Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശശിക്കെതിരെയുള്ള പരാതി ചർച്ചയാകാതെ ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം

DYFI Flag

കോഴിക്കോട് ∙ പി.കെ.ശശി എംഎൽഎക്കെതിരായ ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതി ചർച്ചയാകാതെ സംസ്ഥാന സമ്മേളനം. പ്രസിഡന്റ് എ.എൻ. ഷംസീറിനെതിരെയും യുവജന കമ്മിഷൻ അധ്യക്ഷ ചിന്താ ജെറോമിനെതിരെയും പ്രതിനിധി സമ്മേളനത്തിലെ പൊതുചർച്ചയിൽ രൂക്ഷവിമർശനമുയരുകയും ചെയ്തു.

പാലക്കാട്ടുനിന്നുള്ള വനിതാ നേതാവാണു സിപിഎം നേതൃത്വത്തിന് എംഎൽഎക്കെതിരെ പരാതി നൽകിയത്. എന്നാൽ, ഇന്നലെ ചർച്ചയിൽ പങ്കെടുത്ത 46 പേരിൽ ഒരാൾപോലും ആ വിഷയം ഉന്നയിച്ചില്ല. സർക്കാരിനും പാർട്ടിക്കുമെതിരെ വിമർശനങ്ങളുയർത്തേണ്ടെന്ന സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദേശത്തെ തുടർന്നാണു പ്രതിനിധികളിലാരും വിഷയമുയർത്താതിരുന്നത്. യുവതിക്കു നീതി കിട്ടുമെന്നാണു പ്രതീക്ഷയെന്നു കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി   എം.സ്വരാജ് പറഞ്ഞിരുന്നു. പരാതി കൊടുത്ത നേതാവ് സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന പ്രസിഡന്റ് എ.എൻ. ഷംസീറിനെതിരെ ശക്തമായ വിമർശനമാണു പ്രതിനിധികളിൽ ചിലർ ഉയർത്തിയത്. നേതാക്കളിൽ പലരോടും ധാർഷ്ട്യത്തോടെയാണു പ്രസിഡന്റ് പെരുമാറുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ തോറ്റ ശേഷം കോഴിക്കോട് ജില്ലയിലെ നേതാക്കളോടു ഷംസീറിനു പുച്ഛമാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ഷംസീർ തന്റെ മക്കളെ അൺഎയ്ഡഡ് സ്കൂളിൽ ചേർത്തതു പാർട്ടിക്കുതന്നെ ക്ഷീണമായി. പ്രസിഡന്റിന്റെ പെരുമാറ്റത്തിൽ വ്യാപകമായ അതൃപ്തിയുണ്ടെന്നും ചിലർ വിമർശിച്ചു.

ചിന്ത ജെറോമിന്റെ ശരീരഭാഷ ശരിയല്ലെന്നു വനിതാ പ്രതിനിധികൾ ഉൾപ്പെടെയുള്ളവർ വിമർശിച്ചു. പദവിക്കു ചേരുന്ന പ്രസ്താവനകളല്ല ചിന്ത നടത്തുന്നത്. പല വിഷയങ്ങളിലും പ്രസ്താവന നടത്തി ഹീറോയിസം കാട്ടാനാണ് അവരുടെ ശ്രമം. അഭിമന്യു വിഷയത്തിലും മറ്റും നിരുത്തരവാദപരമായ പ്രതികരണമാണ് അവരുടെ ഭാഗത്തുനിന്നുണ്ടായതെന്നും ചിന്തയുടെ പ്രവർത്തനരീതിയിൽ തിരുത്തൽ വേണമെന്നും പ്രതിനിധികൾ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇടത് എംഎൽഎമാരുടെ നിലപാട് ശരിയല്ലെന്നും പ്രതിനിധികളിൽ ചിലർ ആരോപിച്ചു. ജില്ലാ നേതൃത്വത്തിനു 37 വയസ്സെന്ന പരിധി നിശ്ചയിച്ചതു ശരിയായില്ലെന്നും ചർച്ചയിൽ ചിലർ പറഞ്ഞു. സംഘടനയുടെ ഭരണഘടനയിൽ അത്തരമൊരു തിരുത്തൽ വരുത്തുന്നതിനു മുൻപു കൂടുതൽ ചർച്ചകൾ വേണമായിരുന്നുവെന്നും പറഞ്ഞു.

സമാപനം ഇന്ന്

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം ഇന്നു സമാപിക്കും. പുതിയ ഭാരവാഹികളെ ഇന്നറിയാം. നിലവിലെ പ്രസിഡന്റ് എ.എൻ.ഷംസീറും സെക്രട്ടറി എം.സ്വരാജും ട്രഷറർ പി.ബിജുവും സ്ഥാനമൊഴിയും. എ.എ.റഹിം, എസ്.സതീശ്, എസ്.കെ.സജീഷ് എന്നിവർ നേതൃസ്ഥാനത്തേക്കെത്തും. ഇന്നു വൈകിട്ട് 4ന് ഒരു ലക്ഷം പേർ പങ്കെടുക്കുന്ന പ്രകടനം നടക്കും. സമാപന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.