Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുന്നണിയിലെടുത്തും ലയിപ്പിച്ചും കക്ഷികളെ അനുനയിപ്പിച്ച് സിപിഎം

Kodiyeri_Balakrishnan സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം ∙ ഘടകകക്ഷി സ്ഥാനം നൽകിയും ലയനചർച്ചകൾക്കു മുൻകൈയെടുത്തും എൽഡിഎഫിനു പുറത്തുനിൽക്കുന്ന കക്ഷികളുടെ പ്രശ്നങ്ങൾ തീർക്കാൻ സിപിഎം. ലോക്സഭാ തിരഞ്ഞെടുപ്പു മുന്നിൽ കണ്ടുള്ള ഈ ശ്രമം അവസാനഘട്ടത്തിലാണ്. അടുത്ത മുന്നണി യോഗം അംഗത്വ കാര്യത്തിൽ തീരുമാനമെടുത്തേക്കും.

എൽജെഡി

എം.പി വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പഴയ ജനതാദളിന്റെ പുതിയ രൂപമായ ലോക്താന്ത്രിക് ജനതാദളിനെ എൽഡിഎഫിലെടുത്തേക്കും. കോഴിക്കോട്, വടകര ലോക്സഭാ സീറ്റുകൾ തിരിച്ചുപിടിക്കാൻ ഇവർക്കു മതിയായ അംഗീകാരം നൽകി കൂടെ നിർത്തണമെന്ന അഭിപ്രായമാണു പരിഗണിക്കുന്നത്. യുഡിഎഫ് വിട്ടുവരുമ്പോൾ ഇവരെ എൽഡിഎഫിൽ ഉൾപ്പെടുത്താമെന്ന വാഗ്ദാനമുണ്ടായിരുന്നുവെങ്കിലും  ദൾ(എസ്) മുന്നണിയിലുള്ളതിനാൽ രണ്ടു ദളുകൾ ഒരുമിച്ചു വേണോയെന്ന ആശയക്കുഴപ്പമുണ്ടായി.

ഐഎൻഎൽ

എൽഡിഎഫിലുൾപ്പെടുത്താൻ സിപിഎം തീരുമാനിച്ചിരിക്കുന്ന രണ്ടാമത്തെ കക്ഷി. കാൽനൂറ്റാണ്ടോളമായി മുന്നണിക്കൊപ്പം നിൽക്കുന്നതിനാൽ ഇനി തഴയാനാവില്ല. വർഗീയ പാർട്ടിയോയെന്നതു സംബന്ധിച്ചു പൊളിറ്റ് ബ്യൂറോ വരെ നീണ്ട തർക്കം തടസമായിരുന്നെങ്കിലും അവർ ഇടതുമതേതര കൂറു തെളിയിച്ചുവെന്നു നിഗമനം. പഴയ ശക്തി പാർട്ടിക്കില്ലെന്ന വിശകലനമുണ്ടെങ്കിലും കാസർകോട് ലോക്സഭാ മണ്ഡലത്തിലും ഉപതിരഞ്ഞെടുപ്പു നടക്കുന്ന മഞ്ചേശ്വരത്തും ഈ വോട്ട് നിർണായകമെന്നു വിലയിരുത്തൽ. 

ജനാധിപത്യ കേരള കോൺഗ്രസ്

എൽഡിഎഫ് അംഗത്വത്തിനു പരിഗണിക്കുന്ന മൂന്നാമത്തെ പാർട്ടി. കേരള കോൺഗ്രസ്(സ്കറിയാ തോമസ്) വിഭാഗം എൽഡിഎഫിലുള്ളതും കേരള കോൺഗ്രസ്(ബി) പുറത്തുനിൽക്കുന്നതുമാണു മൂന്നാമതൊരു കേരള കോൺഗ്രസിന്റെ സാധ്യതയ്ക്കു തടസം. കേരള കോൺഗ്രസുകളെല്ലാം ചേർന്ന് ഒന്നാകണമെന്ന സിപിഎം–സിപിഐ നിർദേശം ഇവരുടെ കാര്യത്തിൽ പ്രാവർത്തികമാകുന്നില്ല. 

കേരള കോൺഗ്രസ് (ബി)

ആർ. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിലുള്ള പാർട്ടി എൽഡിഎഫിൽ ഘടകകക്ഷിയായ എൻസിപിയിൽ ലയിക്കാനൊരുങ്ങുന്നതു സിപിഎം താൽപര്യം കൂടി കണക്കിലെടുത്താണ്. ബാലകൃഷ്ണപിള്ള അതുവഴി എൽഡിഎഫിലെത്തിയാൽ പിന്നെ പുറത്തുനിൽക്കുന്ന ജനാധിപത്യ കേരളകോൺഗ്രസിനു മുന്നണി അംഗത്വത്തിനു സാധ്യത വർധിക്കും. 

സിഎംപി

 രണ്ടായി പിളർന്ന സിഎംപിയിൽ എൽഡിഎഫിനൊപ്പം നിൽക്കുന്ന എം.കെ.കണ്ണൻ വിഭാഗം വൈകാതെ സിപിഎമ്മിന്റെ ഭാഗമാകും. ചർച്ച അവസാനഘട്ടത്തിൽ 

ജെഎസ്എസ്

കെ.ആർ.ഗൗരിയമ്മയ്ക്കു താൽപര്യമുളള ഏതു സമയത്തും അവർ വീണ്ടും സിപിഎമ്മിലെത്തും. പാർട്ടിയിലേക്കു ഗൗരിയമ്മയെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം വീണ്ടും നടത്തുന്നു.

‘ഒറ്റയാൻമാർ’ കക്ഷിയുടെ ഭാഗമാകണം

ഓരോ എംഎൽഎമാരുള്ള ആർഎസ്പി (ലെനിനിസ്റ്റ്), നാഷനൽ സെക്കുലർ കോൺഫറൻസ് എന്നിവരോട് ഏതെങ്കിലും കക്ഷിയുടെ ഭാഗമായി എൽഡിഎഫിലെത്താൻ നോക്കണമെന്നാണു സിപിഎം ആവശ്യപ്പെട്ടിരിക്കുന്നത്. വിപുലീകരണവുമായി ബന്ധപ്പെട്ട് ഇക്കാര്യത്തിലും ധാരണയിലെത്താൻ നോക്കും. വേറെയും ചെറുകക്ഷികൾ മുന്നണിക്കു പുറത്തുണ്ടെങ്കിലും അവരുടെ കാര്യത്തിൽ ‘തൽസ്ഥിതി’ക്കാണു സാധ്യത.