Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ സർവകക്ഷിയോഗം; സർക്കാർ തേടുന്നു രക്ഷാമാർഗം

Sabarimala

തിരുവനന്തപുരം∙ സുപ്രീം കോടതിയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ആശയവിനിമയം നടത്തിയതു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി. സർവകക്ഷിയോഗം നിശ്ചയിക്കാനായിരുന്നു ഇത്. യോഗത്തിൽ പങ്കെടുക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഘടകകക്ഷികളുമായി കൂടിയാലോചിച്ചു പ്രതിപക്ഷനേതാവ് ഇന്നു തീരുമാനമെടുക്കും.

വ്യാഖ്യാനങ്ങൾക്കു പഴുതുള്ള സുപ്രീം കോടതി തീരുമാനം രാഷ്ട്രീയ പാർട്ടികളിലെ പിരിമുറുക്കം കുറച്ചിട്ടുണ്ട്. തുറന്ന കോടതിയിൽ വാദം കേൾക്കാൻ കോടതി തന്നെ തീരുമാനിച്ച സാഹചര്യത്തിൽ യുവതീപ്രവേശ വിധി തൽക്കാലം ‘മരവിപ്പിക്കണ’മെന്ന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചുകഴിഞ്ഞു. സുപ്രീം കോടതി തന്നെ ഉദാര സമീപനം സ്വീകരിച്ചപ്പോൾ സർക്കാരും ആ പാത പിന്തുടരണമെന്നാണു വാദം.

എന്നാൽ സർക്കാരോ സിപിഎമ്മോ ഈ തീരുമാനത്തിലേക്കു വന്നിട്ടില്ല. പഴയ വിധി സ്റ്റേ ചെയ്തിട്ടില്ലെന്നാണു മുഖ്യമന്ത്രി ആവർത്തിച്ചത്. അതുകൊണ്ടു തന്നെ അതു നടപ്പാക്കുന്നതിൽ നിന്നു സർക്കാർ പിന്നോട്ടുപോയാൽ കോടതിയലക്ഷ്യമാകില്ലേ എന്നും ബന്ധപ്പെട്ടവരോട് അദ്ദേഹം ചോദിച്ചു. യുവതീപ്രവേശത്തോടു വിയോജിച്ചാൽ അതു കോൺഗ്രസിനോടും ബിജെപിയോടും സന്ധി ചെയ്തതുപോലെയുമാകും. അതേസമയം, വിവാദത്തിൽനിന്നു തടിയൂരാനുള്ള സുവർണാവസരമാണിതെന്നു ചൂണ്ടിക്കാട്ടുന്നവരുമുണ്ട്.

ഈ ധർമസങ്കടത്തിലാണു യഥാർഥത്തിൽ സർ‍ക്കാർ. അതുകൊണ്ടാണു സർവകക്ഷിയോഗം എന്ന മധ്യമാർഗം അവലംബിക്കുന്നതും. വിധി വന്നപ്പോൾ തന്നെ പ്രതിപക്ഷം ഈ ആവശ്യം മുന്നോട്ടുവച്ചെങ്കിലും സർക്കാർ തള്ളുകയായിരുന്നു. ഇതെ കുറിച്ച് ആലോചിക്കുന്നുവെന്നു കഴിഞ്ഞദിവസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞപ്പോൾ അങ്ങനെ തീരുമാനിച്ചിട്ടില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുത്തി.

ഈ സാഹചര്യത്തിലാണു സർവകക്ഷിയോഗത്തിന്റെ കാര്യത്തിൽ കൂടിയാലോചനകൾക്കു യുഡിഎഫ് നിശ്ചയിച്ചത്. കോൺഗ്രസിന്റെ കാൽനടജാഥകളും വാഹനജാഥകളും നാളെ പത്തനംതിട്ടയിൽ സംഗമിക്കും. ജാഥയിലെ പങ്കാളിത്തം നേതൃത്വത്തിന് ആത്മവിശ്വാസം പകരുന്നു. യോഗത്തിൽ പങ്കെടുത്തു പറയാനുള്ളതു പറയുമെന്ന നിലപാടാണു ബിജെപിയുടേത്. സർവകക്ഷിയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ തുടർസമരം തീരുമാനിക്കാമെന്നും കണക്കുകൂട്ടുന്നു.

സർക്കാർ നിലപാട് കാത്ത് ബോർഡും

തിരുവനന്തപുരം ∙ സർവകക്ഷിയോഗം വിളിച്ചെങ്കിലും മണ്ഡലകാലത്തു യുവതികളെത്തിയാൽ സംരക്ഷണം ഒരുക്കുമോ എന്ന ചോദ്യത്തിനു സർക്കാരിന്റെ പക്കൽ വ്യക്തമായ മറുപടിയില്ല. നിയമവിദഗ്ധരുമായി ആലോചിച്ചു തീരുമാനം പറയാമെന്നാണു നിലപാട്. സർക്കാരിന്റെ തീരുമാനം കാത്തിരിക്കുകയാണു ദേവസ്വം ബോർഡും.

സംഘർഷം തുടർന്നാൽ മണ്ഡല –മകരവിളക്കു തീർഥാടനകാലം അലങ്കോലപ്പെട്ടേക്കാമെന്ന മുന്നറിയിപ്പു സർക്കാരിനു മുന്നിലുണ്ട്. യുവതീപ്രവേശം ജനുവരി 22 വരെ പാടില്ലെന്നു സർവകക്ഷിയോഗത്തിൽ കോൺഗ്രസും ബിജെപിയും ആവശ്യപ്പെട്ടേക്കാം. എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകൾക്കും ഇതേ നിലപാടാണ്. മണ്ഡലകാലം തീരുന്നതുവരെ സർക്കാർ സംയമനം പാലിച്ചാൽ പ്രതിഷേധങ്ങൾ കെട്ടടങ്ങാനാണു സാധ്യത.