Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭർത്താവിനെ അപായപ്പെടുത്താൻ ശ്രമിച്ച ഭാര്യയും കാമുകനും പിടിയിൽ

delson ഡെൽസൻ

കാക്കനാട് (കൊച്ചി) ∙ ഭർത്താവിനെ നടുറോഡിൽ ഓട്ടോറിക്ഷ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യയും കാമുകനും പിടിയിൽ. സഹകരണ സംഘം ഓഡിറ്റർ ഏലൂർ കുറ്റിക്കാട്ടുകര തേവരത്തിളക്കം വീട്ടിൽ ഐശ്വര്യ (36), വരാപ്പുഴ മാടവനയിൽ ഡെൽസൻ (35) എന്നിവരാണ് അറസ്റ്റിലായത്. ഐശ്വര്യയുടെ ഭർത്താവിനെ തൃക്കാക്കര വള്ളത്തോളിനു സമീപം ഓട്ടോറിക്ഷ ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ചെന്നാണു കേസ്. ഐശ്വര്യയും ഓട്ടോ ഡ്രൈവറായ ഡെൽസനും ഒന്നര വർഷമായി അടുപ്പത്തിലാണെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ 25നു ജില്ലാ സഹകരണ ബാങ്കിൽ മന്ത്രി പങ്കെടുത്ത യോഗത്തിനെത്തിയ ഐശ്വര്യ ഡെൽസന്റെ ഓട്ടോയിലാണു മടങ്ങിയത്. തിരികെ കൊണ്ടുപോകാൻ എത്താമെന്നു പറഞ്ഞിരുന്ന ഭർത്താവിനോടു വരേണ്ടെന്നു വിളിച്ചു പറഞ്ഞശേഷമായിരുന്നു ഇത്. സംശയം തോന്നിയ ഭർത്താവ് കാക്കനാട്ടേക്കു വരുംവഴി സീപോർട്ട്-എയർപോർട്ട് റോഡിലെ വള്ളത്തോൾ ജംക‍്ഷനിൽ ഡെൽസന്റെ ഓട്ടോയിൽ ഐശ്വര്യയെ കണ്ടു തടഞ്ഞുനിർത്തി. വാഗ്വാദത്തിനിടയിൽ ഐശ്വര്യയുടെ ഭർത്താവിനെ ഡെൽസൻ ഓട്ടോ ഇടിപ്പിച്ചു കൈയ്ക്കു പരുക്കേൽപ്പിച്ചു.

അവിടെനിന്നു രക്ഷപ്പെട്ട ഡെൽസനും ഐശ്വര്യയും കൊടുങ്ങല്ലൂർ, പാലക്കാട്, ബെംഗളൂരു എന്നിവിടങ്ങളിൽ ഒരുമിച്ചു താമസിച്ചു. ബെംഗളൂരുവിൽനിന്ന് ഇവർ വീണ്ടും പാലക്കാട്ട് മടങ്ങിയെത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ ചെന്നാണ് കസ്റ്റഡിയിലെടുത്തത്. 

related stories