Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശ്രീധരൻ പിള്ളയ്ക്കെതിരെ കേസ് റദ്ദാക്കരുതെന്ന് സർക്കാർ കോടതിയിൽ

P.S. Sreedharan Pillai

കൊച്ചി∙ യുവമോർച്ച യോഗത്തിലെ പ്രസംഗത്തിന്റെ പേരിൽ ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയ്ക്കെതിരെ എടുത്ത കേസ് റദ്ദാക്കരുതെന്നു സർക്കാർ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. സുപ്രിം കോടതി വിധിയനുസരിച്ചുള്ള യുവതീപ്രവേശം തടയാനാണു ശ്രീധരൻപിള്ള ലക്ഷ്യമിട്ടത്. ശബരിമല തന്ത്രി വിളിച്ചപ്പോൾ തിരുമേനി ഒറ്റയ്ക്കല്ല, കോടതിയലക്ഷ്യമാവില്ല എന്നു പറഞ്ഞുവെന്നാണു വെളിപ്പെടുത്തൽ.

10–50 പ്രായക്കാരായ സ്ത്രീകളെ കൊണ്ടുപോകാതിരിക്കാൻ പരമാവധി പോരാട്ടം നടത്തണമെന്നു പ്രസംഗത്തിൽ പറയുന്നു. പ്രസംഗത്തിനു ശേഷം സന്നിധാനത്തു സ്ത്രീകളെ തടഞ്ഞ സംഭവമുണ്ടായി. 52 വയസുള്ള സ്ത്രീയെയും ബന്ധുവിനെയും തടഞ്ഞതിനുൾപ്പെടെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. പ്രസംഗത്തിലെ പരാമർശങ്ങൾക്കു കേസിലുൾപ്പെട്ട വകുപ്പുകൾ ബാധകമാവില്ലെന്നു ഹർജിഭാഗം വാദിച്ചു. പൊതുജനജീവിതത്തെ അസ്വസ്ഥമാക്കുന്നതോ, ആരെയെങ്കിലും കുറ്റകൃത്യത്തിനു പ്രേരിപ്പിക്കുന്നതോ ആയതൊന്നും പ്രസംഗത്തിലില്ല. പ്രതിഷേധം സമാധാനപരമായിരിക്കണമെന്നു പ്രസംഗത്തിൽ പറയുന്നതു മാധ്യമങ്ങൾ മറച്ചുവച്ചുവെന്നും ഹർജിയിൽ ആരോപിക്കുന്നു.