Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലപ്പുറത്തെ വീട്ടമ്മ, രേഖകളിൽ മന്ത്രിമന്ദിരത്തിലെ തോട്ടക്കാരി; കൈപ്പറ്റുന്ന ശമ്പളം പതിനേഴായിരത്തിലേറെ!

K.T. Jaleel

കണ്ണൂർ∙ മലപ്പുറത്തെ വീട്ടമ്മ 2 വർഷമായി മന്ത്രി കെ.ടി.ജലീലിന്റെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ തോട്ടക്കാരിയായി ശമ്പളം പറ്റുന്നുവെന്നു വിവരാവകാശ രേഖകൾ. തന്റെ ഔദ്യോഗിക വസതിയിൽ സഹായിയായി 2 വർഷമായി അവർ ജോലി ചെയ്യുന്നുണ്ടെന്നാണു മന്ത്രിയുടെ വിശദീകരണമെങ്കിലും വീട്ടമ്മ സ്ഥിരമായി വളാഞ്ചേരി തൊഴുവാനൂരിലെ വീട്ടിലുണ്ടെന്നും എവിടെയും ജോലിക്കു പോകാറില്ലെന്നും പ്രദേശവാസികൾ പറയുന്നു. 

മന്ത്രിയുടെ സുഹൃത്തും കെഎസ്ആർടിസി ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗവുമായ ജനതാദൾ നേതാവിന്റെ ഭാര്യയാണു രേഖകളിൽ മന്ത്രിമന്ദിരത്തിൽ തോട്ടപ്പണിയെടുക്കുന്നത്. മാസം പതിനേഴായിരത്തിലേറെ രൂപ സംസ്ഥാന ടൂറിസം ഡയറക്ടറുടെ കാര്യാലയത്തിൽനിന്ന് അവർക്ക് ശമ്പളമായി അനുവദിക്കുന്നുണ്ടെങ്കിലും ആരാണു ശമ്പളം കൈപ്പറ്റുന്നത് എന്നു വ്യക്തമല്ല. 

ഔദ്യോഗിക വസതിയായ ‘ഗംഗ’യിൽ പൂന്തോട്ടം പരിചാരികയായാണു തൊഴുവാനൂർ സ്വദേശിനി ജോലി ചെയ്യുന്നതെന്നാണു വിവരാവകാശ നിയമപ്രകാരം നൽകിയ രേഖയിൽ പറയുന്നത്. ഇവർ അടക്കം 3 പേരാണു ‘ഗംഗ’യിൽ പൂന്തോട്ടം പരിചരിക്കാൻ മാത്രമുള്ളത്. 

ഭാര്യ വളാഞ്ചേരിയിലെ സ്വന്തം വീട്ടിലുണ്ടെന്നായിരുന്നു അവരുടെ ഭർത്താവിനെ ഫോണിൽ വിളിച്ചപ്പോൾ മറുപടി. മന്ത്രിയുടെ വസതിയിലെ ജീവനക്കാർ ഇതു സംബന്ധിച്ചു പരസ്പര വിരുദ്ധമായ പ്രതികരണമാണു നടത്തിയത്. തൊഴുവാനൂർ സ്വദേശിനി അവധിയിലാണെന്നു മറ്റു ജീവനക്കാർ അറിയിച്ചെങ്കിലും, എന്നു മുതലാണ് അവധിയിൽ പോയതെന്നോ എന്നു തിരിച്ചു ജോലിയിൽ പ്രവേശിക്കുമെന്നോ വിശദീകരിക്കാൻ അവർ തയാറായില്ല.

related stories