Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വഴിയൊരുങ്ങാം, ചർച്ചയ്ക്കും സാവകാശത്തിനും

Sabarimala

തിരുവനന്തപുരം ∙ സർവകക്ഷിയോഗം വിളിച്ചതിനു പുറമെ തന്ത്രികുടുംബം, പന്തളം കൊട്ടാരം പ്രതിനിധികൾ എന്നിവരുമായും സംസ്ഥാന സർക്കാർ ചർച്ചയ്ക്കു മുതിരുമെന്നു സൂചനയുണ്ട്. നാളത്തെ സർവകക്ഷിയോഗത്തിൽ പ്രതിപക്ഷ അഭിപ്രായം കൂടി കേട്ടശേഷം, വിധി നടപ്പാക്കാൻ‍ സർക്കാർ സാവകാശം തേടാനും സാധ്യത നിലനിൽക്കുന്നു. പ്രളയം പമ്പയെയും സന്നിധാനത്തെയും തകർത്ത പശ്ചാത്തലം കൂടി ചൂണ്ടിക്കാട്ടി യുവതികൾക്കു സൗകര്യമൊരുക്കുന്നതിനായി കൂടുതൽ സമയം ആവശ്യപ്പെടാനാകും.

മണ്ഡല മകരവിളക്കു തീർഥാടനത്തിനു 16നു വൈകിട്ടു നട തുറക്കാനിരിക്കെ, ഇക്കാര്യങ്ങളിൽ സർക്കാരിന് അതിവേഗം തീരുമാനത്തിലെത്തേണ്ടിവരും. സുപ്രീം കോടതി തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കാര്യത്തിൽ വ്യക്തതയ്ക്കാണു സർക്കാർ നിയമോപദേശം തേടുന്നത്. യുവതീപ്രവേശനം നടപ്പാക്കാൻ തുനിഞ്ഞാൽ രണ്ടുമാസത്തോളം നീളുന്ന മണ്ഡലകാലം പ്രയാസം നിറഞ്ഞതാകും. തുലാമാസപൂജയ്ക്കും ചിത്തിര ആട്ടവിശേഷത്തിനും ഒരുക്കിയ സുരക്ഷാക്രമീകരണങ്ങൾ കൊണ്ടുമാത്രം മണ്ഡലകാലത്തു സ്ഥിതി നിയന്ത്രിക്കാനാകില്ല. സന്നിധാനത്തു വലിയ തോതിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തുന്നതും പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ സമാധനപരമായ പ്രശ്നപരിഹാരമെന്ന പോംവഴിയാണു സർക്കാരിനു മുന്നിലുള്ളത്.

വിധി സ്റ്റേ ചെയ്യാത്തതിനാൽ നടപ്പാക്കാനുള്ള ബാധ്യത സർക്കാരിനുണ്ടെന്നും കോടതി തീരുമാനം നടപ്പാക്കുമെന്നുമുള്ള മന്ത്രിമാരായ എ.കെ. ബാലന്റെയും കടകംപള്ളി സുരേന്ദ്രന്റെയും വാക്കുകൾ സർക്കാരിന്റെയും പാർട്ടിയുടെയും നിലവിലെ നിലപാടാണു വ്യക്തമാക്കുന്നത്. എന്നാൽ വിശദ കൂടിയാലോചനകൾക്കും ചർച്ചകൾക്കുമുള്ള സാധ്യത തുറന്നുകിടക്കുന്നു.