Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശയാത്രയുടെ കണക്ക് ബോധിപ്പിക്കാതെ മന്ത്രിമാർ; മുഖ്യമന്ത്രി ചികില്‍സാ ബിൽ നല്‍കിയില്ല

Pinarayi Vijayan

കോഴിക്കോട്∙ ഈ സർക്കാർ അധികാരത്തിലേറിയ ശേഷം 15 മന്ത്രിമാർ നടത്തിയ 40 വിദേശയാത്രകളിൽ വിമാനടിക്കറ്റിന്റെ കണക്കുകൾ സമർപ്പിച്ചത് 5 മന്ത്രിമാർ. 11 ലക്ഷം രൂപയുടെ യാത്രാ ബില്ലുകളാണ് ഇവർ നൽകിയത്. മന്ത്രിമാർ പല രാജ്യങ്ങളിലേക്ക് നടത്തിയ 6 യാത്രകളുടെ ബില്ലുകളാണ് റീഇംബേഴ്സ് ചെയ്യാൻ സമർ‍പ്പിച്ചതെന്ന് പൊതുഭരണ വകുപ്പ് നൽകിയ വിവരാവകാശ രേഖ പറയുന്നു. അതേ സമയം മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാർ ചികിത്സ തേടിയതിന്റെ ഒരു ബില്ലും റീഇംബേഴ്സ് ചെയ്യാനായി ഇതുവരെ സമർപ്പിച്ചിട്ടില്ലെന്നും കൊച്ചി സ്വദേശി എസ്.ധനരാജ് നൽകിയ വിവരാവകാശ രേഖയ്ക്കു മറുപടിയായി പൊതുഭരണവകുപ്പ് (അക്കൗണ്ട്സ്) പറയുന്നു.

മുഖ്യമന്ത്രി ഇതുവരെ നടത്തിയ 6 വിദേശയാത്രകളിൽ ഇതുവരെ 2 വിമാനയാത്രയുടെ ബിൽ മാത്രമാണ് സമർപ്പിച്ചത്. 2016 ഡിസംബറിൽ ഔദ്യോഗിക ആവശ്യത്തിനായി നടത്തിയ ദുബായ് യാത്രയുടെയും ഈ വർഷം ജൂലൈയിൽ നടത്തിയ യുഎസ് യാത്രയുടെയും ബില്ലുകളാണ് ഇവ. ആദ്യ യാത്രയുടെ ടിക്കറ്റ് ഇനത്തിൽ 93,295 രൂപയും രണ്ടാം യാത്രയ്ക്ക് 38, 280 രൂപയുമാണ് റീഇംബേഴ്സ് ചെയ്യാനായി നൽകിയത്. നാലു യാത്രകളുടെ ബില്ലുകളാണ് മുഖ്യമന്ത്രിയുടേതായി സമർപ്പിക്കാൻ ബാക്കിയുള്ളത്. യുഎസ്സിൽ മേയോ ക്ലിനിക്കിൽ ചികിൽസ തേടിയതിന്റെ ബില്ലുകളും റീഇംബേഴ്സ് ചെയ്യാൻ നൽകിയിട്ടില്ല.

കെ.ടി. ജലീൽ 2017 സെപ്റ്റംബറിൽ നടത്തിയ റഷ്യ യാത്രയുടെ ടിക്കറ്റ് ഇനത്തിൽ 1,41,502 രൂപയുടെ കണക്കു നൽകിയിട്ടുണ്ട്. മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞ വർഷം ഒക്ടോബറിൽ നടത്തിയ ലണ്ടൻ യാത്രയുടെതായി 90,000 രൂപയുടെ ബില്ലുകളാണ് സമർപ്പിച്ചത്.ധനമന്ത്രി തോമസ് ഐസക് 2016ൽ നടത്തിയ റോം യാത്രയുടെ ഇനത്തിൽ 78,343 രൂപ കൈപ്പറ്റി. കടകംപള്ളി സുരേന്ദ്രൻ 2017 നവംബറിൽ നടത്തിയ ലണ്ടൻ യാത്രയുടെ 3,18,148 രൂപയുടെ ബില്ലുകളും സമർപ്പിച്ചിട്ടുണ്ട്.