Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിലെ ക്രമസമാധാനം തകർക്കാൻ ശ്രമം: പിണറായി വിജയൻ

Pinarayi Vijayan പിണറായി വിജയൻ

കോഴിക്കോട് ∙ ശബരിമലയിലെ ക്രമസമാധാനം തകർക്കാനാണു ചിലരുടെ ശ്രമമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അവർക്കുള്ള മണ്ണ് കേരളത്തിലില്ല. ഇപ്പോൾ ശബരിമല ശാന്തമാണ്. പൊതുവായ ശാന്തത തകർക്കാനുള്ള ശ്രമം കേരളത്തിനുപുറത്തു പയറ്റിത്തെളിഞ്ഞതാണ്. അതു കേരളത്തിൽ നടക്കില്ല.

ശബരിമലയുടെ നിയന്ത്രണം പൊലീസിന്റെ കയ്യിൽത്തന്നെയാണ്. ശബരിമലയിൽ മാധ്യമപ്രവർത്തകരെ തടഞ്ഞതും തല്ലിയതും പൊലീസല്ല. ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം എന്താണെന്നു പൊതുജനങ്ങൾക്കും മാധ്യമ പ്രവർത്തകർക്കുമടക്കം എല്ലാവർക്കും മനസ്സിലായെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊയിലാണ്ടി ഗെസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

1987–88ൽ ആർഎസ്എസ് ഗുരുവായൂരിൽ സമരം നടത്തിയിരുന്നു. ഭണ്ഡാരത്തിൽ ഒന്നുമിടേണ്ടെന്ന അവരുടെ ആഹ്വാനം വിശ്വാസികൾ തള്ളി. മാസവരുമാനം മുടങ്ങാൻ സർക്കാർ അനുവദിക്കില്ല. അമ്പലങ്ങളെ തകർക്കാൻ ആർഎസ്എസ് രംഗത്തിറങ്ങിയാൽ സർക്കാർ കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊലീസ് ആർഎസ്എസിന്റെ ബീ ടീം: രമേശ്

കൊല്ലം ∙ ശബരിമല പൊലീസ് നിയന്ത്രണത്തിലല്ല; ആർഎസ്എസ് നിയന്ത്രണത്തിലായിരുന്നെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആർഎസ്എസിന്റെ ബി ടീം ആയാണു പൊലീസ് പ്രവർത്തിച്ചത്. സർക്കാരും ആർഎസ്എസും തമ്മിലുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണിത്. ആർഎസ്എസ് നേതാവിനു പൊലീസിന്റെ മൈക്ക് ഉപയോഗിക്കാനും ആചാരലംഘനം നടത്താനും എന്തിനാണ് അനുമതി നൽകിയത്? ആർഎസ്എസുകാർക്കു തമ്പടിക്കാനും ഭീഷണിപ്പെടുത്താനും വെല്ലുവിളിക്കാനും അവസരം നൽകിയതിനെക്കുറിച്ചു മുഖ്യമന്ത്രി പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു..

മുഖ്യമന്ത്രി കനത്ത വില നൽകേണ്ടിവരും: മുല്ലപ്പള്ളി

തിരുവനന്തപുരം ∙ ശബരിമലയുടെ നിയന്ത്രണം ആർഎസ്എസിനെ ഏൽപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ കനത്ത വില നൽകേണ്ടി വരുമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണ ഒരിക്കൽക്കൂടി പുറത്തായി.  

പൊലീസിന്റെ നിഴൽപോലും അവിടെ ഇല്ലാതെ വന്നപ്പോൾ ഭക്തജനങ്ങളും സ്ത്രീകളും മാധ്യമപ്രവർത്തകരും വഴിയാധാരമായി. സന്നിധാനത്തിന്റെ പൂർണ നിയന്ത്രണം ആർഎസ്എസ്സുകാർ കയ്യടക്കി. ശബരിമലയിൽ  എല്ലാം ഭദ്രമാണെന്ന മുഖ്യമന്ത്രിയുടെ  പ്രസ്താവന ഞെട്ടിച്ചെന്നു മുല്ലപ്പള്ളി പറഞ്ഞു. 

പാവനമായ പതിനെട്ടാം പടിയിൽ ഇരുമുടിക്കെട്ടില്ലാതെ കയറിനിന്നാണ് ആർഎസ്എസ് നേതാവ് അണികൾക്കു നിർദേശം നൽകിയത്. ദേവസ്വം ബോർഡ് അംഗവും  ഇരുമുടിക്കെട്ടില്ലാതെ പടി കയറുന്നതു കണ്ടു. ആചാരാനുഷ്ഠാനങ്ങൾ ലംഘിക്കുന്നതിൽ ആർഎസ്എസും ഇടതുപക്ഷവും തമ്മിൽ മത്സരിക്കുകയാണെന്നു മുല്ലപ്പള്ളി പറഞ്ഞു.

സംഘപരിവാർ ശ്രമം കലാപമുണ്ടാക്കാൻ: കോടിയേരി

തിരുവനന്തപുരം∙ ശബരിമല ദർശനത്തിനെത്തിയ 52 വയസ് കഴിഞ്ഞ സ്‌ത്രീയെ സംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ സന്നിധാനത്തു തടയുകയും മർദിക്കുകയും ചെയ്‌തതു നാട്ടിൽ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.

