Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാത്യൂസ് പ്രഥമൻ ബാവായുടെ ഓർമപ്പെരുന്നാൾ സമാപിച്ചു

കോട്ടയം ∙ ദേവലോകം അരമനയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ ഓർമപ്പെരുന്നാൾ സമാപിച്ചു. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിൽ മൂന്നിൻമേൽ കുർബ്ബാനയും കബറിങ്കൽ ധൂപപ്രാർഥനയും നടത്തി. കുര്യാക്കോസ് മാർ ക്ലിമ്മീസ്, ഡോ. മാത്യൂസ് മാർ തിമോത്തിയോസ്, അലക്സിയോസ് മാർ യൗസേബിയോസ്, ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, ഫാ. വി.എം.ഏബ്രഹാം വാഴയ്‌ക്കൽ, ഫാ. പി.ജെ. ജോസഫ് എന്നിവർ സഹകാർമികരായിരുന്നു. ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ അനുസ്‌മരണ പ്രസംഗം നടത്തി.

കോട്ടയം സെൻട്രൽ  ഭദ്രാസന എംജിഒസിഎസ്എമ്മും  മാർ ഏലിയാ കത്തീഡ്രലും നടത്തിയ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് പ്രഥമൻ സ്‌മാരക അഖില മലങ്കര ക്വിസ് മത്സരത്തിന്റെ സമ്മാനദാനം  കാതോലിക്കാ ബാവാ നിർവഹിച്ചു. മത്സരത്തിൽ ഒന്നാം സ്ഥാനം പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രലും, രണ്ടാം സ്ഥാനം പാമ്പാടി സെന്റ് ജോൺസ് കത്തീഡ്രലും, മൂന്നാം സ്ഥാനം മണപ്പളളി സെന്റ് മേരീസ് പളളിയും നേടി. ദേവലോകം അരമനയിലെ സംയുക്ത ഓർമ്മപ്പെരുന്നാൾ ജനുവരി 2,3 തീയതികളിൽ ആചരിക്കും. ആലോചനാ യോഗത്തിൽ കുര്യാക്കോസ് മാർ ക്ലിമ്മീസ്  അധ്യക്ഷനായി. ജനറൽ കൺവീനറായി ഫാ. ഇട്ടി തോമസിനെ തിരഞ്ഞെടുത്തു. അരമന മാനേജർ ഫാ. എം.കെ. കുര്യൻ പ്രസംഗിച്ചു.