Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശബരിമലയിൽ 200 ‘മുഖങ്ങൾ’ ക്യാമറ തിരിച്ചറിഞ്ഞു; നടപടി പിന്നീട്

sabarimala-protest

തിരുവനന്തപുരം∙ ചിത്തിര ആട്ടത്തിരുനാളിനു ശബരിമലയിൽ ഭക്തരായി എത്തിയവരിൽ 200 ലേറെ പേർ തുലാമാസ പൂജാവേളയിൽ അവിടെ അക്രമത്തിൽ പങ്കാളികളായവർ. പൊലീസ് സ്ഥാപിച്ച ഫേസ് ഡിറ്റക്‌ഷൻ ക്യാമറകളാണ് ഇവരെ തിരിച്ചറിഞ്ഞത്. എല്ലാവരും ജാമ്യത്തിലിറങ്ങിയാണു വീണ്ടും ശബരിമലയിൽ എത്തിയതെന്നു പൊലീസ് സ്ഥിരീകരിച്ചു.

തുലാമാസ പൂജാ സമയത്തു നിലയ്ക്കൽ മുതൽ സന്നിധാനം വരെയുള്ള അക്രമസംഭവങ്ങളിൽ ഉൾപ്പെട്ട 1500 പേരുടെ ചിത്രങ്ങൾ പൊലീസ് തയാറാക്കിയിരുന്നു. ഇവ  മുഖം തിരിച്ചറിയുന്ന ക്യാമറകളുമായി ബന്ധിപ്പിച്ചു. ഈ സംവിധാനമുള്ള 12 ക്യാമറകൾ നിലയ്ക്കൽ മുതൽ സന്നിധാനം വരെ സ്ഥാപിച്ചിരുന്നു. ഇത്തരക്കാർ വീണ്ടും എത്തിയപ്പോൾ ക്യാമറ മുന്നറിയിപ്പു സന്ദേശം കൺട്രോൾ റൂമിലേക്കു നൽകി.

കഴിഞ്ഞ വർഷം ചിത്തിര ആട്ടത്തിരുനാളിനു ആയിരത്തിലേറെ പേർ മാത്രമാണ് എത്തിയത്. ഇക്കുറി 7200 ഭക്തർ എത്തിയെന്നാണു പൊലീസ് കണക്ക്. നാനൂറോളം പേർ നെയ്യഭിഷേകം കഴിഞ്ഞയുടൻ തിരിച്ചിറങ്ങി. ബാക്കിയുള്ളവർ ഒരു പകൽ മുഴുവൻ സന്നിധാനത്തു തമ്പടിച്ചതായാണു സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നെത്തിയവരായിരുന്നു കൂടുതലും. ഇവരെല്ലാം ബിജെപി, ആർഎസ്എസ് അനുഭാവികളാണെന്നു പൊലീസ് പറഞ്ഞു.

ഇത്തവണ ശബരിമലയിൽ എത്തിയവരുടെയും സന്നിധാനത്തു നിരോധനാ‍ജ്ഞ ലംഘിച്ചു സംഘടിച്ചവരുടെയും ഫോട്ടോകളും വിഡിയോകളും പരിശോധിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ജാമ്യത്തിലിറങ്ങിയവർ ഇരുമുടിക്കെട്ടുമായി ക്ഷേത്രത്തിലെത്തിയാൽ നിയമപരമായി ഒന്നും ചെയ്യാൻ പൊലീസിനു കഴിയില്ല.

ഉന്നതതല യോഗം 12 ന്

മണ്ഡലകാലത്തെ ശബരിമല സുരക്ഷാ സംവിധാനം ചർച്ച ചെയ്യാൻ പൊലീസ് ഉന്നതതല യോഗം 12 ന്. ഇന്നലെയും ഇന്നുമായി യോഗം നിശ്ചയിച്ചിരുന്നെങ്കിലും പൊലീസ് വിന്യാസം സംബന്ധിച്ച റിപ്പോർട്ട് ലഭിക്കാത്തതിനാലാണു മാറ്റിവച്ചതെന്നു ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. ചിത്തിര ആട്ടത്തിരുനാളിനോടുബന്ധിച്ചു സന്നിധാനത്തുണ്ടായ പൊലീസ് വീഴ്ച യോഗം ചർച്ച ചെയ്യും.