Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാലു കുട്ടികൾ 24 മണിക്കൂർ കൊടുംവനത്തിൽ; ആകെ ഭയന്ന് ജനം

children-in-forest

എരുമേലി ∙ കൊടുംവനത്തിൽ കാണാതായ നാലു വിദ്യാർഥികൾ 24 മണിക്കൂറുകൾ നാടിനെ മുൾമുനയിൽ നിർത്തിയശേഷം തിരിച്ചെത്തി. വനാതിർത്തിയായ എലിവാലിക്കര മേഖലയിൽ നിന്നുള്ള സഹോദരങ്ങൾ അടക്കം നാലു പേരാണു വന്യമൃഗങ്ങൾ ഉള്ള എരുമേലി റേഞ്ച് കൊപ്പം കാളകെട്ടി വനമേഖലയിലെ കൊടുംകാട്ടിൽ ഒരു രാത്രി കുടുങ്ങിയത്.

15 വയസ്സുള്ള രണ്ടു കുട്ടികളും 16, 18 വയസ്സുള്ള രണ്ടു കുട്ടികളും ഞായർ രാവിലെ പത്തരയോടെ കാട്ടിലേക്കു കയറിപ്പോകുന്നതു നാട്ടുകാർ കണ്ടിരുന്നു. ഇവർക്കൊപ്പം വളർത്തുനായയും ഉണ്ടായിരുന്നു. പലരും കാട്ടിനുള്ളിൽ വിറകു പെറുക്കാനും മറ്റുമായി പോകുന്നതിനാൽ ആരും കാര്യമാക്കിയില്ല. സന്ധ്യ കഴിഞ്ഞും കുട്ടികൾ തിരിച്ചെത്തിയില്ല. ഇതോടെ ആശങ്കയേറി.

നാട്ടുകാർ സംഘങ്ങളായി തിരച്ചിൽ ആരംഭിച്ചെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. പൊലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. എരുമേലി പൊലീസ് സ്റ്റേഷനിൽ നിന്നു സിഐ ടി.ഡി.സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ സ്പെഷൽ ഫോറസ്റ്റ് ഓഫിസർ വി.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള എട്ടു വനംവകുപ്പു ജീവനക്കാരും നാട്ടുകാരും പന്തം തെളിച്ചു തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തിരച്ചിലിനിടെ ഒരു സംഘം കാട്ടാനയ്ക്കു മുന്നിൽപ്പെട്ടെങ്കിലും കഷ്ടിച്ചു രക്ഷപ്പെട്ടു. അർധരാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ച് എല്ലാവരും കാടിറങ്ങി.

ഇന്നലെ പുലർച്ചെ ആറിന് 33 പേരടങ്ങുന്ന വനപാലക സംഘവും 18 പേരടങ്ങുന്ന പൊലീസും നാട്ടുകാരും നാലു സംഘങ്ങളായി തിരഞ്ഞു ചെങ്കുത്തായ മല കയറി വിളക്കുപാറ മേഖല വരെയെത്തിയ സംഘത്തിനും കുട്ടികളെ കണ്ടെത്താനായില്ല. പ്ലാസ്റ്റിക് കുപ്പികൾ ഇവിടെ കണ്ടെത്തിയതോടെ കുട്ടികൾ ഇവിടെയെത്തിയെന്ന സൂചന ലഭിച്ചു. അതേ സമയം, രാവിലെ ഒൻപതരയോടെ കുട്ടികൾ വനാതിർത്തിയായ തുമരംപാറയിൽ തിരികെയെത്തി. കുട്ടികളെ പൊലീസ് സംരക്ഷണയിൽ സ്റ്റേഷനിലേക്കു മാറ്റി. കുട്ടികളെ കാഞ്ഞിരപ്പള്ളി മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം മാതാപിതാക്കൾക്കൊപ്പം വിട്ടു. വനാർതിർത്തി ലംഘിച്ചു കാട്ടിലേക്കു പോകരുതെന്ന താക്കീതു നൽകി. പ്ലാച്ചേരിയിലെ വനംവകുപ്പിന്റെ സ്റ്റേഷനിലും കുട്ടികളെ ഹാജരാക്കി. 

കാട്ടാന ഇറങ്ങും വഴി

ശബരിമല വനമേഖലയിൽപ്പെട്ട കൊപ്പം കാളകെട്ടിമല റാന്നി റിസർവിൽ ഉൾപ്പെട്ടതാണ്. കാട്ടാന സ്ഥിരമായി ഇറങ്ങാറുള്ള മേഖലയാണിത്. കാട്ടുപോത്തുകളും വിഷപ്പാമ്പുകളുമുണ്ട്. ഒരു വശം ശബരിമലയുടെയും മറ്റൊരു വശം പെരിയാർ ടൈഗർ റിസർവിന്റെയും ഭാഗമാണ്.

വിളക്കുപാറ കാണാൻ പോയതെന്നു കുട്ടികൾ

എരുമേലി ∙ ഗോത്രവിഭാഗത്തിൽപെട്ടവർ ആചാരങ്ങളുടെ ഭാഗമായി മുൻപു വിളക്കുവച്ച് ആരാധന നടത്തിയിരുന്ന വിളക്കുപാറ സന്ദർശിക്കാൻ പോയതാണെന്നാണു കുട്ടികൾ പൊലീസിനെ അറിയിച്ചത്. എട്ടു കിലോമീറ്ററോളം നടന്ന് ഉൾവനത്തിലെത്തിയപ്പോൾ ഇരുട്ടായി. തിരിച്ചിറങ്ങാൻ കഴിഞ്ഞില്ല. വിളക്കുപാറയ്ക്കു സമീപമുള്ള മരത്തിനു ചുവട്ടിലാണു രാത്രി കഴിച്ചു കൂട്ടിയത്. ആനകളുടെ ശബ്ദം കേൾക്കാമായിരുന്നെങ്കിലും അടുത്തേക്കെത്തിയില്ല. േനരം പുലർന്നപ്പോൾ മറ്റൊരു വഴി തിരികെയിറങ്ങി.