Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലീൽ രാജിവയ്ക്കുംവരെ സമരം: യൂത്ത് ലീഗ്

kt-jaleel-pk-firos കെ.ടി.ജലീൽ, പി.കെ.ഫിറോസ്

തിരുവനന്തപുരം ∙ ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീൽ  രാജിവയ്ക്കുംവരെ സമരം തുടരുമെന്നു യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്. കെ.ടി.അദീബ് രാജിവച്ചതുകൊണ്ട് ജലീൽ രക്ഷപ്പെടില്ല. തൊണ്ടിമുതൽ തിരിച്ചേൽപ്പിച്ചാൽ മോഷ്ടാവ് കുറ്റവിമുക്തനാകില്ല. അദീബിന്റെ രാജിക്കത്തിൽ പറഞ്ഞ ആത്മാഭിമാനം ജലീലിനുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണം. കുറ്റക്കാരനല്ലെന്ന് വിജിലൻസ് അന്വേഷണത്തിലൂടെ ബോധ്യപ്പെടുത്താൻ മന്ത്രി തയാറാകണം.  അദീബിനെ ന്യൂനപക്ഷ  വികസന ധനകാര്യ കോർപറേഷനിൽ നിയമിച്ചത് സുപ്രീംകോടതി വിധി മറികടന്നാണ്.

സൗത്ത് ഇന്ത്യൻ ബാങ്ക് ഉൾപ്പെടെ ഷെഡ്യൂൾഡ് ബാങ്കുകൾ സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങളല്ലെന്ന് 2003ൽ ഫെഡറൽ ബാങ്കും സാഗർ തോമസും തമ്മിലുള്ള കേസിൽ സുപ്രീംകോടതി വിധിച്ചിട്ടുണ്ട്. സൗത്ത് ഇന്ത്യൻ ബാങ്കിലെ ഉദ്യോഗസ്ഥനായ അദീബിന് സർക്കാർ സ്ഥാപനത്തിൽ നിയമനം നൽകിയത് നിയമാനുസൃതമല്ല. വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് ലീഗ് പരാതി നൽകിയിട്ടുണ്ട്. പുതിയ നിയമപ്രകാരം അതു നിഷേധിച്ചാൽ മാത്രമേ കോടതിയെ സമീപിക്കാനാകൂ. അന്വേഷണത്തിന് സർക്കാർ അനുമതി നൽകിയില്ലെങ്കിൽ യൂത്ത് ലീഗ് കോടതിയെ സമീപിക്കും. അദീബിന് കോർപറേഷൻ നിയമന ശുപാർശ നൽകിയത് സൗത്ത് ഇന്ത്യൻ ബാങ്കിൽ നിന്നുള്ള എൻഒസി സമർപ്പിക്കുന്നതിനു മുൻപാണ്.

അലവൻസ് വർധിപ്പിക്കണമെന്ന അദീബിന്റെ അപേക്ഷ പിന്നീട് അലവൻസ് ചോദിക്കാതിരിക്കാനെന്ന മന്ത്രിയുടെ വാദം ബന്ധുവിനെപ്പോലും വിശ്വാസമില്ലെന്നതിന്റെ തെളിവാണ്. അദീബ് സർക്കാരിൽ നിന്ന് ഇതിനകം തന്നെ 56000 രൂപ കൈപ്പറ്റി. ജനറൽ മാനേജർ നിയമനത്തിനുള്ള വിദ്യാഭ്യാസ യോഗ്യത മാറ്റിയത് അപേക്ഷയോ തീരുമാനങ്ങളോ ഇല്ലാതെയാണ്. വിദ്യാഭ്യാസ യോഗ്യതയ്ക്ക് തുല്യതാസർട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് അദീബിനെ നിയമിച്ചതെന്നും ഫിറോസ് ആരോപിച്ചു.

അദീബിന്റെ രാജിയുമായി ബന്ധമില്ല: ജലീൽ

കുറ്റിപ്പുറം (മലപ്പുറം) ∙ കെ.ടി.അദീബ് സ്വന്തം ഇഷ്‌ടപ്രകാരമാണു ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ജനറൽ മാനേജർ സ്‌ഥാനത്തുനിന്നു രാജിവച്ചതെന്നും അതുമായി തനിക്കു ബന്ധമില്ലെന്നും മന്ത്രി കെ.ടി.ജലീൽ പറഞ്ഞു. ബന്ധുനിയമന വിവാദം അടഞ്ഞ അധ്യായമാണ്. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളൾക്ക് അർഥമില്ലാതെ വരുമ്പോഴാണ് പുതിയ ആരോപണങ്ങൾ മുന്നോട്ടുവയ്‌ക്കുന്നത്. ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് എന്തും പറയാം. മുസ്‌ലിം ലീഗ് 2006 മുതൽ തന്റെ രാജി ആവശ്യപ്പെടുന്നുണ്ടെന്നും അവർ ഇനിയും ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു.

related stories