സുപ്രീം കോടതി വിധി വരുന്നതിനു മുമ്പു വരെ 50 വയസു കഴിഞ്ഞ സ്‌ത്രീകൾക്കു യഥേഷ്ടം ശബരിമലയിൽ പോകാമായിരുന്നു. ഇപ്പോൾ സ്‌ത്രീകളാരും ശബരിമലയിൽ വരേണ്ടെന്ന നിലപാടാണ്‌. വിശ്വാസത്തിന്റെ പേരു പറഞ്ഞ് ഏതു സ്‌ത്രീകളെയും തടയാനും കടന്നുപിടിച്ചാക്രമിക്കാനും തയാറാകുന്നതിലേക്കാണ് ആർഎസ്‌എസിന്റെ പ്രവർത്തനമെന്നു കോടിയേരി പറഞ്ഞു.

വിധിയുടെ പേരിൽ അഴിഞ്ഞാട്ടം: ഇ.പി. ജയരാജൻ

കണ്ണൂർ ∙ മദ്യപിച്ചും കഞ്ചാവടിച്ചും നിലവാരംവിട്ട കുറേയെണ്ണം, ശബരിമല യുവതീപ്രവേശം സംബന്ധിച്ച കോടതിവിധിയുടെ പേരിൽ അഴിഞ്ഞാടുകയാണെന്നു മന്ത്രി ഇ.പി.ജയരാജൻ. ശബരിമലയിൽ സമരാഭാസത്തിനും പൊലീസിനെ പ്രകോപിപ്പിക്കാനും ആർഎസ്എസ് ആളെ അയയ്ക്കുകയാണ്. വിശ്വാസികളുടെ വിശ്വാസം കാത്തുസൂക്ഷിക്കുകയാണു സർക്കാർ ലക്ഷ്യം. ശബരിമലയിൽ സംഘർഷമില്ലാതാക്കാനുള്ള ശ്രമമാണു സർക്കാർ കൈക്കൊള്ളുന്നത്. മഹാപാപമാണു ചെയ്യുന്നതെന്നു ശബരിമല സമരത്തിന്റെ പേരിൽ നാമജപയാത്രയിൽ അണിനിരക്കുന്ന സ്ത്രീകൾ മനസ്സിലാക്കണമെന്നും ജയരാജൻ പറഞ്ഞു.

ഭക്തർക്ക് സൗകര്യം നിഷേധിച്ചതിന് നടപടി വേണം: പി.സി. ജോർജ്

എരുമേലി ∙ ശബരിമലയിൽ എത്തിയ ഭക്തർക്ക് താമസ സൗകര്യവും ഭക്ഷണവും വെള്ളവും ശുചിമുറി സൗകര്യവും നിഷേധിച്ച പൊലീസ് നടപടിക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ  ഹൈക്കോടതിയിൽ   ഉത്തരം പറയേണ്ടി വരുമെന്ന് പി.സി. ജോർജ് എംഎൽഎ.    പത്തനംതിട്ട ജില്ലാ കലക്ടറെ  പ്രതിയാക്കി ഹൈക്കോടതിയിൽ റിട്ട് ഹർജി നൽകുമെന്നും പി.സി.ജോർജ്  പറഞ്ഞു. എരുമേലി ധർമ്മ ശാസ്താ ക്ഷേത്രാങ്കണത്തിൽ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ അഖണ്ഡനാമജപയജ്ഞ വേദിയിൽ എത്തി ആശംസ അർപ്പിക്കുകയായിരുന്നു അദ്ദേഹം. 

ആർഎസ്എസ് അതിക്രമം: മന്ത്രി ശൈലജ

കോഴിക്കോട് ∙ ശബരിമലയിൽ നടക്കുന്നത് ആർഎസ്എസ് അതിക്രമമാണെന്നു മന്ത്രി കെ.കെ.ശൈലജ. മലകയറാൻ വരുന്ന സ്ത്രീകളുടെ പ്രായം പരിശോധിക്കാൻ ആരാണ് ഇവർക്ക് അധികാരം നൽകിയത് ? ക്ഷേത്ര നിയന്ത്രണം ആർഎസ്എസിന് ഏറ്റെടുക്കാൻ കഴിയില്ല. ഇവർ കൂട്ടംകൂടി നിൽക്കുന്നതുകൊണ്ട് ഭക്തർക്കു മനഃസമാധാനമായി ദർശനം നടത്താനും കഴിയുന്നില്ല. ക്ഷേത്രപരിസരത്തുനിന്ന് ഇവരെ ഒഴിപ്പിക്കുകയാണു വേണ്ടത്. ആചാരങ്ങൾ മാറിയതുകൊണ്ടു നാടിന് ഒന്നും സംഭവിച്ചിട്ടില്ലെന്നു ചരിത്രം പരിശോധിച്ചാൽ അറിയാമെന്നും മന്ത്രി പറഞ്ഞു.

പൊലീസുകാർക്ക് പണിക്കുമേൽ ‘പണി’

തിരുവല്ല ∙ ജോലി കഠിനമാണെങ്കിലും ശമ്പളം സമയത്തുകിട്ടാത്ത അവസ്ഥയിലായി പത്തനംതിട്ട ജില്ലയിലെ പൊലീസുകാർ. സാലറി ചാലഞ്ചുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിനാൽ ജില്ലയിലെ 1400 പൊലീസുകാർക്കും ഈ മാസം ശമ്പളം കിട്ടിയിട്ടില്ല. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് രാപകൽ ജോലിക്കിടെ അത്യാവശ്യത്തിനു പോലും പണമില്ലാതെ ബുദ്ധിമുട്ടുകയാണ് പലരും. എല്ലാ മാസവും ആദ്യ പ്രവൃത്തിദിനത്തിലാണ് പൊലീസുകാർക്ക് ശമ്പളം ലഭിക്കുന്നത്.