Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശ സഹായം: കേന്ദ്ര നിലപാടിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിദേശ സഹായം സ്വീകരിക്കുന്നതു വിലക്കിയ കേന്ദ്ര നിലപാടിനെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇ ഭരണകൂടം വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കുന്നതിന് കേന്ദ്രം അനുമതി നിഷേധിച്ചതിലൂടെ തുടർന്ന് കിട്ടുമായിരുന്ന ആയിരക്കണക്കിന് കോടി രൂപ സംസ്ഥാനത്തിന് നഷ്ടമായതായി മുഖ്യമന്ത്രി പറഞ്ഞു. വിദേശ രാജ്യങ്ങളിൽനിന്ന് സഹായം സ്വീകരിക്കുന്നതിനെ കേന്ദ്രം വിലക്കിയ കാരണം ഇനിയും വ്യക്തമല്ല. 

ഇപ്പോഴത്തെ പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ ഇത്തരത്തിൽ സഹായം സ്വീകരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ‘പ്രളയാനന്തര പ്രവർത്തനങ്ങളും നവകേരള സൃഷ്ടിയും’ എന്ന വിഷയത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമായി കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷനും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷനും ചേർന്ന് സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രളയ ദുരന്തത്തെ നേരിട്ട ഒരുമയോടെ പുനർ നിർമാണത്തെയും കാണാനാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയത്തിൽ കേരളത്തിനുണ്ടായ നഷ്ടം 31,000 കോടി രൂപയിലധികമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സംഘത്തിന്റെ കണ്ടെത്തൽ. ഇതിൽ മാനദണ്ഡങ്ങളനുസരിച്ച് കേന്ദ്ര സഹായമായി ആവശ്യപ്പെടാനാകുന്നത് 4796 കോടി മാത്രമാണ്. 26,000 കോടിയോളം രൂപ വേറെ കണ്ടെത്തേണ്ട അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ 2000 കോടിയിൽപരം രൂപ ലഭിച്ചിട്ടുണ്ട്. ക്രൗഡ് ഫണ്ടിംഗിലൂടെ ധന സമാഹരണത്തിനും ഐഡിയാ ഹണ്ടിലൂടെ പുതിയ ആശയങ്ങൾ സമാഹരിക്കാനുമാണ് സർക്കാർ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.എ. തുളസി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ, എ.സി. മൊയ്തീൻ, ഇ. ചന്ദ്രശേഖരൻ, കെ.കെ. ശൈലജ, ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ജനറൽ സെക്രട്ടറി പി. വിശ്വംഭരപണിക്കർ, ആസൂത്രണ ബോർഡ് അംഗങ്ങളായ ഡോ. കെ.എൻ. ഹരിലാൽ, ഡോ. ബി. ഇക്ബാൽ, നവ കേരള കർമ പദ്ധതി കോ-ഓർഡിനേറ്റർ ചെറിയാൻ ഫിലിപ്പ്, ഹരിത കേരളം മിഷൻ എക്‌സിക്യൂട്ടീവ് വൈസ് ചെയർപേഴ്‌സൺ ഡോ. ടി.എൻ. സീമ, പഞ്ചായത്ത് ഡയറക്ടർ എച്ച്. ദിനേഷ്, കില ചെയർമാൻ ഡോ. ജോയ് ഇളമൺ, ചേംബർ ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മുനിസിപ്പൽ ചെയർമാൻസ് ചേംബർ പ്രസിഡന്റ് വി.വി. രമേശൻ, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് ആർ. സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു. 

പുനരധിവാസ പ്രവർത്തനങ്ങളിൽ മികച്ച പങ്ക് വഹിച്ച തദ്ദേശ സ്ഥാപന ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു.  

related stories