Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുപ്രീം കോടതിക്ക് മുന്നിൽ ശരണം വിളി; ആകാംക്ഷയുടെ മണിക്കൂറുകൾ

INDIA-COURT/PRIVACY

ന്യൂഡൽഹി ∙ പതിവില്ലാത്ത കാഴ്ചയായിരുന്നുഅത്. സുപ്രീം കോടതിക്കു മുന്നിലെ പുൽത്തകിടിയിൽ ടിവി ക്യാമറകൾക്കു മുന്നിൽ ശരണംവിളി. പുനഃപരിശോധനാ ഹർജികളുടെ ഫലമറിയാൻ മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരുമുണ്ടായിരുന്നു, ഏറെയും സ്ത്രീകൾ. ചീഫ് ജസ്റ്റിസിന്റെ ഒന്നാം നമ്പർ കോടതിമുറിയിൽ രാവിലെ മാധ്യമപ്രവർത്തകർ തിക്കിത്തിരക്കിയതു റിട്ട് ഹർജികളിൽ തീരുമാനമറിയാനാണ്. പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ 18 ാമതായിരുന്നു ഈ 3 റിട്ട് ഹർജികൾ. ഊഴമെത്തുംമുൻപ്, ഒരു അഭിഭാഷകൻ ആവശ്യപ്പെട്ടു– പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കണം. കോടതി അംഗീകരിച്ചില്ല.

ചേംബറിലാണു പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുകയെന്നു കോടതി നേരത്തേ തീരുമാനിച്ചിരുന്നു. റിട്ട് ഹർജികൾ പരിഗണിച്ചപ്പോൾ, 3 മണിക്കു പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനിരിക്കെ, ഇപ്പോൾ റിട്ട് ഹർജികളിൽ നിലപാടു പറയുന്നത് ഉചിതമാവില്ലെന്നു കോടതി വ്യക്തമാക്കി. ഉച്ചതിരിഞ്ഞു 3നാണു പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുകയെന്നാണ് വ്യക്തമാക്കിയെങ്കിലും, ഉച്ചയൂണിനു വീട്ടിൽ പോയശേഷം ചീഫ് ജസ്റ്റിസ് വൈകിയെന്ന് അഭ്യൂഹമുണ്ടായി. പരിശോധന തുടങ്ങിയെന്നും തുടരുന്നുവെന്നും തീർന്നെന്നും റിപ്പോർട്ട് ചെയ്യാൻ ചാനൽ റിപ്പോർട്ടർമാർ പരക്കം പാഞ്ഞു. കോടതി മുറികളോടു ചേർന്നുള്ള ചേംബറിനു പിന്നിലെ ഇടനാഴിയിൽ ആകാംക്ഷയോടെ അഭിഭാഷകരും മാധ്യമപ്രവർത്തകരും. ജഡ്ജിമാർ ഉത്തരവു പറഞ്ഞുകഴിഞ്ഞെന്നും ഒപ്പുവച്ചെന്നും ഉടൻ വെബ്സൈറ്റിൽ വരുമെന്നും വിവരം ചോർന്നപ്പോൾ, എന്തായി ഉത്തരവെന്ന ചോദ്യമായി.

മൂത്രപ്പുരയിലേക്കു പോയ കോടതി ഉദ്യോഗസ്ഥനെയും മാധ്യമപ്രവർത്തകർ വെറുതെ വിട്ടില്ല. ‘വെളുത്ത പുക’ എന്ന് ആ ഉദ്യോഗസ്ഥൻ പറഞ്ഞതായി ചിലർ ഇടനാഴിയിലുള്ളവരോട് റിപ്പോർട്ട് ചെയ്തു. വെളുത്ത പുകയെ വ്യാഖ്യാനിക്കാനായി ശ്രമം. അതിനിടെ, കോർട്ട് മാസ്റ്ററുടെ മുറിയിൽനിന്നു ചിലർക്കു 2 വാക്കുകൾ വീണുകിട്ടി: ‘തുറന്ന കോടതിയിൽ’. സമയം 4 മണി. അപ്പോൾതന്നെ ചിലർ കൂട്ടിച്ചേർത്തു: വിധി സ്റ്റേ ചെയ്തു. പിന്നാലെ, ശരിയായ വിവരങ്ങൾ വന്നു തുടങ്ങി: ഹർജികൾ ജനുവരി 22ന്; സ്റ്റേയില്ല. സംസ്ഥാന സർക്കാരിന്റെ സ്റ്റാൻഡിങ് കൗൺസൽ ജി.പ്രകാശ് ഉൾപ്പെടെ ഏതാനും അഭിഭാഷകർ ഉത്തരവിന്റെ പകർപ്പ് ലഭ്യമാകാത്തതിന്റെ കാരണം തിരക്കി. ഒടുവിൽ, 4.10ന് ഉത്തരവെത്തി. 3 വരി മാത്രമുള്ള ഉത്തരവിന്റെ വ്യാഖ്യാനങ്ങൾ ക്യാമറകൾക്കു മുന്നിൽ സജീവമായി.