Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘പ്രധാൻമന്ത്രി ഫസൽ ബീമാ യോജന’ റഫാലിനേക്കാൾ വലിയ അഴിമതി: പി. സായ്നാഥ്

dyfi-conference കോഴിക്കോട്ട് ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ പി. സായ്നാഥ് ഉദ്ഘാടനം ചെയ്യുന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ, മന്ത്രി ടി.പി. രാമകൃഷ്ണൻ, എളമരം കരീം എംപി, സംസ്ഥാന സെക്രട്ടറി എം. സ്വരാജ്, സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീർ തുടങ്ങിയവർ സമീപം. ചിത്രം: മനോരമ

കോഴിക്കോട് ∙ റഫാൽ ആയുധ ഇടപാടിനേക്കാൾ വലിയ അഴിമതിയാണു ‘പ്രധാൻമന്ത്രി ഫസൽ ബീമാ യോജന’ എന്ന വിള ഇൻഷുറൻസ് പദ്ധതിയിലൂടെ കേന്ദ്ര സർക്കാരും കോർപറേറ്റുകളും നടത്തിയതെന്നു മാധ്യമപ്രവർത്തകൻ പി.സായ്നാഥ്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിള ഇൻഷുറൻസിന്റെ പേരിൽ 68,000 കോടി രൂപയാണു 18 കോർപറേറ്റ് ഇൻഷുറൻസ് കമ്പനികൾക്കായി കേന്ദ്രം നൽകിയത്. പ്രീമിയത്തിന്റെ 2% കർഷകനും 8% വീതം കേന്ദ്ര, സംസ്ഥാന സർക്കാരുകളുമാണു വഹിച്ചത്. ഈ തുകയാണു കമ്പനികൾക്കു നൽകിയത്. 18 കമ്പനികളിൽ 4 എണ്ണം മാത്രമേ പൊതുമേഖലയിലുള്ളൂ. വരൾച്ചാ മാനദണ്ഡങ്ങളിൽ മാറ്റംവരുത്തി നിസാര തുക മാത്രമേ നഷ്ടപരിഹാരയിനത്തിൽ കർഷകർക്കു കമ്പനികൾ കൊടുത്തിട്ടുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്രയിലെ ഒരു ജില്ലയിൽനിന്നു മാത്രം 173 കോടി പ്രീമിയമായി ഒരു കമ്പനിക്കു ലഭിച്ചു. പക്ഷേ, നഷ്ടപരിഹാരമായി കമ്പനി നൽകിയത് 30 കോടി മാത്രം. കമ്പനിക്കു ലാഭം 143 കോടി. ഇത്തരത്തിൽ രാജ്യത്തെ 600 ജില്ലകളിലായി വൻ വെട്ടിപ്പു നടന്നതായി സായ്നാഥ് ആരോപിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിൽ കേരളത്തിൽ നടത്തുന്ന സംഘകൃഷി രാജ്യത്തിനു മാതൃകയാണ്. യുഎസ് സർവകലാശാലകളിൽ അതിനെപ്പറ്റി ഗവേഷണം നടക്കുമ്പോൾ ദേശീയതലത്തിൽ അതു വാർത്തയേ അല്ല.

സംസ്ഥാന പ്രസിഡന്റ് എ.എൻ.ഷംസീർ ആധ്യക്ഷ്യം വഹിച്ചു. സെക്രട്ടറി എം.സ്വരാജ്, അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ്, എളമരം കരീം എംപി, എ.പ്രദീപ്കുമാർ എംഎൽഎ, എം.വി.ജയരാജൻ, എസ്.സതീശ്, ബിജു കണ്ടങ്കൈ, അഭോയ് മുഖർജി, പി.മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. 

ഡിവൈഎഫ്ഐ അംഗസംഖ്യ അരക്കോടി കവിഞ്ഞു: പ്രവർത്തന റിപ്പോർട്ട്

കോഴിക്കോട് ∙ ഡിവൈഎഫ്ഐയുടെ അംഗസംഖ്യ അരക്കോടി കവിഞ്ഞതായി പ്രവർത്തന റിപ്പോർട്ട്. തിരൂരിൽ 2016ൽ നടന്ന 13–ാം സംസ്ഥാന സമ്മേളനത്തിനുശേഷം 1,27,553 അംഗങ്ങൾ പുതുതായി സംഘടനയിലേക്കെത്തിയെന്നു സംസ്ഥാന സെക്രട്ടറി എം.സ്വരാജ് അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സമ്മേളനത്തിനുശേഷം 2 തവണ അംഗത്വ ക്യാംപെയ്ൻ നടത്തി. നിലവിൽ ഡിവൈഎഫ്ഐയ്ക്ക് 50,78,857 അംഗങ്ങളാണുള്ളത്.

യൂണിറ്റുകളുടെ എണ്ണവും കൂടി. 2016ൽ 25,378 യൂണിറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 26,797 യൂണിറ്റുകളായി. 1,355 യൂണിറ്റുകൾ പുതുതായി രൂപീകരിക്കപ്പെട്ടു. മേഖലാ കമ്മിറ്റികളുടെ എണ്ണവും കൂടി. 2,145ൽനിന്ന് 2,245 ആയി. സംഘടനാ റിപ്പോർട്ട് അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് അവതരിപ്പിച്ചു.