Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോടതി വിധി നടപ്പാക്കും; നാളെ മറ്റൊന്നാണെങ്കിലും: മുഖ്യമന്ത്രി

Pinarayi Vijayan

തിരുവനന്തപുരം∙ ശബരിമലയിൽ സർക്കാരിനു മറ്റു വഴിയില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സാവകാശ ഹർജി നൽകാനോ സുപ്രീം കോടതി വിധിയിൽ വെള്ളം ചേർക്കാനോ സർക്കാർ ഇല്ലെന്നും സർവകക്ഷി യോഗത്തിനു ശേഷം അദ്ദേഹം വ്യക്തമാക്കി. പുനഃപരിശോധനാ ഹർജി ജനുവരി 22നു തുറന്നകോടതി പരിഗണിക്കുമെന്നു തീരുമാനിച്ചപ്പോഴും വിധി നിലനിൽക്കുമെന്നാണു സുപ്രീം കോടതി വ്യക്തമാക്കിയത്.

ഇതനുസരിച്ചു 10–50 പ്രായക്കാരായ സ്ത്രീകൾക്കു ശബരിമല ദർശനം നടത്താൻ അവകാശമുണ്ട്. ആവശ്യമെങ്കിൽ അവർക്കായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്താം. യുവതികൾക്കായി പ്രത്യേക ദിവസങ്ങൾ നീക്കിവയ്ക്കാം. എല്ലാ ദിവസവും അവരെ പ്രവേശിപ്പിക്കേണ്ട. സർക്കാരിനു മുൻവിധിയുണ്ടെന്ന കോൺഗ്രസ്, ബിജെപി നേതാക്കളുടെ ആരോപണം ശരിയല്ല. കോടതി പറയുന്നതു നടപ്പാക്കുമെന്നാണു സർക്കാർ നിലപാട്. യുവതീപ്രവേശം വിലക്കിയ1991 ലെ ഹൈക്കോടതി വിധിക്കു ശേഷം വന്ന 3 ഇടതു സർക്കാരുകളും അതു നടപ്പാക്കുകയാണു ചെയ്തത്. ആ വിധിക്കെതിരെ അപ്പീൽ പോകാനും മാറ്റം വരുത്താനും ഇടതുപക്ഷം ശ്രമിച്ചില്ല. ഇപ്പോഴും സുപ്രീം കോടതി വിധി നടപ്പാക്കുന്നു. നാളെ കോടതി മറ്റൊന്നാണു പറയുന്നതെങ്കിൽ അതും നടപ്പാക്കും. മൗലികാവകാശം ലംഘിക്കാനാവില്ല.

മൗലികാവകാശത്തിനു മുകളിലാണു വിശ്വാസം എന്ന നിലപാട് സർക്കാരിനു സ്വീകരിക്കാൻ സാധിക്കില്ല. യുഡിഎഫിനും ബിജെപിക്കും നല്ലബുദ്ധി ഉദിക്കുമെന്നു പ്രതീക്ഷിക്കുന്നു. വിശ്വാസികൾക്കു സർക്കാർ സംരക്ഷണം നൽകും. സർക്കാർ വിശ്വാസികൾക്കൊപ്പമാണ്. കൂടുതൽ യശസ്സോടെ ശബരിമല ഉയർന്നു വരണമെന്ന ലക്ഷ്യത്തോടെ അവിടെ ക്രമീകരണം ഉണ്ടാക്കുന്നുണ്ട്. സംഘർഷം ഉണ്ടാകരുതെന്നാണ് സർക്കാരിന്റെ ആഗ്രഹം. എങ്ങനെയെങ്കിലും യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന് എൽഡിഎഫിന് വാശിയുണ്ടായിരുന്നുവെന്ന് ആർക്കും പറയാൻ കഴിയില്ല. 4 സ്ത്രീകളെ കിട്ടാത്ത മുന്നണിയാണോ എൽഡിഎഫ്?

സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാൻ എൽഡിഎഫോ സർക്കാരോ ഒന്നും ചെയ്തിട്ടില്ല. എന്നാൽ, വിശ്വാസത്തിന്റെ ഭാഗമായി പോകുന്നവർക്കു സംരംക്ഷണം നൽകേണ്ടത് സർക്കാരിന്റെ ഭരണഘടനാ ബാധ്യതയാണ് - മുഖ്യമന്ത്രി പറഞ്ഞു. തൃപ്തി ദേശായി എത്തുന്നതിനെക്കുറിച്ചു ചോദിച്ചപ്പോൾ അത് ആരാണെന്നും അവർ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ടോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുചോദ്യം. സർവകക്ഷി യോഗം നേരത്തേ വിളിക്കണമായിരുന്നു എന്ന പ്രതിപക്ഷ അഭിപ്രായം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ നേരത്തേ ഇറങ്ങിപ്പോകാനായിരിക്കും എന്നായിരുന്നു മറുപടി.