Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയബാധിതരുടെ ഉപജീവനക്കിറ്റ് വിതരണം സ്തംഭിക്കും

rebuild-kerala

തിരുവനന്തപുരം ∙ വിതരണക്കാർ കൂട്ടത്തോടെ സപ്ലൈകോയുടെ ഇ ടെൻഡർ  ബഹിഷ്കരിച്ചതോടെ പ്രളയബാധിതർക്കുള്ള 500 രൂപയുടെ സൗജന്യ ഉപജീവനക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. അതേസമയം സമാന്തരമായി സർക്കാർ വിളിച്ച ഇ ലേലത്തിൽ (ഇ ഓക്ഷൻ) നാലു കരാറുകാർ സാധനങ്ങൾക്ക് ഉയർന്ന നിരക്കു രേഖപ്പെടുത്തി. കുടിശിക ഇനത്തിൽ 250 കോടി രൂപ സപ്ലൈകോ നൽകാത്തതു ചൂണ്ടിക്കാട്ടിയായിരുന്നു ബഹിഷ്കരണം. ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര എന്നിവയ്ക്കാണ് ഇ ടെൻഡർ വിളിച്ചത്. സപ്ലൈകോയിൽ റജിസ്റ്റർ ചെയ്ത നൂറോളം കരാറുകാരിൽ ആരും പങ്കെടുത്തില്ല.

സർക്കാർ ഇതേ സാധനങ്ങൾ ഇ ലേലത്തിലും വിളിച്ചു. ഫുഡ് ഗ്രെയ്ൻസ് പൾസസ് ആൻഡ് സ്പൈസ് സപ്ലൈയേഴ്സ് അസോസിയേഷൻ എന്ന സംഘടനയിൽ ഉൾപ്പെടാത്ത നാലു കരാറുകാർ ഇതിൽ പങ്കെടുത്തു. കടല–208 ലോഡ്, തുവരപ്പരിപ്പ്–173, ചെറുപയർ–209 ലോഡ് എന്നിങ്ങനെയാണ് ആവശ്യപ്പെട്ടത്. ഒരു ലോഡിൽ പത്തു ടൺ സാധനം. കിലോഗ്രാമിന് അഞ്ചു മുതൽ പത്തു വരെ രൂപ കൂട്ടിയാണ് ഇവർ ഇ ലേലത്തിൽ രേഖപ്പെടുത്തിയത്. ലോഡിന് ഒരു ലക്ഷം രൂപ വരെ കരാറുകാർക്ക് ഇ ലേലത്തിൽ അധികം നൽകേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ മാസം 9ന് സപ്ലൈകോയുടെ ഇ ടെൻഡറിൽ ചെറുപയർ കിലോയ്ക്ക് 56.90– 57.90 രൂപയ്ക്കാണു വാങ്ങിയത്. ഇപ്പോഴത്തെ ഇ ലേലത്തിൽ രേഖപ്പെടുത്തിയ തുകയാകട്ടെ 63.90– 63.98 രൂപ. തുവരപ്പരിപ്പ് ഇ ടെൻഡറിൽ 55.21–57.69 രൂപ, ഇ ലേലത്തിൽ 64.98–65 രൂപ. കടല ഇ ടെൻഡറിൽ 49.77– 51 രൂപ. ഇ ലേലത്തിലാകട്ടെ 59.50– 62 രൂപ.

സർക്കാരിനു കോടികളുടെ നഷ്‌ടമുണ്ടാകുന്നതിനാൽ ആർക്കും പർച്ചേസ് ഓർഡർ നൽകിയിട്ടില്ല. സുതാര്യമായി നടക്കുന്ന ഇ ടെൻഡർ അട്ടിമറിക്കാനാണു സർക്കാർ ഇ ലേലം വ്യാപിപ്പിക്കുന്നതെന്നും ആക്ഷേപമുണ്ട്. നേരത്തെ പഞ്ചസാര മാത്രമാണ് ഇ ലേലത്തിൽ വാങ്ങിയിരുന്നത്. സ്വകാര്യ ട്രേഡിങ് കമ്പനി വഴിയാണ് ഇ ലേലം. 12 ഇനം സാധനങ്ങൾക്കായി എട്ടിനു നിശ്ചയിച്ച അടുത്ത ഇ ടെൻഡറും ബഹിഷ്കരിക്കാനാണു വിതരണക്കാരുടെ നീക്കം. കഴിഞ്ഞ മാസം സപ്ലൈകോയ്ക്കു 193 കോടി രൂപ സർക്കാരിൽ നിന്നു ലഭിച്ചിട്ടും 15 കോടി മാത്രമാണു കരാറുകാർക്കു നൽകിയത്. ഇ ലേലം നടത്തുന്ന ട്രേഡിങ് കമ്പനിക്ക് 25 കോടി നൽകി.

കിറ്റ് നഷ്ടമാകുക 3 ലക്ഷം പേർക്ക്

ഇപ്പോഴത്തെ പ്രതിസന്ധി മൂലം സർക്കാരിന്റ ഉപജീവനക്കിറ്റ് നഷ്ടമാകുക മൂന്നു ലക്ഷത്തോളം നിർധനർക്ക്. പ്രളയം ദുരിതത്തിലാക്കിയ കുടുംബങ്ങളിൽ തുടർസഹായം വേണ്ടവർക്ക് ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ 500 രൂപയുടെ ഉപജീവനക്കിറ്റ് സൗജന്യമായി നൽകാൻ സെപ്റ്റംബർ 27 ന് മന്ത്രിസഭയാണു തീരുമാനിച്ചത്. ചെറുപയർ, കടല, തുവരപ്പരിപ്പ്, പഞ്ചസാര(ഒരു കിലോ വീതം) വെളിച്ചെണ്ണ, മസാലപ്പൊടി എന്നിവയാണു കിറ്റിൽ ഉൾപ്പെടുത്താൻ നിശ്ചയിച്ചതെങ്കിലും മസാലപ്പൊടിയുടെ ദൗർലഭ്യം കാരണം പകരം ശബരി തേയില, ശബരി ഉപ്പ് എന്നിവയാക്കി. ഒക്ടോബറിൽ വളരെ കുറച്ചു പേർക്കേ ഇതു വിതരണം ചെയ്തിട്ടുള്ളൂ.

related stories