Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനധികൃത ബോർഡുകൾ: സഹികെട്ട് ഹൈക്കോടതി

Kerala-High-Court-3

കൊച്ചി∙ സർക്കാർ ഉത്തരവിറങ്ങിയശേഷവും ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കാർ ഉൾപ്പെടെ അനധികൃത ഫ്ലെക്സ്, പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതു വേലിതന്നെ വിളവു തിന്നുന്നതിനു തുല്യമാണെന്ന് ഹൈക്കോടതിയുടെ പരാമർശം. അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ പൊലീസ് നിയമം അനുസരിച്ചുള്ള നടപടി വേണമെന്നു കോടതി പറഞ്ഞു.

ഹൈക്കോടതി വിധിയോടു സർക്കാരിന് അനുകൂല നിലപാടാണ്. എന്നിട്ടും ഭരണകക്ഷികൾ ഉൾപ്പെടെ അതു ലംഘിക്കുന്നുവെന്നായിരുന്നു പരാമർശം. ‘‘പല കാര്യങ്ങളിലും ശക്തമായ നിലപാട് എടുക്കുന്നയാളാണു മുഖ്യമന്ത്രി. ഒരു ഫോൺകോൾ മതി നടപടിക്ക്. ഇക്കാര്യത്തിൽ എന്തുകൊണ്ട് അത്തരം നടപടിയുണ്ടാവുന്നില്ല?’’– ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. കോടതിവിധിയെ പരിഹസിക്കുന്ന മട്ടിൽ കോടതികൾക്കു മുന്നിൽപോലും പുതിയ ബോർഡുകൾ ഉയരുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

വികസിത രാജ്യങ്ങളിലൊന്നും ഫ്ലെ്ക്സ് ഇല്ല. ഫ്ലെക്സ് മൂലമുണ്ടാകുന്ന സാമൂഹിക, പരിസ്ഥിതി പ്രശ്നങ്ങൾ, ശുദ്ധമായ അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ഈ വിപത്ത് ഒഴിവാക്കാൻ നടപടി വേണമെന്നും കോടതി പറഞ്ഞു. എന്തു നടപടി വേണമെന്ന് അറിയിക്കാൻ നിർദേശിച്ച് ചീഫ് സെക്രട്ടറി, ഡിജിപി, തിരഞ്ഞെടുപ്പു കമ്മിഷൻ എന്നിവരെ കേസിൽ കക്ഷിചേർത്തിട്ടുണ്ട്. 

related stories