Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമല: പൊലീസിനു വീഴ്ച; ഡിജിപി റിപ്പോർട്ട് തേടി

sabarimala-temple-closing

തിരുവനന്തപുരം∙ ശബരിമലയിലെ സുരക്ഷയിൽ പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചതായി ഉന്നതതല വിലയിരുത്തൽ. സംഭവിച്ച കാര്യങ്ങൾ അതേപടി ഉടൻ റിപ്പോർട്ട് ചെയ്യാൻ സന്നിധാനത്തിന്റെ ചുമതലയുണ്ടായിരുന്ന തൃശൂർ റേഞ്ച് ഐജി എം.ആർ. അജിത്കുമാറിനോടു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു. 16നു തുടങ്ങുന്ന മണ്ഡല–മകരവിളക്കു സീസണിൽ സുരക്ഷാ ക്രമീകരണം അടിമുടി മാറ്റാനാണു സാധ്യത. ഇന്നലെ ഡിജിപിയുടെ സാന്നിധ്യത്തിൽ ചേർന്ന അനൗദ്യോഗിക യോഗത്തിലാണു വീഴ്ച സംബന്ധിച്ച വിലയിരുത്തൽ ഉണ്ടായത്. 

ചിത്തിര ആട്ടത്തിരുനാളിനു തിങ്കളാഴ്ച വൈകിട്ടു നട തുറക്കുന്നതിനു മുന്നോടിയായി പൊലീസ് വൻ സുരക്ഷാ ഒരുക്കങ്ങൾ നടത്തിയെങ്കിലും ചൊവ്വാഴ്ച രാവിലെയോടെ സന്നിധാനത്തെ നിയന്ത്രണം പൂർണമായി നഷ്ടപ്പെട്ടു. ചെറുസംഘങ്ങളായെത്തി ഒത്തുകൂടിയ പ്രതിഷേധക്കാരെ തിരിച്ചയയ്ക്കാൻ കഴിഞ്ഞില്ല. പതിനെട്ടാം പടിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർ അപ്രത്യക്ഷരായി. സന്നിധാനത്ത് ആദ്യമായി വിന്യസിച്ച 15 വനിതാ പൊലീസുകാരെയും കണ്ടില്ല. സന്നിധാനത്തു കൂടുതൽ സമയം തങ്ങാൻ ആരെയും അനുവദിക്കേണ്ടെന്ന തീരുമാനം അതോടെ പാളി. 

ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരി പൊലീസ് മൈക്ക് ഉപയോഗിക്കുന്നതും പതിനെട്ടാം പടിയിൽനിന്നു പ്രതിഷേധക്കാരോടു സംസാരിക്കുന്നതും ചാനലുകളിൽ കണ്ടപ്പോൾ തന്നെ ഐജി അജിത്തുമായി ഡിജിപി ഫോണിൽ സംസാരിച്ചിരുന്നു. എസ്പിമാർക്കു ചുമതല നൽകിയിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 

ഇന്നും നാളെയുമായി ചേരുന്ന ഉന്നതതല യോഗം മണ്ഡല–മകരവിളക്കു കാലത്തെ സുരക്ഷാ ക്രമീകരണം ചർച്ച ചെയ്യുമെന്നു ബെഹ്റ മനോരമയോടു പറഞ്ഞു. 

നിയന്ത്രണം: കേന്ദ്ര മുന്നറിയിപ്പ് ചൂണ്ടിക്കാട്ടി പൊലീസ് 

കൊച്ചി ∙ ശബരിമലയിൽ മാധ്യമപ്രവർത്തകരെയും യഥാർഥ ഭക്തരെയും തടഞ്ഞിട്ടില്ലെന്നും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ നടപടി വേണമെന്നു കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നതായും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. സുപ്രീം കോടതി വിധിക്കെതിരെ ചില ഹിന്ദു സംഘടനകൾ പ്രതിഷേധത്തിനു പദ്ധതിയിട്ടിട്ടുണ്ടെന്നു കേരളം, തമിഴ്നാട്, കർണാടക ചീഫ് സെക്രട്ടറിമാർക്കു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പു നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം തടയാൻ നടപടി വേണമെന്നും നിർദേശമുണ്ടായിരുന്നതായി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ വിശദീകരിച്ചു. പൊലീസ് മാധ്യമവിലക്ക് ഏർപ്പെടുത്തിയെന്ന ഹർജിയാണു കോടതി പരിഗണിച്ചത്.

കഴിഞ്ഞ മാസപൂജ സമയത്തു ചില തീവ്രസംഘടനകൾ സ്ത്രീകളെ തടയുകയും വാഹനങ്ങൾ തകർക്കുകയും ചെയ്തതായി പൊലീസ് ചൂണ്ടിക്കാട്ടി. വനിതാ മാധ്യമപ്രവർത്തകർക്കു നേരെ അക്രമം ഉണ്ടായിരുന്നു. ഇക്കുറി സുരക്ഷ ഉറപ്പാക്കാനാണു കുറച്ചുനേരം നിയന്ത്രണം വേണ്ടിവന്നത്. ഇന്റലിജൻസ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി റിപ്പോർട്ട് നൽകിയതിനെ തുടർന്നാണു കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്നും അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.