Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൊടുവള്ളിയിൽ പിടികൂടിയത് 177 കോടിയുടെ സ്വർണക്കടത്ത്

Representational image

കൊച്ചി ∙ കോഴിക്കോട് കൊടുവള്ളിയിൽ പിടിച്ചതു സംസ്ഥാനത്തെ വൻ സ്വർണ കള്ളക്കടത്തെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്. 177 കോടി രൂപ വിലയുള്ള 590 കിലോഗ്രാം സ്വർണം കടത്തിയ കേസിൽ ഇതിനകം 5 പേർ അറസ്റ്റിലായി. വിവിധ സംഘങ്ങളുടെ തലവന്മാരായ 3 പേർക്കെതിരെ ലുക്കൗട്ട് സർക്കുലറിനു ഡിആർഐ നടപടി തുടങ്ങി.

കൊടുവള്ളി നീലേശ്വരം നൂഞ്ഞിക്കര നസീം എന്ന ചെറിയാവ, സഹോദരൻ തഹീം എന്ന വലിയാവ, ബന്ധുവായ മാനിപുരം യു. വി. ഷാഫി, വാവാട് സ്വദേശി ടി. കെ. സൂഫിയാൻ എന്നിവരാണ് കേസിൽ ഇതുവരെ അറസ്റ്റിലായ പ്രധാന പ്രതികൾ. കാരിയറായ നരിക്കുനി സ്വദേശി ഇഹ്‌ലാസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. താമരശ്ശേരി സ്വദേശി ഷറഫുദ്ദീൻ, സഹോദരൻ അബ്ദുൽ ഗഫൂർ, ആവിലോറ സ്വദേശി ഷമീർ അലി എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ്. കൊടുവള്ളി സ്വദേശികളായ അൽ അമീൻ, മുഹമ്മദ് ഷമീർ, ഷിഹാബുദ്ദീൻ, മുജീബ് റഹ്മാൻ, ഷിഹാദ് അലി, കണ്ണൂർ സ്വദേശി സഹദ് എന്നിവരും കേസിൽ പ്രതികളാണ്.

സ്വർണം ശുദ്ധീകരിക്കുന്ന 5 ഫർണസും 570 കിലോഗ്രാം സ്വർണം ശുദ്ധീകരിച്ചു നൽകിയതിന്റെ രേഖകളും കഴിഞ്ഞ ഓഗസ്റ്റിൽ നസീമിന്റെയും തഹീമിന്റെയും വീട്ടിൽനിന്നു ഡിആർഐ പിടിച്ചെടുത്തതോടെയാണ് വൻ കള്ളക്കടത്തിന്റെ വിവരങ്ങൾ പുറത്തായത്. സ്വർണം കടത്താൻ ഉപയോഗിച്ച ഉൾവസ്ത്രങ്ങൾ, 2.5 ലക്ഷം രൂപയുടെ സ്വർണമിശ്രിതം എന്നിവയും ഇവിടെനിന്നു ലഭിച്ചു.

നസീമും തഹീമും കള്ളക്കടത്തു സംഘങ്ങൾക്ക് 570 കിലോഗ്രാം സ്വർണം ശുദ്ധീകരിച്ചു നൽകിയതിന്റെ വിശദാംശങ്ങളടങ്ങിയ റജിസ്റ്ററും നോട്ട്ബുക്കുകളും മൊബൈൽ ഫോൺ വിശദാംശങ്ങളും കണ്ടെത്തിയിട്ടുണ്ടെന്നും സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിൽ ഡിആർഐ പറയുന്നു. ഇതിനു പുറമെ 20 കിലോഗ്രാം സ്വർണം കള്ളക്കടത്തു നടത്തിയതായും തഹീമും നസീമും ഡിആർഐക്കു ‌മൊഴി നൽകിയിട്ടുണ്ട്. ചില സംഘങ്ങളുടെ സ്വർണം വിറ്റുകിട്ടിയ പണം ഷാഫി ഹവാല ശൃംഖലവഴി വിദേശത്തെത്തിച്ചതായും ഡിആർഐ കണ്ടെത്തിയിട്ടുണ്ട്.

ബെംഗളൂരു വിമാനത്താവളത്തിൽ 3.67 കോടി രൂപയുടെ സ്വർണം ഡിആർഐ പിടിച്ചെടുത്ത കേസിലും കൊടുവള്ളിയിലെ ചില പ്രധാന സ്വർണക്കടത്തുകാർക്കു പങ്കുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതിലെ രണ്ടു പ്രധാന പ്രതികൾ വിദേശത്തേക്കു കടന്നതായാണു സൂചന.

കാരിയറായി സ്ത്രീകളും

ദുബായ്, ഷാർജ, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിൽനിന്നു കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോയമ്പത്തൂർ, തിരുച്ചിറപ്പള്ളി, ലക്നൗ, അഹമ്മദാബാദ്, മുംബൈ വിമാനത്താവളങ്ങൾ വഴിയാണു സ്വർണം കടത്തിയതെന്നും കാരിയറായി സ്ത്രീകളെയും ഉപയോഗിച്ചതായും ഡിആർഐ കണ്ടെത്തി. സ്വർണം പൊടിയാക്കി രാസവസ്തുക്കളുമായി കലർത്തിയശേഷം ഉൾവസ്ത്രങ്ങളിൽ ഒളിപ്പിച്ചാണു കടത്തിയത്. 

related stories