Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ല; പുനഃപരിശോധനാ ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ

sabarimala

ന്യൂഡൽഹി ∙ ശബരിമലയിൽ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിയിൽ പുനഃപരിശോധന ആവശ്യപ്പെട്ടുള്ള ഹർജികൾ ജനുവരി 22ന് തുറന്ന കോടതിയിൽ പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനം. യുവതീപ്രവേശം അനുവദിച്ച വിധിക്ക് സ്റ്റേ ഇല്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് വ്യക്തമാക്കി. ജഡ്ജിമാരായ റോഹിന്റൻ നരിമാൻ, എ.എം.ഖാൻവിൽക്കർ, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് മൊത്തം 49 ഹർജികളാണ് ഇന്നലെ ചേംബറിൽ പരിഗണിച്ചത്. ഇവയിൽ 14 എണ്ണം പുനഃപരിശോധനാ ഹർജികളായി അംഗീകരിച്ചിരുന്നു. ബാക്കി 35 എണ്ണം പുനഃപരിശോധനാ ഹർജി നൽകാൻ അനുമതി ചോദിച്ചുള്ള അപേക്ഷകളായിരുന്നു. 

പുനഃപരിശോധനാ ഹർജികൾ ജഡ്ജിമാരുടെ ചേംബറിൽ പരിഗണിച്ചു തീരുമാനമെടുത്താൽ പോരാ, കോടതിയിൽ വാദം കേട്ട് തീർപ്പാക്കണമെന്ന് ഒട്ടുമിക്ക ഹർജിക്കാരും ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ മാത്രമാണ് ജഡ്ജിമാർ ഇന്നലെ തീരുമാനമെടുത്തത്. അതായത്, നിലവിലെ പുനഃപരിശോധനാ ഹർജികളും മറ്റ് അപേക്ഷകളും ജനുവരി 22ന് കോടതിയിൽ പരിഗണിക്കാം. 

യുവതീപ്രവേശ വിധി നടപ്പാക്കുന്നത് ആരാധനാ സ്വാതന്ത്ര്യത്തെയും ആചാരങ്ങളെയും ബാധിക്കുമെന്നാരോപിച്ചുള്ള 3 റിട്ട് ഹർജികൾ ചീഫ് ജസ്റ്റിസ്, ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം.ജോസഫ് എന്നിവരുടെ ബെഞ്ച് ഇന്നലെ രാവിലെ പരിഗണിച്ചു. പുനഃപരിശോധനാ ഹർജികൾ പരിഗണിക്കാനിരിക്കെ റിട്ട് ഹർജികളിൽ നിലപാടു പറയുന്നത് ഉചിതമാവില്ലെന്നും പുനഃപരിശോധനാ ഹർജികളിലെ ഉത്തരവിനുശേഷം അവ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഉത്തരവിന്റെ പൂർണരൂപം

sabarimala-supreme-court-order

‘പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിൽ കേൾക്കണമെന്ന അപേക്ഷകൾ അനുവദിക്കുന്നു. എല്ലാ പുനഃപരിശോധനാ ഹർജികളും എല്ലാ അപേക്ഷകളും തുറന്ന കോടതിയിൽ 2019 ജനുവരി 22ന് ഉചിതമായ ബെഞ്ച് കേൾക്കും. റിട്ട് ഹർജി (സിവിൽ) നമ്പർ 373 – 2006ൽ (ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും സ്റ്റേറ്റ് ഒാഫ് കേരളയും തമ്മിലുള്ളത്) 2018 സെപ്റ്റംബര്‍ 28ന് ഈ കോടതി നൽകിയ വിധിക്കും ഉത്തരവിനും സ്റ്റേ ഇല്ലെന്ന് ഞങ്ങൾ വ്യക്തമാക്കുന്നു.’

ഇന്നലെ സംഭവിച്ചതെന്ത്?

ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച ഭരണഘടനാ ബെഞ്ച് വിധി ചോദ്യം ചെയ്തുള്ള പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി ഇന്നലെ അനുവദിച്ചിട്ടില്ല. അനുവദിക്കണമോ എന്ന കാര്യം തുറന്ന കോടതിയിൽ പരിശോധിക്കാമെന്നാണ് ഇന്നലെ തീരുമാനിച്ചത്. അഞ്ചംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.

sabarimala-important-dates

ജനുവരി 22ന് എന്തു സംഭവിക്കും?

