Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻഫോഴ്സ്മെന്റ് കണ്ടുകെട്ടിയ സ്വത്തിൽ ‘ദേശാഭിമാനി’ വിറ്റ കെട്ടിടവും

deshabhimani-old-building ദേശാഭിമാനിയുടെ തിരുവനന്തപുരം മാഞ്ഞാലിക്കുളം റോഡിലെ പഴയ കെട്ടിടം.

തിരുവനന്തപുരം / പാലക്കാട് ∙ മലബാർ സിമന്റ്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സമെന്റ് കണ്ടുകെട്ടിയ സ്വത്തിൽ ദേശാഭിമാനിയുടെ പഴയ ഓഫിസ് മന്ദിരവും. കേസിൽ പ്രതിയായ വ്യവസായി വി.എം. രാധാകൃഷ്ണനിൽ നിന്നു കണ്ടുകെട്ടിയ 23.82 കേ‍ാടി രൂപയുടെ സ്വത്തിലാണു മേലേ തമ്പാനൂർ ഗാന്ധാരിയമ്മൻ കോവിലിനു സമീപമുള്ള കെട്ടിടം ഉൾപ്പെടുന്നത്. മന്ത്രി ഇ.പി.ജയരാജൻ ദേശാഭിമാനി ജനറൽ മാനേജരായിരിക്കെ 2012ൽ 3.5 കോടി രൂപയ്ക്കു നടത്തിയ ഇടപാട് ഏറെ വിവാദമായിരുന്നു.

പാലക്കാട്ടെ 22 ഫ്ലാറ്റുകൾ, കോയമ്പത്തൂരിനു സമീപം എട്ടിമടയിലെ 4 ഏക്കർ, വാളയാറിലെ ബാർ, പാലക്കാട് നഗരത്തിലെ ഹേ‍ാട്ടൽ, കേ‍ാഴിക്കേ‍ാട് ചെറുവണ്ണൂരിലെ ബാർ, വയനാട്ടിലെ ഹേ‍ാട്ടലും കെട്ടിടവും 2 ഏക്കറും, മലപ്പുറത്തെ ഹേ‍ാട്ടൽ, പാലക്കാട് നഗരത്തിലും പരിസരത്തുമായുള്ള ഭൂമി തുടങ്ങിയവയാണു മറ്റു സ്വത്തുക്കൾ.

അഴിമതി ഇടപാടിൽ രാധാകൃഷ്ണനു ലഭിച്ചതായി പറയുന്ന പണം കെ‌ാണ്ടു വാങ്ങിയ വസ്തുക്കളും അതിൽ നിന്നുള്ള വരുമാനത്തിൽനിന്നു പിന്നീടുണ്ടാക്കിയവയുമാണു കണ്ടുകെട്ടിയത്. ഡൽഹിയിലെ എൻഫേ‍ാഴ്സമെന്റ് ഓഫിസിലേക്ക് റിപ്പേ‍ാർട്ട് നൽകുമെന്നു എൻഫേ‍ാഴ്സ്മെന്റ് അസി. ഡയറക്ടർ പി.സി. ഷാജി പറഞ്ഞു. അവരുടെ പരിശേ‍ാധനയ്ക്കു ശേഷം ബേ‍ാർഡ് സ്ഥാപിച്ച് ഉടമസ്ഥാവകാശം ഒഴിപ്പിച്ചു സർക്കാരിലേക്കു മുതൽ കൂട്ടുകയാണ് അടുത്ത നടപടി. സാധാരണ 6 മാസത്തിനുള്ളിൽ നടപടി പൂർത്തിയാകും. നടപടിക്കെതിരെ ആരേ‍ാപണവിധേയനു കേ‍ാടതിയെ സമീപിക്കാം.

കൂടുതൽ അന്വേഷണം

കൊച്ചി ∙ മലബാർ‍ സിമന്റ്സ്  അഴിമതിക്കേസിലെ വ്യവസായി വി.എം. രാധാകൃഷ്ണന്റെ സ്വത്തു സംബന്ധിച്ചു കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജൻസികൾ കൂടുതൽ തെളിവെടുപ്പു തുടങ്ങി. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുപ്പമുള്ള രാധാകൃഷ്ണന് എറണാകുളം, തിരുവനന്തപുരം ജില്ലകളിലുള്ള കോടിക്കണക്കിനു രൂപയുടെ നിക്ഷേപത്തിന്റെ ഉറവിടമാണ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കുന്നത്.

ശശീന്ദ്രനും 2  മക്കളും മരിച്ച കേസിലെ നിർണായകസാക്ഷികളുടെ ദുരൂഹമരണങ്ങൾ സംബന്ധിച്ച വിവരങ്ങളും സിബിഐ ശേഖരിക്കുന്നുണ്ട്. മുഖ്യസാക്ഷിയും ശശീന്ദ്രന്റെ ഭാര്യയുമായ ടീന ഉൾപ്പെടെ മൊഴി നൽകിയ 4 പേരുടെ മരണത്തിലാണ് അന്വേഷണം.