Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോമസ് ചാണ്ടിയുടെ റിസോർട്ടിന് ആലപ്പുഴ നഗരസഭയുടെ നോട്ടിസ്

Thomas Chandy തോമസ് ചാണ്ടി

ആലപ്പുഴ ∙ തോമസ് ചാണ്ടി എംഎൽ‍എയുടെ വാട്ടർവേൾഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോർട്ടിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾക്കെതിരെ ആലപ്പുഴ നഗരസഭയുടെ നോട്ടിസ്. 15 ദിവസത്തിനകം തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ കെട്ടിടങ്ങൾ പൊളിച്ചു മാറ്റുമെന്നും ഇതിനായി ചെലവാകുന്ന തുക ഉടമസ്ഥരിൽ നിന്ന് ഈടാക്കുമെന്നും നോട്ടിസിൽ പറയുന്നു.

നഗരസഭയുടെ 8, 9 വാർഡുകളിൽ നിർമിച്ച റിസോർട്ടിൽ അനധികൃത കെട്ടിട നിർമാണവും പ്ലാനിൽ കാണിച്ചതിൽ നിന്നു വ്യതിചലിച്ചുള്ള നിർമാണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്ലാനിൽ നിന്നു വ്യതിചലിച്ചു നിർമിച്ച കെട്ടിടങ്ങൾ 15 ദിവസത്തിനകം പൊളിച്ചുനീക്കുകയോ മുനിസിപ്പൽ ബിൽഡിങ് റൂൾ പ്രകാരം അംഗീകൃത പ്ലാൻ വരച്ചു റെഗുലറൈസ് ചെയ്യുകയോ വേണം. മുനിസിപ്പൽ എൻജിനീയറിങ്, റവന്യു വിഭാഗം ജീവനക്കാർ സംയുക്തമായി നടത്തിയ പരിശോധനയെ തുടർന്നാണു നടപടി.

10 കെട്ടിടങ്ങൾ അനധികൃതമായി നിർമിച്ചിട്ടുണ്ട്. 22 കെട്ടിടങ്ങളിൽ, നഗരസഭാ രേഖകളിൽ നിന്നു വ്യത്യസ്തമായി അധിക നിർമാണം നടത്തി. ഈ സ്ഥലത്ത് ഇനിയൊരു നിർമാണ പ്രവർത്തനവും നടത്തരുതെന്നും നോട്ടിസിൽ പറയുന്നു. വാട്ടർവേൾഡ് ടൂറിസം കമ്പനി ഉടമകളായ മാത്യു ജോസഫ്, തോമസ് ചാണ്ടി എന്നിവർക്കാണു നഗരസഭാ സെക്രട്ടറി നോട്ടിസ് നൽകിയത്.