Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിധി നടപ്പാക്കലി’ൽ ഞെട്ടി സമരപ്പന്തൽ; സത്യഗ്രഹപ്പന്തലിനെ നിശബ്ദമാക്കി ഹരികുമാറിന്റെ മരണവാർത്ത

sanal-viji വിജി

തിരുവനന്തപുരം ∙ വർഷങ്ങൾ നീളുന്ന നിയമ പോരാട്ടത്തിലൂടെ മാത്രമേ തങ്ങൾക്കു നീതികിട്ടൂ എന്നുറപ്പിച്ചു സമരപ്പന്തലിൽ കണ്ണീരോടെയിരുന്ന സനലിന്റെ കുടുംബാംഗങ്ങൾ‌ക്കും നാട്ടുകാർക്കും മുന്നിലേയ്ക്ക് ഇടിമിന്നൽ പോലെയാണ് ആ വാർത്ത എത്തിയത്. ഒൻപതു ദിവസത്തെ ഒളിവു ജീവിതത്തിനൊടുവിൽ ഡിവൈഎസ്പി ഹരികുമാർ ജീവനൊടുക്കിയെന്ന ഞെട്ടിക്കുന്ന വിവരം. സമരപ്പന്തലിലെ ചിലർ അതു കേട്ട് ആശ്വസിച്ചു; ഒൻപതാം നാൾ നീതി നടപ്പായെന്നു വരെ ചിലർ പ്രസംഗിച്ചു.

എന്നാൽ, ചാനലുകാർ നീട്ടിയ മൈക്കിനു മുന്നിൽ സനലിന്റെ ഭാര്യ വിജി പറഞ്ഞു ‘‘ഒരാളും മരിക്കണം എന്നു ഞാൻ ആഗ്രഹിച്ചിട്ടില്ല. മരണം എല്ലാവർ‌ക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണ്. ദൈവത്തിന്റെ വിധി നടപ്പായി’’

രാവിലെ വീട്ടുവളപ്പിലെ സനലിന്റെ കല്ലറയിൽ പ്രാർഥിച്ച ശേഷമാണ് അമ്മ രമണിയും ഭാര്യ വിജിയും സഹോദരി സജിതയും മറ്റു കുടുംബാംഗങ്ങൾക്കൊപ്പം കൊടങ്ങാവിളയിലെ നിരാഹാര സത്യഗ്രഹപ്പന്തലിലെത്തിയത്. വിജിയുടെ നിരാഹാര സമരത്തിനു പിന്തുണയുമായി വൻ ജനക്കൂട്ടമെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ഗാന്ധിയൻ പി. ഗോപിനാഥൻ നായർ, എംഎൽഎമാരായ എം. വിൻസന്റ്, വി.എസ്. ശിവകുമാർ, പി.സി. ജോർജ് എംഎൽഎ, വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ തുടങ്ങിയവർ പിന്തുണയറിയിച്ച് പ്രസംഗിച്ചു.

പത്തരയോടെ ഫാ. ജസ്റ്റിൻ ജോസഫ് പ്രസംഗിക്കുന്നതിനിടയിലാണ് ഡിവൈഎസ്പി ജീവനൊടുക്കിയ വാർത്ത മാധ്യമ പ്രവർത്തകർ സമരക്കാരെ അറിയിച്ചത്. വിവരം സമരപ്പന്തലിൽ മൈക്കിലൂടെ വിളിച്ചു പറഞ്ഞതോടെ അമ്പരപ്പിലും ഞെട്ടലിലുമായി ജനക്കൂട്ടം. വൻ രാഷ്ട്രീയ ബന്ധങ്ങളുള്ള പ്രബലനായ പൊലീസുദ്യോഗസ്ഥനെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ദീർഘമായ സമരങ്ങൾക്കു പദ്ധതിയിട്ടിരുന്ന സമരസമിതിക്കും പെട്ടെന്നു വാർത്ത ഉൾക്കൊള്ളാനായില്ല. കേട്ട വാർത്ത ശരിയാണെന്നുറപ്പിച്ചതോടെ സമരം തുടരണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം നീണ്ടു.

കൊലക്കുറ്റം ചുമത്തപ്പെട്ട ഏക വ്യക്തി ഇല്ലാതായതോടെ സമരത്തിനു പ്രസക്തിയില്ലെന്നു തിരിച്ചറിഞ്ഞ് ഒടുവിൽ നിരാഹാരം അവസാനിപ്പിക്കാൻ തീരുമാനമായി. സനലിന്റെ ഭാര്യയും മാതാവും സഹോദരിയും പരസ്പരം പുണർന്നു പൊട്ടിക്കരഞ്ഞു. ഉച്ചയോടെ സനലിന്റെ വലിയ ചിത്രം പതിച്ച ഫ്ലെക്സ് ബോർഡിനു സമീപം ഡിവൈഎസ്പിയുടെ രൂപമുണ്ടാക്കി നാട്ടുകാർ അതിൽ ഇങ്ങനെയെഴുതി ‘‘ദൈവം ശിക്ഷ നടപ്പിലാക്കി. ആദരാഞ്ജലികൾ’’.

∙ 'മരണം എല്ലാവർ‌ക്കും ഒരുപോലെ വേദനയുണ്ടാക്കുന്നതാണ്. ദൈവത്തിന്റെ വിധി നടപ്പായി. ഒരാളും മരിക്കണം എന്നു ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ ഭർത്താവ് നിപരാധി ആണെന്നു തെളിയിക്കണമെന്നു മാത്രമാണ് എനിക്കുണ്ടായിരുന്നത്. മരണത്തിന്റെ വേദന എന്താണെന്നു ഞാൻ അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കുടുംബവും അത്തരം ഒരു വേദനയിൽ ആയിരിക്കുമെന്നറിയാം. മക്കൾ ഇടയ്ക്കിടയ്ക്ക് അച്ഛനെക്കുറിച്ച് അന്വേഷിക്കുമ്പോൾ എനിക്കു പറയാൻ വാക്കുകളില്ല. എന്റെ ഭർത്താവ് തന്നിട്ടു പോയ രണ്ടു മക്കളെ സംരക്ഷിക്കാനും വളർത്താനും സർക്കാരിന്റെ സഹായം ലഭിക്കുമെന്നാണ് വിശ്വാസം.' - വിജി (സനലിന്റെ ഭാര്യ)

related stories