Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ജലീലിന്റെ ബന്ധുനിയമന വിവാദം: യോഗ്യതകളിൽ ഇളവു വരുത്തിയത് സർക്കാരെന്ന് കോർപറേഷൻ

K.T. Jaleel

കോഴിക്കോട് ∙ ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കി സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറും. ജനറൽ മാനേജർ തസ്തികയ്ക്കുവേണ്ട യോഗ്യതകളിൽ മാറ്റം വരുത്തിയതു സംസ്ഥാന സർക്കാരാണെന്നു കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി.അബ്ദുൽ വഹാബ്, എംഡി വി.കെ.അക്ബർ എന്നിവർ പറഞ്ഞു. കോർപറേഷന്റെ ശുപാർശയിൽ മന്ത്രിബന്ധു കെ.ടി.അദീബിന്റെ നിയമന ഉത്തരവിൽ അന്തിമ തീരുമാനമെടുത്തതു സർക്കാരാണെന്നും ഇരുവരും പറഞ്ഞു. അദീബിനെ നിയമിക്കും മുൻപേ വിജിലൻസ് ക്ലിയറൻസ് വാങ്ങിയിട്ടില്ലെന്നും ഇരുവരും സമ്മതിച്ചു.

ബിടെക്കും ബിസിനസ് അഡ്മിനിസ്ട്രേഷനിൽ പിജി ഡിപ്ലോമയും ഉള്ളവരെയും ജനറൽ മാനേജർ തസ്തികയിലേക്കു നിയമിക്കാമെന്നു കാണിച്ചു വ്യവസ്ഥകളിൽ ഇളവു വരുത്തിയതു സർക്കാരാണ്. കോർപറേഷൻ അക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. അപേക്ഷിച്ച 7 പേരിൽനിന്ന് ഏറ്റവും യോഗ്യനായി കെ.ടി.അദീബിനെ കണ്ടെത്തിയതും ശുപാർശ സർക്കാരിലേക്ക് അയച്ചതും കോർപറേഷനാണ്. പക്ഷേ, നിയമനകാര്യത്തിൽ തീരുമാനമെടുത്തതു സർക്കാരാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് ഉദ്യോഗസ്ഥനെ ഡപ്യൂട്ടേഷനിൽ കോർപറേഷനിൽ നിയമിക്കാമെന്ന നിയമോപദേശമാണു തങ്ങൾക്കു ലഭിച്ചത്. എന്നാൽ, ആ നിയമോപദേശം ആരാണു നൽകിയതെന്നു വ്യക്തമാക്കാൻ എംഡി തയാറായില്ല. സൗത്ത് ഇന്ത്യൻ ബാങ്ക്, സ്റ്റാറ്റ്യൂട്ടറി ബോഡിയാണെന്നും അതിനാൽ അവിടെയുള്ള ജീവനക്കാരനെ ഡപ്യൂട്ടേഷനിൽ സർക്കാർ സ്ഥാപനത്തിൽ നിയമിക്കാമെന്നും അവർ പറഞ്ഞു.

സൗത്ത് ഇന്ത്യൻ ബാങ്കിൽ അദീബിന് 1.10 ലക്ഷം രൂപയാണു ശമ്പളമായി ലഭിച്ചിരുന്നതെന്നും എന്നാൽ കോർപറേഷൻ 86,000 രൂപയാണു ശമ്പളം നൽകുന്നതെന്നും ഇരുവരും പറഞ്ഞു. ആദ്യമാസത്തെ ശമ്പളം കൊടുത്തപ്പോൾ അലവൻസ് കൊടുക്കണമെന്ന് അദീബ് അഭ്യർഥിച്ചതായി എംഡി പറഞ്ഞു.

related stories