2019 ജനുവരി 22ന് കോടതി ഉന്നയിക്കാവുന്ന ചോദ്യം ഇതാണ്: സെപ്റ്റംബർ 28ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് പുറപ്പെടുവിച്ച വിധി എന്തിനു പുനഃപരിശോധിക്കണം? കാരണങ്ങൾ മാത്രം, പരിമിതമായ സമയത്തിനുള്ളിൽ അഭിഭാഷകർക്കോ കക്ഷികൾക്കോ വ്യക്തമാക്കാം. വിശദ വാദത്തിന് അവസരമുണ്ടാകില്ല. ഉന്നയിക്കുന്ന കാരണങ്ങൾ തൃപ്തികരമെന്ന് കോടതി വിലയിരുത്തിയാൽ പുനഃപരിശോധനാ ഹർജികൾ അനുവദിക്കും.

അനുവദിച്ചാൽ വീണ്ടും വാദം

പുനഃപരിശോധനാ ഹർജികൾ അനുവദിക്കാനാണ് ജനുവരി 22ന് തീരുമാനിക്കുന്നതെങ്കിൽ തുടർന്നുള്ള വാദത്തിനു കോടതി തീയതി നിശ്ചയിക്കും. കേസിൽ ആദ്യം മുതൽ വീണ്ടും വിശദമായി വാദം കേൾക്കും.

വിധി നിലനിൽക്കുന്നു: മുഖ്യമന്ത്രി

നേരത്തേയുള്ള ഉത്തരവ് സ്റ്റേ ചെയ്യുന്നില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തേ എന്താണോ സുപ്രീം കോടതി വിധിച്ചത്, ആ വിധി അതേപോലെ പ്രാബല്യത്തിൽ നിൽക്കുന്നു എന്നു വ്യക്തമാക്കിയാണ്, റിവ്യൂഹർജികൾ തുറന്ന കോടതിയിൽ കേൾക്കുമെന്നു പറഞ്ഞിരിക്കുന്നത്. 10–50 പ്രായത്തിലെ സ്ത്രീകൾക്കു ശബരിമലയിൽ പോകാമെന്നുള്ള സുപ്രീം കോടതിയുടെ നിലപാട് സ്റ്റേ ചെയ്യുന്നില്ല എന്നാണ് അതിനർഥം. മറ്റെന്തെങ്കിലും അർഥമുണ്ടോയെന്നു നിയമവിദഗ്ധരുമായി ആലോചിക്കും– മുഖ്യമന്ത്രി പറഞ്ഞു. 

അയ്യപ്പന്റെ അനുഗ്രഹം: തന്ത്രി കുടുംബം

സുപ്രീം കോടതി തീരുമാനം താൽകാലിക ആശ്വാസം പകരുന്നതെന്ന് തന്ത്രി കണ്ഠര് രാജീവര്. വാദത്തിനായി മാറ്റിയതു പ്രതീക്ഷ നൽകുന്നു. അയ്യപ്പന്റെ അനുഗ്രഹം. ഒരുപാടു പേരുടെ പ്രാർഥനയുണ്ട്. ശബരിമലയിൽ സമാധാനം വരും– രാജീവര് പറഞ്ഞു.  സത്യം വിജയിക്കും എന്നു തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. മുന്നോട്ടുള്ള നടപടികളിൽ പ്രതീക്ഷയുണ്ട്. എല്ലാ പ്രശ്നങ്ങളും ഭഗവാൻ തന്നെ മാറ്റിത്തരും; മണ്ഡലകാലം ഭംഗിയായി നടക്കും – മോഹനര് പറഞ്ഞു.

സർവകക്ഷി യോഗം നാളെ

ശബരിമല വിധി ചർച്ച ചെയ്യാൻ ഒടുവിൽ സർക്കാർ സർവകക്ഷിയോഗം വിളിച്ചു. നാളെ രാവിലെ 11 നു മുഖ്യമന്ത്രിയുടെ ചേംബറിലാണു യോഗം. നിയമസഭയിൽ പ്രാതിനിധ്യമുള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികളെ ക്ഷണിക്കും.  സാമുദായിക സംഘടനകളെയും പങ്കെടുപ്പിക്കണമെന്ന് ആവശ്യമുണ്ടെങ്കിലും അന്തിമതീരുമാനം ഇന്നേ ഉണ്ടാവൂ. ഇന്നലെ സുപ്രീം കോടതിയുടെ ഉത്തരവിനു പിന്നാലെയാണ്, സർവകക്ഷിയോഗം വേണ്ടെന്ന മുൻനിലപാട് സർക്കാർ തിരുത്തിയത്.