Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാമിലി പ്ലാസ്റ്റിക് തീവയ്പ്: പ്രതികൾ റിമാൻഡിൽ

Binu, Vimal ബിനു, വിമൽ.എം.നായർ

തിരുവനന്തപുരം ∙ മൺവിളയിൽ ഫാമിലി പ്ലാസ്റ്റിക് ഫാക്ടറിക്ക്  തീവച്ച സംഭവത്തിൽ അറസ്റ്റിലായ ബിനു, വിമൽ.എം.നായർ എന്നിവരെ കോടതി 14 ദിവസത്തേക്ക്  റിമാൻഡ് ചെയ്തു. സംഭവത്തിനു പിന്നിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി ഫാക്ടറിയിലെ ജീവനക്കാരായ പ്രതികളെ അ‌ഞ്ചുദിവസത്തേയ്ക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ പൊലീസ് ഇന്നു നൽകും.

കത്തിക്കാൻ ഉപയോഗിച്ച ലൈറ്റർ ഇനിയും കണ്ടെടുത്തിട്ടില്ല.  രണ്ടു ദിവസത്തിനുള്ളിൽ ലഭിക്കുന്ന ശാസ്ത്രീയ പരിശോധനാ തെളിവുകളും പ്രതികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന കാര്യവും പരിശോധിക്കും. കസ്റ്റഡി കാലാവധിയിൽ തന്നെ  ഈ നടപടികൾ പൂർത്തിയാക്കാനാണ് പൊലീസ് നീക്കം. കഴിഞ്ഞ മാസം 31നാണ് തലസ്ഥാനത്തെ നടുക്കിയ തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിനു മുമ്പ് വിമലും ബിനുവും മൂന്നാം നിലയിലേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മറ്റു തൊഴിലാളികളുടെ മൊഴിയും പ്രതികളിലേക്കെത്താൻ സഹായിച്ചു. എന്നാൽ തീ വയ്ക്കുന്നതായ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല.

കമ്പനിയിലെ നാല് ഇതര സംസ്ഥാനതൊഴിലാളികളെ പൊലീസ് രണ്ടുദിവസംമുൻപ് ചോദ്യം ചെയ്തിരുന്നു. എന്നാൽ സംഭവവുമായി ബന്ധമില്ലെന്നു തെളിഞ്ഞതിനാൽ വിട്ടയച്ചു. ശമ്പളം വെട്ടിക്കുറച്ചതിലുള്ള വൈരാഗ്യമാണ് തീവയ്ക്കാൻ കാരണമെന്ന് പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കഴക്കൂട്ടം എ.സി.പി അനിൽകുമാറിന്റെ മേൽനോട്ടത്തിൽ എസ്എച്ച്ഒ സുരേഷ്.എസ് വൈ, എസ്ഐമാരായ സുധീഷ്കുമാർ, റോയ്, ഷാജി, വിജയകുമാർ, എഎസ്ഐമാരായ ബിജു, ശ്യാംലാൽ, സന്തോഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തുന്നത്.

related stories