Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎസ്ആർടിസി ഷെഡ്യൂളുകളിൽ മാറ്റം വരുത്താമെന്ന് റിപ്പോർട്ട്

KSRTC Bus Stand

തിരുവനന്തപുരം∙ െകഎസ്ആർടിസി ഡ്യൂട്ടി പരിഷ്കരണവുമായി ബന്ധപ്പെട്ട് യൂണിയനുകളുടെ പരാതി പരിഹരിക്കാൻ ഷെഡ്യൂളുകളിൽ മാറ്റം വരുത്താമെന്ന് ഗതാഗത പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട്. ഓർഡിനറി സർവീസുകളിൽ സിംഗിൾ ഡ്യൂട്ടി സമയം 8 മണിക്കൂർ തന്നെയാവും. എന്നാൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് രണ്ടു വരെയും രണ്ടു മുതൽ രാത്രി 10 വരെയും ഡ്യൂട്ടി സമയം ന‍ൽകുന്ന വിധത്തിൽ ഷെഡ്യൂളുകൾ ക്രമീകരിക്കാമെന്നാണ് കെ.ആർ.ജ്യോതിലാൽ മന്ത്രി എ.കെ.ശശീന്ദ്രനു റിപ്പോർട്ട് നൽകിയത്. റിപ്പോർട്ട് ഇന്നലെ മന്ത്രി യൂണിയൻ നേതാക്കളുടെ യോഗത്തിൽ അവതരിപ്പിച്ചു.

രാത്രി 10ന് അവസാനിക്കുന്ന ഷെഡ്യൂളുകളിൽ യാത്രക്കാരുടെ ആവശ്യം പരിഗണിച്ച് മാറ്റം വരുത്താം. നിലവിൽ രാവിലെ ആറിനു തുടങ്ങി ഉച്ചയ്ക്ക് ഒന്നിന് നിർത്തുകയും പിന്നീട് മൂന്നിന് വീണ്ടും തുടങ്ങുന്നതാണ് രീതി. ഇത് ജീവനക്കാർക്കു ബുദ്ധിമുട്ടാണെന്നാണ് പരാതി. 10 മണിക്കൂറിലധികം സമയമെടുക്കുന്ന റൂട്ടുകളുടെ ചെയിൻ സർവീസുകളിലും ഇന്റർസിറ്റി സർവീസുകളിലും ഇടയ്ക്കു ജീവനക്കാർ മാറുന്നതിന് പകരം 8 മണിക്കൂർ ജോലിക്കു ശേഷം വിശ്രമം ഉറപ്പുവരുത്തി രണ്ടാം ഡ്യൂട്ടി അനുവദിക്കാമെന്നും ശുപാർശയുണ്ട്.

ഇത്തരം ഷെഡ്യൂളുകളിൽ ആകെ സർവീസ് സമയം 14 മണിക്കൂറായി നിശ്ചയിക്കണം. ഡ്യൂട്ടി മാറൽ, വാഹന സുരക്ഷാ പരിശോധന എന്നിവ ബസ് സ്റ്റോപ്പുകളിലും നടത്തണം. ഡ്യൂട്ടിക്കു ശേഷം ടിക്കറ്റ് മെഷീനുകളുടെ ഏറ്റെടുക്കലിനും തിരികെ ഏൽപ്പിക്കുന്നതിനും 15 മിനിട്ട് അനുവദിക്കാം. പ്ലസ്ടു യോഗ്യതയുള്ള എല്ലാ ഡ്രൈവർമാർക്കും കണ്ടക്ടർ ലൈസൻസ് നൽകണമെന്നും ഇനി മുതൽ ഡ്രൈവർ കം കണ്ടക്ടർ കേഡറിൽ മാത്രം റിക്രൂട്മെൻറ് നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് രാത്രി ഷിഫ്റ്റുകൾക്ക് ഒരു ഡ്യൂട്ടി ഓഫ് നൽകാമെന്നും ശുപാർശയുണ്ട്. 13 ന് മന്ത്രിയുടെ അധ്യക്ഷതയിൽ വീണ്ടും യോഗം ചേരും.

related stories