Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹജ് ഹൗസിലെ അനധികൃത നിയമനം: വിവാദം മുറുകുന്നു

കൊണ്ടോട്ടി (മലപ്പുറം) ∙ കരിപ്പൂരിലെ സംസ്‌ഥാന ഹജ് ഹൗസിൽ ഉദ്യോഗസ്ഥയെ അനധികൃതമായി നിയമിച്ചെന്ന ആരോപണത്തെത്തുടർന്നുണ്ടായ വിവാദം മുറുകുന്നു. അസാധാരണ നടപടിയിലൂടെ ഹജ് ഹൗസിൽ നിയമിതയായ ഉദ്യോഗസ്ഥ അവിടെ ജോലിചെയ്യവേ 3 മാസം തിരുവനന്തപുരത്തു ന്യൂനപക്ഷ കമ്മിഷനിലും ജോലിചെയ്‌ത കാര്യം അറിഞ്ഞിരുന്നില്ലെന്ന് അന്നത്തെ ഹജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്‌കുഞ്ഞ് മൗലവി പറഞ്ഞു.

നിയമനം സംബന്ധിച്ചു മറുപടി പറയേണ്ടത് ഹജ് കമ്മിറ്റിയും എക്‌സിക്യൂട്ടീവ് ഓഫിസറായ മലപ്പുറം കലക്‌ടറുമാണെന്ന മന്ത്രിയുടെ വാദത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്ലാർക്കിന്റെ തസ്‌തികയിൽ ഡപ്യൂട്ടേഷൻ നിയമനം നടത്തുന്നതിനു പകരം മന്ത്രിയുടെ താൽപര്യപ്രകാരം നിയമനം നടത്തിയെന്നും ജോലി വിട്ടുപോയ അവർ തിരിച്ചെത്തിയപ്പോൾ നടപടിക്രമം പാലിക്കാതെ വീണ്ടും നിയമിച്ചെന്നുമാണ് ആരോപണം.

കംപ്യൂട്ടർ അറിയാവുന്ന ക്ലാർക്കിനെ താൽക്കാലികമായി നിയമിക്കാൻ സർക്കാരിൽനിന്ന് അനുമതി ലഭിച്ചതനുസരിച്ച് ഹജ് കമ്മിറ്റി വെബ്‌സൈറ്റിൽ പരസ്യം ചെയ്‌തു. അഭിമുഖം നടത്തി ചട്ടങ്ങൾ പാലിച്ചാണു ജോലി നൽകിയത്. എന്നാൽ, ‘സാങ്കേതിക കാരണം’ ഉന്നയിച്ച് അവർ ജോലി നിർത്തി 2017 ഓഗസറ്റ് 29 മുതൽ തിരുവനന്തപുരം ന്യൂനപക്ഷ കമ്മിഷനിൽ ജൂനിയർ അസിസ്‌റ്റന്റ്–എൽഡിസി തസ്‌തികയിൽ ജോലിയിൽ പ്രവേശിച്ചു. നവംബർ 30നു ശേഷം ജോലി രാജിവച്ച് ഹജ് ഹൗസിലെ ജോലിയിൽ തിരിച്ചെത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘കലക്‌ടറോടു ചോദിക്കണം’

ഓരോ ജോലിക്കും അതു ചെയ്യാൻ പ്രാപ്‌തിയുള്ള ആളെ മാത്രമേ കൊണ്ടുവരാൻ കഴിയൂ എന്നു മന്ത്രി കെ.ടി. ജലീൽ. യുഡിഎഫിന്റെയും മുസ്‌ലിം ലീഗിന്റെയും ഭരണകാലത്തെ പല കാര്യങ്ങളിലും പോസ്‌റ്റ്‌മോർട്ടം നടത്തേണ്ടിവരും. ഹജ് ഹൗസിൽ ചട്ടം ലംഘിച്ചു നിയമനം നടത്തിയിട്ടുണ്ടെങ്കിൽ കലക്‌ടറോടു ചോദിക്കണം. ഹജ് ഹൗസ് നിയമനങ്ങൾ നടത്തുന്നതു ഹജ് കമ്മിറ്റിയാണ്. കലക്‌ടറുടെ നടപടിക്രമത്തിന്റെ അടിസ്‌ഥാനത്തിലേ നിയമനം നടക്കൂ. അതിൽ മന്ത്രിക്കു ബന്ധമില്ലെന്നും ജലീൽ പറഞ്ഞു.

ജലീൽ തെറ്റ് ചെയ്തതായി കരുതുന്നില്ല: കോടിയേരി

കോഴിക്കോട് ∙ ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി. ജലീലിനു പരസ്യ പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജലീൽ തെറ്റു ചെയ്തതായി കരുതുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയമനത്തിൽ അപാകതയില്ല. വ്യക്തിഹത്യ നടത്താനാണു ശ്രമം. നിയമലംഘനമുണ്ടെന്നു തോന്നുന്നവർക്കു കോടതിയെ സമീപിക്കാം. മുസ്‍ലിംകൾക്കിടയിൽ ജലീലിനുള്ള സ്വാധീനം ലീഗിനെ ഭയപ്പെടുത്തുന്നു. ആസൂത്രിത പ്രചാരണമാണു മന്ത്രിക്കെതിരെ നടത്തുന്നതെന്നും കോടിയേരി ആരോപിച്ചു.