Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആചാരലംഘനം; ശ്രീപത്മനാഭ സ്വാമി ക്ഷേത്ര നട അടച്ചു

sree-padmanabha-swamy-temple

തിരുവനന്തപുരം∙ ക്ഷേത്രാചാരം ലംഘിച്ചെന്ന നിഗമനത്തെത്തുടർന്നു തന്ത്രിയുടെ നിർദേശപ്രകാരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ നടയടച്ചു. ഇന്നലെ വൈകിട്ടാണു നട പെട്ടെന്ന് അടച്ചത്. തുടർന്നു പരിഹാരക്രിയകൾ തിരക്കിട്ട് ആരംഭിച്ചു. അതു തീരുന്ന മുറയ്ക്കേ നട തുറക്കൂ. അൽപശി ഉത്സവം നടക്കുമ്പോഴാണ് അസാധാരണമായ സംഭവം. ഇതോടെ വൈകിട്ടത്തെ ഉത്സവശീവേലി മുടങ്ങി.

ഇക്കഴിഞ്ഞ വെള്ളിയാഴ്ച രണ്ട് അന്യമതസ്ഥർ ക്ഷേത്രത്തിൽ കയറിയെന്നു കണ്ടെത്തിയതിനെത്തുടർന്നാണു തന്ത്രി നട അടയ്ക്കാനുള്ള തീരുമാനമെടുത്തത്. ക്ഷേത്രത്തിനകത്തു മൊബൈൽ ഫോണിനു വിലക്കുണ്ടെന്നിരിക്കെ, സുരക്ഷാ മുന്നറിയിപ്പുള്ള ചില സ്ഥലങ്ങളിൽ കയറി ഇവർ മൊബൈൽ ഫോണിൽ ചിത്രം പകർത്തിയതായും കണ്ടെത്തി. ഉത്സവസമയത്താണ് ആചാരലംഘനമുണ്ടായത് എന്നതിനാൽ പരിഹാരക്രിയയിൽ വിട്ടുവീഴ്ച പാടില്ലെന്നു തന്ത്രി സതീശൻ തരണനല്ലൂർ  നിർദേശിച്ചു.

ഇന്നലെ ഉച്ചവരെ പൂജകളും ദർശനവും സാധാരണ പോലെ നടന്നിരുന്നു. അതിനു ശേഷമാണ് ആചാരലംഘനം സ്ഥിരീകരിച്ച തന്ത്രി തുടർനടപടികൾ നിർദേശിച്ചത്. ഉത്സവശീവേലിക്കായി രാജകുടുംബാംഗങ്ങളും മറ്റും വന്നശേഷമാണ് അന്തിമതീരുമാനമുണ്ടായത്. വെള്ളിയാഴ്ച ഈ രണ്ടുപേർ ദർശനം നടത്തിയതിനു ശേഷമുള്ള മുഴുവൻ പൂജകളും വീണ്ടും നടത്തിയാലേ പരിഹാരമാകൂവെന്നാണു തന്ത്രി വിധിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ പൂജകളുടെ ആവർത്തനം ഇന്നലെ വൈകിട്ട് ആരംഭിച്ചത് ഇന്ന് ഉച്ചയോടെ പൂർത്തിയാകുമെന്നാണു കരുതുന്നത്. അതിനുശേഷം ശുദ്ധികലശം കൂടി കഴിഞ്ഞിട്ടേ നട തുറക്കൂ.

related stories