Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: പുതിയ കെട്ടിടങ്ങളുടെ ഗോവണി വീതികൂട്ടണമെന്ന് മാർഗനിർദേശം

തിരുവനന്തപുരം∙ പ്രളയബാധിത പ്രദേശങ്ങളിൽ പുതിയ കെട്ടിടങ്ങൾ നിർമിക്കുമ്പോൾ പുറത്ത് കുറഞ്ഞത് 150 സെന്റീമീറ്റർ വീതിയിൽ ഗോവണി പണിയണമെന്ന് മാർഗ നിർദേശം. ഇടുങ്ങിയ ഗോവണി രക്ഷാപ്രവർത്തനത്തിനു തടസം സൃഷ്ടിക്കും. വീതിയുള്ള ഗോവണിയുണ്ടെങ്കിൽ വിലപി‌ടിപ്പുള്ള സാധനങ്ങൾ മുകൾനിലയിൽ വേഗത്തിലെത്തിക്കാൻ കഴിയുമെന്നുള്ള വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാണിത്.

പ്രളയ ബാധിത പ്രദേശങ്ങളിലെ കെട്ടിടങ്ങളുടെ നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ (കില) പുറത്തിറക്കിയ കൈപ്പുസ്തകത്തിലാണു നിർദേശങ്ങളുള്ളത്. പ്രളയം മൂലം കെട്ടിടങ്ങൾക്കുണ്ടായ കേടുപാടുകൾ ശാസ്ത്രീയമായി പരിഹരിക്കുന്നതിനുള്ള നിർദേശങ്ങളാണ് മാർഗരേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പൂർണമായി തകർന്ന വീടുകൾ, വിള്ളൽ വീണ കെട്ടിടങ്ങൾ, ബലക്ഷയം വന്നവ എന്നിങ്ങനെ ഇനം തിരിച്ചു നവീകരണ പ്രവർത്തനങ്ങൾ നടത്തണമെന്നാണ് നിർദേശം. മേൽക്കൂര, തൂണുകൾ, ഭിത്തികൾ, സ്കാബ്, കമാനം, ഷെഡ്, തടി തുടങ്ങി ഓരോന്നും ബലപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ മാർഗരേഖയിൽ ചിത്രങ്ങൾ സഹിതം വിശദീകരിച്ചിട്ടുണ്ട്.

ഭൂകമ്പത്തിൽ തകർന്ന മഹാരാഷ്ട്രയിലെ ലാത്തൂർ, ഗുജറാത്തിലെ ഭുജ് എന്നിവിടങ്ങളിലെ പുനർനിർമാണ പ്രവർത്തനങ്ങളിൽ പങ്കാളിയായ വാസ്തുശിൽപി ബെന്നി കുര്യാക്കോസാണ് കിലയ്ക്കുവേണ്ടി മാർഗരേഖ തയാറാക്കിയത്. മണ്ണൊലിപ്പ് തടയാൻ ആഴത്തിലുള്ള അടിസ്ഥാനം, വെള്ളം തടസ്സപ്പെടാതിരിക്കാൻ ഉയരത്തിലുള്ള ജലസംഭരണിയും മഴവെള്ള സംഭരണിയും, മേൽക്കൂരയിൽ സൗരോർജ പാനൽ, ഉയർത്തി പണിത ശൗചാലയം, മലിനജലം ഒഴുക്കാൻ പ്രത്യേക സംവിധാനം, ഉയരത്തിൽ സ്ഥാപിച്ച മീറ്റർ ബോക്സ്, പ്ലൈവുഡിനു പകരം തടി, ചെരിഞ്ഞ മുറ്റം എന്നിങ്ങനെയാണ് നിർദേശങ്ങൾ.

തൂണുകൾക്കു മുകളിലും വീടു പണിയാം. താഴത്തെ നില പണിശാലയായോ പാർക്കിങ് സ്ഥലമായോ ഉപയോഗിക്കാം. രണ്ടുനില വരെ വെള്ളം കയറിയ വീടുകളിൽ പ്രളയത്തിൽ നിന്നു രക്ഷപ്പെടാനായി മുകളിൽ ഒരു നില ഒറ്റമുറി കൂടി നിർമിക്കാനുള്ള നിർദേശവുമുണ്ട്.

related stories