Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാഫിക് പൊലീസിലേക്ക് വ്യാജ റിക്രൂട്മെന്റ്, പരിശീലനം: 3 പേർ പിടിയിൽ

shymon-bijoy-and-sanithamol പൊലീസിലേക്കു വ്യാജ റിക്രൂട്ട്മെന്റ് നടത്തിയ കേസിൽ പിടിയിലായ ഷൈമോൻ, ബിജോയി, സനിതമോൾ.

കോട്ടയം∙ ട്രാഫിക് പൊലീസിലേക്കെന്ന പേരിൽ വ്യാജ റിക്രൂട്മെന്റും പരിശീലനവും നടത്തിയിരുന്ന ഒൻപതംഗ സംഘത്തിലെ മൂന്നു പേർ പിടിയിൽ. കൊല്ലാട് വട്ടുക്കുന്നേൽ ഷൈമോൻ (40), ഒളശ ചെല്ലിത്തറ ബിജോയി (32), മൂലേടം കുന്നംപള്ളി വാഴക്കുഴി സനിതമോൾ (29) എന്നിവരെയാണ് റിക്രൂട്ട്മെന്റിനിടെ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തത്. സംഘത്തിലെ മൂന്നു സ്ത്രീകൾ അടക്കം ആറുപേർ ഒളിവിലാണ്.

കടുവാക്കുളത്തെ സ്വകാര്യ സ്കൂളിൽ പൊലീസ് വേഷത്തിൽ കഴിഞ്ഞ മാസം 27ന് എത്തിയ സംഘം റിക്രൂട്മെന്റ് ആവശ്യത്തിനായി സ്കൂളും മൈതാനവും ആവശ്യപ്പെട്ടു. പൊലീസിന്റെ ഔദ്യോഗിക ആവശ്യമെന്നു കരുതി സ്കൂൾ അധികൃതർ അനുവദിച്ചു. 28ന് ആദ്യ പരീക്ഷ നടത്തി. ഇതിൽ 76 പേർ പങ്കെടുത്തു. 200 രൂപ വീതമാണ് ഫീസ് ഈടാക്കിയത്. 14 പേരെ ഹെഡ് കോൺസ്റ്റബിൾ തസ്തികയിലേക്കു തിരഞ്ഞെടുത്തു. ഇവർക്കായി കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ കായിക പരിശീലനവും സംഘടിപ്പിച്ചു. 3000 രൂപ വീതം യൂണിഫോമിനെന്ന പേരിൽ വാങ്ങി.

ട്രാഫിക് ട്രെയിൻഡ് പൊലീസ് ഫോഴ്സ് എന്ന സീൽ പതിപ്പിച്ച വ്യാജ ലെറ്റർ പാഡിലാണു സംഘം ഉദ്യോഗാർഥികൾക്കും മറ്റും കത്തുകൾ നൽകിയിരുന്നത്. പരിശീലന ദിവസങ്ങളിൽ സംഘാംഗങ്ങളെല്ലാം പൊലീസ് വേഷത്തിലാണ് എത്തിയിരുന്നത്. പൊലീസ് ട്രെയിനിങ് അക്കാദമിയിൽ ഉപയോഗിക്കുന്ന ടീ ഷർട്ടുകളും ഇവർ ധരിച്ചിരുന്നു. സംഘത്തിലൊരാൾ ഡിഐജിയാണെന്നാണ് ഉദ്യോഗാർഥികളോടു പറഞ്ഞിരുന്നത്. മറ്റുള്ളവർ എസിപിയും സിഐയും എസ്ഐമാരും. സ്ത്രീകളും പൊലീസ് യൂണിഫോമാണ് ഉപയോഗിച്ചിരുന്നത്.

ഉന്നത വിദ്യാഭ്യാസമുള്ള ഒട്ടേറെപ്പേരും സംഘത്തിന്റെ തട്ടിപ്പിനിരയായി. പൊലീസിന്റെ പേരിൽ റിക്രൂട്മെന്റും പരിശീലനവും നടക്കുന്നുവെന്ന വിവരത്തെ തുടർന്നു കൊല്ലാടെത്തിയ പൊലീസ് സ്കൂൾ അധികൃതരോടും ഇക്കാര്യം ചോദിച്ചുറപ്പാക്കി.തുടർന്നു സ്കൂൾ വളഞ്ഞാണു മൂന്നു പേരെ പിടികൂടിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.