Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫീസ് നൽകാനില്ല; മധു വധക്കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ ഒഴിവാക്കി

Madhu - Tribal youth beaten to death മധു

കൊല്ലം ∙ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു മർദനമേറ്റു കൊല്ലപ്പെട്ട കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ റദ്ദാക്കി. കൂടുതൽ ഫീസ് നൽകാനാവില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണിത്.

സോളർ ഉൾപ്പെടെ വിവിധ കേസുകൾ ഹൈക്കോടതിയിൽ വാദിക്കാൻ സുപ്രീം കോടതിയിൽ നിന്നു വരെ അഭിഭാഷകരെ ഉയർന്ന ഫീസ് നൽകി കൊണ്ടുവരുമ്പോഴാണു ആദിവാസി യുവാവ് കൊല്ലപ്പെട്ട കേസിൽ പ്രത്യേക അഭിഭാഷകനെ ഒഴിവാക്കാനുള്ള തീരുമാനം. ഈ സർക്കാരിന്റെ കാലത്ത് ഹൈക്കോടതിയിൽ 5 കേസുകളിൽ വാദിക്കാൻ മാത്രം സുപ്രീം കോടതിയിൽ നിന്ന് അഭിഭാഷകരെ കൊണ്ടുവന്നതിനു ഫീസ് ഇനത്തിൽ 2.59 കോടി ചെലവിട്ടതായി വിവരാകാശ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.

മധുവിന്റെ കേസിൽ സർക്കാരിനു വേണ്ടി മണ്ണാർക്കാട് എസ്‌സി/എസ്ടി സ്പെഷൽ കോടതിയിലെ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറാകും ഹാജരാകുക.  ഈ കോടതിയിലെ വിവിധ കേസുകളിൽ സർക്കാരിനെ പ്രതിനിധീകരിക്കുന്നയാളാണ് ഇദ്ദേഹമെന്നതിനാൽ മധു കേസിലെ വിചാരണയ്ക്കു പ്രത്യേക ശ്രദ്ധ ലഭിക്കില്ല. മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം ദേശീയശ്രദ്ധ നേടിയതോടെയാണ് സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുമെന്ന് പട്ടികജാതി – വർഗ, നിയമവകുപ്പ് മന്ത്രി എ.കെ.ബാലൻ പ്രഖ്യാപിച്ചതും പിന്നീടു മന്ത്രിസഭ തീരുമാനമെടുത്തതും. ആദിവാസി സംഘടനകൾ ഉൾപ്പെടെ ഈ ആവശ്യം ഉന്നയിച്ചിരുന്നു.

നിയമം വ്യവസ്ഥ ചെയ്യുന്നതു പ്രകാരമുള്ള ഫീസ് മുൻപു നിയമിച്ച അഭിഭാഷകൻ അംഗീകരിക്കാത്തതു കൊണ്ടാണു റദ്ദാക്കുന്നതെന്ന് ആഭ്യന്തര വകുപ്പിന്റെ ഉത്തരവിൽ പറയുന്നു. എന്നാൽ, സമ്മതപത്രം ഒപ്പിട്ടു വാങ്ങുകയാണു ചെയ്തതെന്നും ഫീസ് എത്രയാണെന്നു വ്യക്തമാക്കിയിരുന്നില്ലെന്നും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി നിശ്ചയിച്ചിരുന്ന പി.ഗോപിനാഥ് ‘മനോരമ’യോടു പറഞ്ഞു. താൻ പാലക്കാട്ടു താമസിക്കുന്നയാളായതിനാൽ കേസിന്റെ ആവശ്യത്തിനു മണ്ണാർക്കാട്ട് ഓഫിസ് വേണമെന്നു രേഖാമൂലം അഭ്യർഥിച്ചിരുന്നു. നിയമനം റദ്ദാക്കിയെന്ന ഉത്തരവാണു പിന്നീടു ലഭിച്ചതെന്ന് ഗോപിനാഥ് പറഞ്ഞു. മുൻപും പല കേസുകളിലും സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി ജോലി ചെയ്തിട്ടുള്ളയാളാണ് ഇദ്ദേഹം.

കഴിഞ്ഞ ഫെബ്രുവരി 22ന് ആണു മധു കൊല്ലപ്പെട്ടത്. അഗളി പൊലീസ് റജിസ്റ്റർ ചെയ്ത കേസിലെ 16 പ്രതികൾക്കും പിന്നീടു ജാമ്യം ലഭിച്ചിരുന്നു. വിചാരണ മണ്ണാർക്കാട് കോടതിയിൽ ഉടൻ ആരംഭിക്കുമെന്നാണു സൂചന.

related stories