ

∙ 'കോടതിയലക്ഷ്യം (സുപ്രീം കോടതിയുടെ യുവതീപ്രവേശ വിധി സംബന്ധിച്ച്) നിലനിൽക്കില്ലെന്നും അഥവാ കേസ‌് കൊടുത്താൽ ആദ്യപ്രതി സമരത്തിനുമുന്നിലുള്ള ഞാനാവുമെന്നും പറഞ്ഞു. തന്ത്രി ഒറ്റയ്ക്കല്ല, ഞങ്ങളും പതിനായിരക്കണക്കിനു ഭക്തരും കൂടെയുണ്ടാകും. ഇതുകേട്ട ശേഷമാണു തന്ത്രി നടയടച്ചിടുമെന്നു പ്രഖ്യാപിച്ചത്.' - പി.എസ്. ശ്രീധരൻപിള്ള

∙ 'പി.എസ്. ശ്രീധരൻ പിള്ളയുമായി ഫോണിൽ ബന്ധപ്പെടുകയോ നിയമോപദേശം തേടുകയോ ചെയ്തിട്ടില്ല. തുലാമാസ പൂജയ്ക്ക് നട തുറന്ന അന്നുമുതൽ ഫോൺ ഓഫായിരുന്നു. സുപ്രീം കോടതി വിധി വന്നശേഷം അദ്ദേഹം താഴമൺ മഠത്തിലെത്തി പിന്തുണ അറിയിച്ചിരുന്നു. പിന്നീട് കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല.' - തന്ത്രി കണ്ഠര് രാജീവര്